പത്തനംതിട്ട: ഭർത്താവിന് മദ്യപിക്കാൻ ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് ഫർണിച്ചർ കടയിലെ ജീവനക്കാരനെ മർദിക്കാൻ വീട്ടമ്മയുടെ നേരിട്ടുള്ള ക്വട്ടേഷൻ. വീട്ടമ്മയുടെ സാന്നിധ്യത്തിൽ ജീവനക്കാരനെ മർദിച്ച പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വീട്ടമ്മയും ഭർത്താവും ഒളിവിൽ.

വാര്യാപുരത്ത് പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിലെ ജീവനക്കാരൻ ഇലന്തൂർ സ്വദേശി സുദർശനനെ(57) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നാലു യുവാക്കളെ പൊലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇലന്തൂർ ചായപുന്നക്കൽ രാഹുൽ കൃഷ്ണൻ, നൂർ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോൺ ജോസഫ്, ശ്രീകൃഷ്ണപുരം വീട്ടിൽ ശിവവരദൻ എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഫർണിച്ചർ കടയോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടൽ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷൻ സംഘങ്ങളെ അയച്ചത്. ഇവരും ഭർത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപത്തുള്ള നാട്ടുകാരോട് തങ്ങൾ ഫർണിച്ചർ കടയിലെ ജീവനക്കാരൻ സുദർശനനെ കൈകാര്യം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു.

വീട്ടമ്മ ഈ കേസിൽ ഒന്നാം പ്രതിയും ഭർത്താവ് രണ്ടാം പ്രതിയുമാണ്്. ഇവർ ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങളുമായി എത്തി ഫർണിച്ചർ കടയിൽ നിർമ്മാണ ജോലികൾ നടക്കുന്നിടത്ത് വച്ചാണ് സുദർശനനെ മർദിച്ചത്. വീട്ടമ്മയുടെ ഹോട്ടലിൽ വരുന്ന ഭർത്താവ് ഫർണിച്ചർ കടയുടെ വർക്ക് ഷോപ്പിൽ പോയി ജീവനക്കാരുമായി മദ്യപിക്കുന്നത് പതിവായിരുന്നു. രണ്ടാഴ്ച മുൻപ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സുദർശനനെ വീട്ടമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തിരുന്നവത്രേ.

തുടർന്ന് ഇവർ സുദർശനൻ തന്നെ മർദിച്ചുവെന്ന് കാട്ടി വനിതാ സെല്ലിൽ പരാതി നൽകി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഈ രീതിയിൽ മുൻവൈരാഗ്യം വീട്ടമ്മയ്ക്ക് സുദർശനനോട് ഉണ്ടായിരുന്നു. വളരെ ചെറിയ തുകയ്ക്കാണ് വീട്ടമ്മ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച പൊലീസ് ഇന്ന് രാവിലെയാണ് പ്രതികളെ പൊക്കിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ ജോൺ, സബ് ഇൻസ്പെക്ടർമാരായ വിഷ്ണു, ഷൈജു, സിപിഓ രതീഷ്, ഷാനവാസ് സനൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.