മല്ലപ്പള്ളി: നിയമപരമായി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത് പ്രചരിപ്പിച്ചുവെന്ന കേസിൽ മലപ്പുറം സ്വദേശിയെ കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ സുനിൽ കുമാറിനെ (42)യാണ് കീഴ്‌വായ്പൂർ എസ്എച്ച്ഓ വിപിൻ ഗോപിനാഥ് അറസ്റ്റ് ചെയ്തത്.

വിവാഹ നാടകം നടത്തിയതിന് ശേഷം ബലാൽസംഗം ചെയ്ത് വഞ്ചനയിലൂടെ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന എഴുമറ്റൂർ സ്വദേശിനി(40)യുടെ പരാതിയിലാണ് അറസ്റ്റ്. യുവതി വിദേശത്ത് ജോലി ചെയ്യുകയാണ്. 2020 ഫെബ്രുവരി 24 ന് അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. അതിന് ശേഷം പലയിടങ്ങളിൽ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ചും പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ ഓൺലൈനിലും ഫേസ്‌ബുക് പേജിലും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടന്നത്.

ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി മലപ്പുറത്തെ വീട്ടിൽ നിന്നും ഇന്നലെ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. വീട്ടിൽ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു. .വിശദമായ ചോദ്യം ചെയ്യലിനും വിദേശത്തുള്ള യുവതിയെ വീഡിയോ കാളിലൂടെ പ്രതിയെ കാണിച്ചു തിരിച്ചറിഞ്ഞതിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉപയോഗിച്ച ഫോണും കൃത്യസമയത്ത് ധരിച്ച വസ്ത്രങ്ങളും നശിപ്പിച്ചതായാണ് ഇയാൾ പറഞ്ഞത്.വിശദമായ അന്വേഷണം പൊലീസ് തുടരുകയാണ്. പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് സി പി ഒ ജൂബി തമ്പി, സി പി ഓമാരായ ഷെറിൻ ഫിലിപ്പ്, വരുൺ കൃഷ്ണൻ എന്നിവരുണ്ടായിരുന്നു.