അടൂർ: മോഷ്ടിച്ച് ബൈക്കുകളുമായി ആക്രിക്കടക്കാർക്ക് വിൽക്കാനെത്തിയ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രി വിൽപ്പനക്കാർക്ക് തോന്നിയ സംശയമാണ് പ്രതികളെ കുടുക്കിയത്. ഇതിൽ ഒരാൾക്ക് പതിനേഴു വയസ് മാത്രമാണുള്ളത്. കൊട്ടാരക്കര പുലമൺ രഞ്ജുഭവനിൽ രഞ്ജു(24), കൊട്ടാരക്കര പള്ളിക്കൽ സ്വദേശി (17) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പഴകുളത്തുള്ള ആക്രിക്കടയിലാണ് പ്രതികൾ വാഹനവുമായി വന്നത്. രഞ്ജു കൊണ്ടു വന്നത് കെഎൽ 24 എൽ 2514 ഡിസ്‌കവർ ബൈക്കും പതിനേഴുകാരൻ കൊണ്ടു വന്നത് കെഎൽ 24 ജി 6378 റോയൽ എൻഫീൽഡ് ബൈക്കുമാണ്. ആക്രിക്കടക്കാരന് സംശയം തോന്നി പൊലീസിൽ അറിയിച്ചു. സ്ഥലത്ത് വന്ന പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണ് എന്ന് വ്യക്തമായത്. റോയൽ എൻഫീൽഡ് കുണ്ടറയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ പറഞ്ഞു.

കസ്റ്റഡിയിൽ എടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർ വേറെയും വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ടോയെന്ന് പരിശോധി്ക്കും.