പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും പരാതി കൊടുത്തതറിഞ്ഞ് നാടുവിടുകയും ചെയ്ത പ്രതിയെ അടൂർ പൊലീസ് സമർഥമായി കുടുക്കി. പന്തളം കടയ്ക്കാട് മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർ അൻസാരി(48)യെയാണ് അറസ്റ്റ് ചെയ്തത്.

മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനവിവരം പെൺകുട്ടി അറിയിച്ചതനുസരിച്ച് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. ഇക്കാര്യം അറിഞ്ഞ അൻസാരി ഒളിവിൽ പോയി. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതും അന്വേഷണത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. പ്രതിയുടെ നീക്കം തിരിച്ചറിയാൻ കഴിയാതെ പൊലീസ് വലഞ്ഞു. തുടർന്ന്, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷണം നീണ്ടു. അങ്ങനെയാണ് ശാസ്താംകോട്ട ഭരണിക്കാവിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാലത്തെത്തി ഇയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തു.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ മെഡിക്കൽ പരിശോധന നടത്തിയശേഷം സ്റ്റേഷനിലെത്തിച്ച് നടപടികൾ സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ കൊടുമൺ സബ് ഇൻസ്പെക്ടർ മനീഷ്.എം , അടൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, ജോബിൻ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.