കുമ്പനാട് : മലവെള്ളം പോലെയാണ് കാശൊഴുക്കുക. വലിയ നേട്ടമുണ്ടാക്കുന്നവരും, ലാഭമില്ലെങ്കിലും, നഷ്ടമില്ലെന്നും പറയുന്നവരും ഒക്കെ കാണും. പണം വെച്ച് ചീട്ടുകളിയാണ് സംഭവം. റമ്മികളി തന്നെയാണ് ഭ്രാന്ത്. ഇങ്ങനെ ഭ്രാന്ത് കയറിയവരിൽ പൊലീസ് ഏമാന്മാരും ഉണ്ട്. കുമ്പനാട് നാഷണൽ ക്ലബ്ബിൽ റെയ്ഡ് നടത്തിയ എസ്‌പിയുടെ സംഘം അവിടെ ഇരുന്നു ചീട്ട് കളിക്കുന്ന ഏമാന്മാരെ കണ്ട് ഞെട്ടി. സല്യൂട്ട് കൊടുക്കുന്നതിന് പകരം ഏമാന്മാരെ അകത്തിടാൻ ഒരുങ്ങുമ്പോഴേക്കും ഒരുഇഷ്ടൻ ഇറങ്ങിയോടി. ഓടിയവനെ കൂടി പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്.

സംഗതി ചെറിയ തുകയൊന്നുമല്ല, ക്ലബിൽ വീശുന്നതെന്ന് പൊലീസിന് ബോധ്യമായി. 10 ലക്ഷത്തി 23000 രൂപയാണ് പിടിച്ചെടുത്തത്. പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇന്ന് വൈകുന്നേരം നാലരയോടെ എസ്‌പി യുടെ പ്രത്യേക സംഘവും കോയിപ്രം സിഐ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഒന്നിച്ചായിരുന്നു പരിശോധന

ക്ലബിൽ നിന്ന് 8 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ പാലക്കാട് ജോലി ചെയ്യുന്ന കൊല്ലം തെക്കുംഭാഗം സ്വദേശിയായ അരുൺ എന്ന സിവിൽ പൊലീസ് ഓഫീസറാണ്. ക്ലബ്ബിലുണ്ടായിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അനിൽ എസ്.കെ, എസ്‌പിയുടെ സംഘത്തെ കണ്ട് ഇറങ്ങി ഓടി. ഇയാളെ പ്രതിയാക്കി കേസെടുത്തതിന് പുറമേ എസ്‌പിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

റാന്നിയിൽ പൊലീസുകാരനെ കയ്യേറ്റം ചെയ്ത കേസിൽ അച്ചടക്ക നടപടി നേരിട്ട് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റം കിട്ടിയ ഉദ്യോഗസ്ഥനാണ് അനിൽ എസ്.കെ. ഇയാൾക്കെതിരെ, ഇതേ ക്ലബിൽ മുമ്പ് ചീട്ട് കളിക്കാൻ പോയതിന്റെ പേരിൽ വകുപ്പ്തല നടപടിയും അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഓടി പോയ കണ്ടാലറിയാവുന്ന പ്രതികളുടെ കൂട്ടത്തിലാണ് ഗ്രേഡ് എസ്‌ഐയും ഉള്ളത്. വേറെ രണ്ടുപേർക്കെതിരെയും കേസെടുത്തു. അറസ്റ്റിലായ മറ്റുള്ളവർ ക്ലബ്ബിലെ അംഗങ്ങളാണെന്നാണ് വിവരം.

പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി വിദ്യാധരന്റെ നേതൃത്വത്തിൽ, എസ്‌പിയുടെ ഷാഡോ പൊലീസ്( ഡാൻസാഫ്) ആണ് പ്രതികളെ പിടികൂടിയത്. പഴുതുകൾ അടച്ചുകൊണ്ടായിരുന്നു എസ്‌പിയുടെ ഓപ്പറേഷൻ. പരിശോധനാ സമയം മുഴുവൻ എസ്‌പി വീഡിയോ കോളിലൂടെ നടപടികൾ നിരീക്ഷിച്ചിരുന്നു. മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.