- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം വിളിച്ച് കൂളായി സ്കൂളിലെത്തി ഇരുമ്പ് ഗേറ്റും സ്റ്റെയറും കൊണ്ടു പോകാൻ ശ്രമം; സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിച്ചു; ഓടി രക്ഷപ്പെട്ട കള്ളനെ ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പൊക്കി
പത്തനംതിട്ട: വാഹനവും വിളിച്ച് സിനിമാ സ്റ്റൈൽ മോഷണത്തിന് ഇറങ്ങുകയും സംശയം തോന്നി ഡ്രൈവർ പൊലീസിൽ അറിയിച്ചപ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്ത മോഷ്ടാവിനെ ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പൊക്കി. കലഞ്ഞൂർ കഞ്ചോട് പുത്തൻ വീട്ടിൽ അനൂപി(20)നെ യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എനാദിമംഗലം മാരൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഇളക്കി വച്ച ലക്ഷങ്ങൾ വിലവരുന്ന ഇരുമ്പ് ഗേറ്റും ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്ക് കയറാൻ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറുമാണ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ 30 നാണ് പത്തനാപുരത്ത് നിന്നും വാഹനം വാടകയ്ക്ക് വിളിച്ച് ഇയാൾ സ്‌കൂളിലെത്തിയത്.
ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ സംശയം തോന്നിയ ഡ്രൈവർ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. പിതാവ് കരാറുകാരൻ ആണെന്നും സ്‌കൂളിലെ പണികൾക്ക് ശേഷം ബാക്കിവന്ന വസ്തുക്കൾ മാറ്റാൻ വന്നതെന്നും പറഞ്ഞാണ് വാഹനം വിളിച്ചു കൊണ്ടു വന്നത്. ഡ്രൈവർ അറിയിച്ചപ്രകാരം ആളുകൾ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചെങ്കിലും ഉടനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടൽ, പത്തനാപുരം പൊലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ഡിവൈ.എസ്‌പി. ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ വിപിൻ കുമാർ, കെ.എസ. ധന്യ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് ആർ. കുറുപ്പ്, എം. മനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്