പത്തനംതിട്ട: കഴിഞ്ഞ ദിവസം പിസ്റ്റളുമായി പിടികൂടിയ കൊലക്കേസ് പ്രതി നൗഫൽ ചില്ലറക്കാരനല്ലെന്ന് പൊലീസ്. തമിഴ്‌നാട്ടിൽ ഇരട്ടക്കൊലപാതകം അടക്കം നടത്തിയ ഈ 31 കാരന്റെ ചരിത്രം ഞെട്ടിക്കുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ നൗഫലിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എസ്‌പിയുടെ ഡാൻസാഫ് ടീം വെട്ടിപ്രം-തൈക്കാവ് റോഡിലെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്.

തുടർന്ന് രാത്രി മുഴുവൻ എസ്‌പിയും അഡിഷണൽ എസ്‌പി ബിജി ജോർജ്, ഡിവൈ.എസ്‌പിമാരായ എസ്. വിദ്യാധരൻ, കെഎ വിദ്യാധരൻ, എസ്. നന്ദകുമാർ എന്നിവരും ചേർന്ന് ചോദ്യം ചെയ്തു. അപ്പോഴാണ് പല വിവരങ്ങളും പുറത്തായത്.

തമിഴ്‌നാട്ടിൽ ഒരു കൊലപാതക കേസിൽ പ്രതിയെന്നാണ് പിടിയിലായപ്പോൾ നൗഫൽ പറഞ്ഞിരുന്നത്. അത് ഇരട്ടക്കൊലപ്പാതകമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വിശദമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ ഭാഗമായി ഒരുവീട്ടിലെ രണ്ടുപേരെ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. 2015 ഓഗസ്റ്റ് 23 രാത്രിയാണ് സംഭവം. വെട്ടിയാണ് കൊന്നത്. സ്വർണപ്പണയത്തിന്മേൽ പണം കടം കൊടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും മാനേജരെയും വകവരുത്താനായിരുന്നു ക്വട്ടേഷൻ.

സ്ഥാപന ഉടമയുടെ വീട്ടിൽ ചെല്ലുമ്പോൾ ആദ്യം ഇറങ്ങിവന്നത് ഒരു സ്ത്രീയായിരുന്നു. ഉടമസ്ഥൻ എവിടെയെന്നു ചോദിച്ചുകൊണ്ട് വീട്ടിനുള്ളിൽ കയറിയ ഒമ്പതംഗ സംഘത്തിലെ മൂന്നുപേർ, അവരുടെ വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്നു സ്ഥാപന ഉടമയെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. ഇരുവരും മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം സ്വർണ ആഭരണങ്ങളും പണവും കവർന്നെടുത്തു. കേസിൽ അഞ്ചാം പ്രതിയായിരുന്നു നൗഫൽ എന്നാണ് പറയുന്നത്. എന്നാൽ വീട്ടിനുള്ളിൽ കടന്ന് കൊല നടത്തിയ മൂവരിൽ ഒരാൾ നൗഫൽ ആയിരുന്നെന്നു വെളിവായിട്ടുണ്ട്. ഇതിൽ ഒന്നേകാൽ ലക്ഷം രൂപ മാത്രമാണ് തനിക്ക് കിട്ടിയതെന്ന് ഇയാൾ വെളിപ്പെടുത്തി. എല്ലാ പ്രതികളെയും തമിഴ്‌നാട് പൊലീസ് അന്വേഷണ സംഘം പിടികൂടുകയുണ്ടായി. കൊല്ലപ്പെട്ട വീട്ടുടമസ്ഥന്റെ കിടപ്പുമുറിയുടെ മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘത്തിന്റെ കണ്ണിൽ പെട്ടില്ല.

കുറെയേറെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും കഞ്ചാവ് കടത്തുന്നതിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇന്നലെ പിടികൂടുമ്പോൾ ഇരുതലയുള്ള സ്റ്റീലിൽ നിർമ്മിച്ച പ്രത്യേകതരം കത്തി ഉൾപ്പെടെ നിരവധി മാരകയുധങ്ങളാണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും കണ്ടെടുത്തത്. അമർത്തിയാൽ നിവരുന്ന തരത്തിലുള്ളതാണ് കത്തി. വീട്ടുടമസ്ഥന്റെ കൈയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാങ്ങിയ ഡാൻസാഫ് സംഘം നാലു പൊലീസുദ്യോഗസ്ഥരെ വീട്ടിനുള്ളിൽ കയറ്റിവിട്ട ശേഷം ബാക്കിയുള്ളവർ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പുറത്ത് കാത്തുനിന്നു. അവിടെയായി പൊലീസ് സംഘം വലവിരിച്ചു കാത്തുനിന്നു. ഓട്ടോറിക്ഷയിൽ വീടിന് സമീപം വന്നിറങ്ങിയ ഇയാളെ കാത്തുനിന്ന പൊലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു.

