- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രശ്നം: ലൈസൻസില്ലാത്ത കൈത്തോക്കുമായി വീടിന്റെ സിറ്റൗട്ടിൽ കയറി അഴിഞ്ഞാട്ടം; മധ്യസ്ഥത പറയാനെത്തിയ ഡോക്ടറെ മർദിച്ചു; രണ്ടംഗ സംഘം അറസ്റ്റിൽ
സീതത്തോട്: സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ ലൈസൻസില്ലാത്ത കൈത്തോക്കുമായി എത്തി ഒരു നാടിനെ മുഴുവൻ വിറപ്പിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. മധ്യസ്ഥത പറയാൻ എത്തിയ ഡോക്ടറെ പ്രതികൾ മർദിക്കുകയും ചെയ്തു.
ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തൻപുരക്കൽ ജെയ്സൺ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് ഗിരീഷ് കുമാർ (40) എന്നിവരെയാണ് മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഞായറാഴ്ച രാത്രി ഏഴിന് ആങ്ങമൂഴി കോട്ടമൺ പാറയിൽ കടുവാത്തറയിൽ ചന്ദ്രകുമാറിന്റെ വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു അക്രമി സംഘം അഴിഞ്ഞാടിയത്. മതിയായ രേഖകൾ കൈവശമില്ലാത്ത റിവോൾവർ ജെയ്സൺ ജോസഫിന്റെ കൈയിലാണ് സൂക്ഷിച്ചിരുന്നത്. ഗിരീഷ് കുമാറിനൊപ്പം എത്തി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ്രകുമാറുമായി സംസാരിക്കവേയാണ് പ്രശ്നമുണ്ടായത്. പ്രതികൾ മദ്യലഹരിയിലായിരുന്നു.
തുടർന്ന്, ചന്ദ്രകുമാറിന്റെ മകന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഡോക്ടറെ ഫോണിൽ വിളിച്ചുവരുത്തി. സംസാരം തുടർന്ന് വാക്കേറ്റമായി. പിന്നീട് ഉന്തും തള്ളും അസഭ്യവർഷവും നടത്തിയ പ്രതികൾ, ഡോക്ടറെ മർദ്ദിക്കുകയും ജയ്സൺ തോക്കു ചൂണ്ടുകയുമായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ്, ഇരുവരെയും പിടികൂടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് രാത്രി തന്നെ വൈദ്യപരിശോധന നടത്തിച്ച ശേഷം സ്റ്റേഷനിലെത്തിച്ചു. ജെയ്സന്റെ കയ്യിൽ നിന്നും റിവോൾവർ കസ്റ്റഡിയിൽ എടുത്തു. ചന്ദ്രകുമാറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, പ്രതികളെ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം സംഭവസ്ഥലത്തുനിന്നും രാത്രി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എച്ച്. വോഹ്റവച് സ്പോർട് വേഫൻ മെലിരിച് സ്ഥാഡ്റ്റ് എന്ന കമ്പനി നിർമ്മിതമാണ് റിവോൾവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ്ഐ കിരൺ, എസ്സിപിഓമാരായ മോഹനൻ പിള്ള, ബിനുലാൽ, സി പി ഓ വിജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്