പത്തനംതിട്ട: സ്വകാര്യ ആവശ്യത്തിനെന്ന് പറഞ്ഞ് ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുക്കുകയും പണം വേണ്ടപ്പോൾ അത് പണയം വയ്ക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ.

കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ ഷാജഹാൻ (40) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.കൊല്ലത്തു നിന്നും ആറന്മുളയിലെത്തി വർഷങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു. വിവിധ സ്ഥലങ്ങളിൽ താമസിച്ച് കാററ്റിങ് സർവീസും ഇൻസ്റ്റാൾമെന്റിൽ സാധനങ്ങളുടെ കച്ചവടവും നടത്തി വരികയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായിട്ടാണ്
പരിചയക്കാരിൽ നിന്നും വാഹനം വാടകയ്ക്ക് എടുത്തിരുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് വാഹനങ്ങൾ പണയപ്പെടുത്തി പണം വാങ്ങിയത്. ഇത്തരത്തിൽ ആഡംബര വാഹനം ഉൾപ്പടെ അഞ്ചെണ്ണം പണയപ്പെടുത്തിയതായി ആറന്മുള പൊലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ഡിവൈ.എസ്‌പി കെ. സജീവിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സികെ മനോജ്, എസ്ഐമാരായ രാകേഷ് കുമാർ, അനിരുദ്ധൻ, എഎസ്ഐമാരായ സജീഫ് ഖാൻ, വിനോദ് പി. മധു, സി.പി.ഓമാരായ രാകേഷ്, ജോബിൻ, സുജ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.