പ്രതി പുതിയ ക്വട്ടേഷനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അതിനായാണ് ഇവിടെ ഇയാൾ വാടകയ്ക്ക് കഴിഞ്ഞുവന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീട്ടിലാണ് ഒരു വർഷമായി താമസിക്കുന്നത്. തമിഴ്‌നാടുള്ള സംഘത്തിലെ അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോൺ കാളുകളുടെ വിശദാംശങ്ങൾ ശേഖരിച്ചു.

കോടതിയിൽ വിവിധ കേസുകളിൽ ഹാജരാകുന്നതിനും കഞ്ചാവ് കടത്തുന്നതിനും ഇയാൾ നാട്ടിലെത്താറുണ്ട്. കൊലപാതക സംഘത്തിലെ ഒരു പ്രതിയുടെ വിവാഹം രണ്ടുമാസം മുമ്പ് നടന്നുവെന്നും ചടങ്ങിൽ പങ്കെടുത്തില്ലെന്നും പ്രതി പറഞ്ഞു. തമിഴനാട്ടിൽ ദമ്പതികളെ വെട്ടിയാണ്
കൊന്നത് എന്നാണ് ഇയാൾ എല്ലാരോടും പറഞ്ഞ് ഭയപ്പെടുത്തിയിരുന്നത്. അതിന് രണ്ട് കാരണങ്ങളും ചൂണ്ടിക്കാട്ടി. അതായത് വായിൽ തുണി തിരുകി കൊലപ്പെടുത്തുന്നതിലെ 'നിസാരഭാവം' ആളുകയിൽ ഭീതി ജനിപ്പിക്കില്ലെന്നും വെട്ടിക്കൊല എന്ന് പറയുന്നതാണ് 'ഗൗരവം' വർധിപ്പിക്കുന്നതെന്നും ഇയാൾ വിശദീകരിക്കുന്നു.

ഇയാൾ വാടകവീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഒരു ജിംനേഷ്യത്തിന്റെ ഭാവഹാവാദികൾ കാണാൻ കഴിയും ഇവിടെ. വർക്ക് ഔട്ടുകൾ ചെയ്യാനുള്ള എല്ലാ ഉപകരണങ്ങളുമുണ്ട്. വിലപിടിപ്പുള്ള സാധനങ്ങൾ നിരവധിയാണ്. 3000 രൂപ വിലവരുന്ന ജീൻസുകൾ ഇരുപതിലധികമാണുള്ളത്. ഇഷ്ടം പോലെ മുന്തിയ ഇനം ഷൂസുകൾ, ഗ്ലൗസുകൾ എന്നിവയും സുലഭം. ആഡംബര ജീവിതം നയിക്കുന്ന ' ന്യൂജൻ കുറ്റവാളി,', ഏറ്റവും ആകർഷകമായി വസ്ത്രം ധരിച്ചാണ് നടക്കുക. വിലകൂടിയ രണ്ട് പോഷ് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ഒന്നിന് രണ്ടര ലക്ഷം രൂപ വിലവരുന്നതാണ്.

ഒരുപാട് ആയുധങ്ങളാണ് മുറിയിൽ കൂട്ടിയിട്ടിരുന്നത്. കത്തികൾ തന്നെ പല തരമുണ്ട്. ഇപ്പോൾ താമസത്തിനു വന്നിട്ട് ഒരു മാസമേയായുള്ളൂ എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തമിഴ്‌നാട്ടിൽ രണ്ടുദിവസം മുമ്പ് പോയിരുന്നെന്നും വെളിപ്പെടുത്തി. ആനപ്പാറയിലെ സ്വന്തം വീട്ടിൽ അമ്മയും സഹോദരിയും അനുജനും താമസിക്കുന്നു. അച്ഛൻ ഉപേക്ഷിച്ചുപോയതാണ്, കൊല്ലത്ത് എവിടെയോ വേറെ വിവാഹം കഴിച്ചു താമസിക്കുകയാണ്. രണ്ടാനച്ഛൻ തമിഴ്‌നാട് സ്വദേശിയാണ്. ഈവീട് വാടകയ്ക്ക് എടുത്തിട്ട് ഒരു വർഷമേ ആയുള്ളൂ.

കൊലക്കേസിൽ പ്രതിയായിക്കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതായും കഞ്ചാവ് കടത്തിയതിന് 2019 ൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടിച്ചതായും ജാമ്യത്തിൽ ഇറങ്ങിയശേഷം പിടിയിലായിട്ടില്ലെന്നും പ്രതി സമ്മതിച്ചു. ഒരു വർഷം മുമ്പ് വരെ ലോഡ്ജുകളിൽ ആണ് താമസിച്ചതെന്നും കഞ്ചാവ് കടത്തലിൽ ഏർപ്പെട്ടുവരികയാണെന്നും ഇയാളുടെ വെളിപ്പെടുത്തലിലുണ്ട്. കസ്റ്റഡിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ, എസ് ഐ അനൂപ് ചന്ദ്രൻ എന്നിവരും നടപടികളിൽ പങ്കാളികളായി.