കണ്ണൂർ: കണ്ണൂർ സിറ്റിയിൽ വീട്ടുകാർ വീട് പൂട്ടിപ്പോയി മണിക്കൂറുകൾക്കകം വീടിന്റെ വാതിൽ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ സിറ്റിപൊലീസ് സ്റ്റേഷൻ പരിധിയിലെ അണ്ടത്തോടുള്ള സി.പി.നസീമയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വാതിൽ തകർത്ത് കവർച്ച നടന്നത്.

കിടപ്പ്മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആറുപവൻ ആഭരണങ്ങളും 20,000 രൂപയുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. രണ്ടുദിവസം മുൻപേ പുലർച്ചെ ഒന്നര മണിയോടെ വീടുപൂട്ടി നസീമ കൊല്ലത്തുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. പതിനൊന്നര മണിയോടെ കണ്ണൂർ കോട്ടയ്ക്ക് താഴെ താമസിക്കുന്ന സഹോദരൻ മുഹമ്മദ് നവാസ് അതുവഴി ബൈക്കിൽ പോകവെയാണ് വാതിൽ അൽപം തുറന്ന നിലയിൽ കാണുന്നത്.

തുടർന്ന് നസീമയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞ ശേഷം വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് വ്യക്തമായത്. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനു മുൻപെ കഴിഞ്ഞ ദിവസംപയ്യന്നൂരിലും വീട്ടുകാർ വീടുപൂട്ടിയിട്ട് പുറത്തുപോയി ഒരു മണിക്കൂറിനുള്ളിൽ മോഷണം നടന്നിരുന്നു. ആറുമാസം മുൻപ് കണ്ണൂർ നഗരത്തിലെ താണയിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികളെയും തോട്ടടയിൽ വീടുകുത്തിതുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെയും പിടികൂടാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. രണ്ടുമാസത്തിനുള്ളിൽ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും മോഷണ പരമ്പരകൾ നടന്നിരുന്നു. മട്ടന്നൂർ മേഖലയിൽ നിരവധി ക്ഷേത്ര കവർച്ചകളും നടന്നിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ ഒരേ സംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.