- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവ്; വിരൽ മുറിഞ്ഞ് രക്തം വന്നപ്പോൾ തിരക്കാത്തതിൽ പ്രകോപിതനായി; വടശ്ശേരിക്കരയിൽ അമ്മയെയും അനുജത്തിയെയും ക്രൂരമായി മർദ്ദിച്ച യുവാവ് റിമാൻഡിൽ
പത്തനംതിട്ട: തന്റെ വിരൽ മുറിഞ്ഞതിനെപ്പറ്റി തിരക്കിയില്ല എന്ന് ആരോപിച്ച് അമ്മയെയും അനുജത്തിയെയും ക്രൂരമായി മർദ്ദിച്ച യുവാവ് റിമാൻഡിൽ. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നയാളാണ്. വടശ്ശേരിക്കര പേഴുംപാറ വാഴപ്പിള്ളേത്ത് വീട്ടിൽ തോമസ് വർഗീസിന്റെ മകൻ ബിബിൻ തോമസ് (38) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് 7.30 ന് വീട്ടിലാണ് സംഭവം. എന്നും മദ്യപിച്ചെത്തുന്ന മകനെ അമ്മ റോസമ്മ തോമസ്(65) വഴക്കുപറയാറുണ്ട്. പ്രകോപിതനാവുന്ന യുവാവ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും, പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുക പതിവാണ്. സംഭവദിവസം ഇയാൾ വിരൽ മുറിഞ്ഞു ചോരയൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. മാതാവ് ഇതെപ്പറ്റി തിരക്കിയില്ല എന്ന വിരോധത്താൽ ചീത്തവിളിച്ചുകൊണ്ട് കഴുത്തിനു കുത്തിപ്പിടിക്കുകയും, ചെവിചേർത്ത് ചെള്ളയ്ക്കടിക്കുകയും ചെയ്തു. കാതിലൂടെ രക്തം വാർന്നും, ശ്വാസം കിട്ടാതെയും മരണവെപ്രാളത്തോടെ കുതറിയ റോസമ്മയെ, അനുജത്തിയും അമ്മയും ചേർന്ന് മകന്റെ മർദ്ദനത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.
ഇതിൽ കുപിതനായ യുവാവ്, അനുജത്തിയുടെ ചെള്ളയ്ക്കും തോളിലും അടിച്ചു. കൂടാതെ അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. വല്യമ്മയെ തള്ളി താഴെയിടുകയും കൈമുട്ടുകൊണ്ട് റോസമ്മയുടെ നെഞ്ചിൽ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് സിറ്റൗട്ടിന്റെ ഗേറ്റ് ഇളക്കി എടുത്തുകൊണ്ടുപോകുകയും ചെയ്തു എന്നാണ് കേസ്. അടുത്തദിവസം പെരുനാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ റോസമ്മയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മനഃപൂർവമല്ലാത്ത നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബുധനാഴ്ച്ച ഇയാളെ പേഴുംപാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ രാജിവ്, എസ് ഐ രവീന്ദ്രൻ നായർ, എ എസ് ഐ റെജി തോമസ്, എസ് സി പി ഓ ജിജു ജോൺ, സി പി ഓ ജോമോൻ, പ്രജിത് എന്നിവരുടെ സംഘമാണ് നടപടികൾ കൈകൊണ്ടത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്