- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരിറ്റിക്ക് യൂട്ഊബർമാർ അക്കൗണ്ടിലേക്ക് പണം പിരിക്കുന്നത് തടയും; സോഷ്യൽ മീഡിയാ പിരിവിൽ ഇനി പൊലീസ് നിരീക്ഷണവും; അപൂർവ്വ രോഗങ്ങളുടെ ചികിൽസയ്ക്ക് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം; ഹൈക്കോടതി നിർദ്ദേശത്തിൽ പിണറായി സർക്കാരിന് അനുകൂല മനസ്സ്
കൊച്ചി: അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി ഫണ്ട് കണ്ടെത്താൻ സർക്കാർ നിയന്ത്രണത്തിൽ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം നിലവിൽ വരും. ഇത് സാധ്യമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിൽ സർക്കാർ ്അനുകൂല തീരുമാനം എടുത്തേക്കും. ക്രൗഡ് ഫണ്ടിംഗിന്റെ മറവിലെ തട്ടിപ്പുകൾ ഇല്ലായ്മ ചെയ്യാൻ കൂടിയാണ് ഇത്. സ്വകാര്യ വ്യക്തികളുടെ ഇടപെടലിന് തടയുക കൂടിയാകും ലക്ഷ്യം.
സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് കഴിഞ്ഞദിവസം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ച ഇമ്രാൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് സഹായംതേടി പിതാവ് ആരിഫ് ഫയൽ ചെയ്ത ഹർജിയാണ് നിർണ്ണായകമായത്. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഈ നിർദ്ദേശം മുമ്പോട്ട് വച്ചത്. ഇതിനോട് സർക്കാരിനും അനുകൂല തീരുമാനമാണുള്ളത്.
ചാരിറ്റി പ്രവർത്തനത്തിനു യൂട്ഊബർമാർ സ്വന്തം അക്കൗണ്ടിലേക്ക് പണം പിരിക്കുന്നത് തടയുന്ന തരത്തിൽ ഇടപെടൽ ഉണ്ടായേക്കും. സമൂഹ മാധ്യങ്ങളിലൂടെ ആർക്കും പണപ്പിരിവ് നടത്താമെന്ന അവസ്ഥ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ല. പിരിച്ച പണം സംബന്ധിച്ച് പിന്നീട് തർക്കങ്ങളും ഉണ്ടാകുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും കർശന നിരീക്ഷണവും ഇടപെടലും ഉണ്ടാകുന്ന തരത്തിൽ ക്രൗഡ് ഫണ്ടിങിന് പുതിയ പദ്ധതി സംസ്ഥാന സർക്കാർ മുമ്പോട്ട് വച്ചേക്കും.
അപൂർവ ജനിതകരോഗങ്ങൾ ബാധിച്ചവരുടെ ചികിത്സയ്ക്കായി രൂപവത്കരിച്ച പ്രത്യേക അക്കൗണ്ടിലേക്ക് സർക്കാർ വിഹിതമായ 50 ലക്ഷംപോലും കൈമാറിയിട്ടില്ല. നികുതിയിളവ് ലഭിക്കാത്തതിനാൽ സി.എസ്.ആർ. ഫണ്ട് നൽകാൻ കമ്പനികളും തയ്യാറല്ല. അതിനാലാണ് സർക്കാർ നിയന്ത്രണമുള്ള ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം എന്ന നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. ഇമ്രാനുവേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇനി എന്തുചെയ്യാനാകുമെന്നും കോടതി തിരക്കി.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ചികിത്സാ സഹായസമിതി ചെയർമാൻ മഞ്ഞളാംകുഴി അലി എംഎൽഎ.യെയും കേസിൽ കക്ഷിചേർത്തു. ഇമ്രാന്റെ മരണ സാഹചര്യത്തിൽ ഈ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കാം. ഇതിനെ പുതുതായി രൂപീകരിക്കുന്ന ക്രൗഡ് ഫണ്ടിംഗിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യും. കേന്ദ്രസർക്കാർ രൂപവത്കരിച്ച പദ്ധതിപ്രകാരമാണ് അപൂർവരോഗം ബാധിച്ചവരുടെ ചികിത്സ നടത്തുന്നത്.
മറ്റു സംസ്ഥാനങ്ങളിലടക്കം ഇതെങ്ങനെയാണു നടക്കുന്നത് എന്നടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാരിനോടു ഹൈക്കോടതി നിർദ്ദേശിച്ചു. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോമിനെ സംബന്ധിച്ച് സംസ്ഥാന സർക്കാരും റിപ്പോർട്ട് നൽകണം. ഹർജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. അന്ന് അനുകൂല മനസ്സ് സംസ്ഥാന സർക്കാർ അറിയിക്കും.
നേരത്തെ ചികിത്സാ ആവശ്യത്തിനും മറ്റുമായി സമൂഹ മാധ്യമങ്ങളിലുടെയും മറ്റും നടക്കുന്ന പണപ്പിരിവുകളിലും മറ്റും സർക്കാർ നിയന്ത്രണം ഉണ്ടാവണമെന്നു ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. പണത്തിന്റെ ഉറവിടം അടക്കം അധികൃതർ പരിശോധിക്കണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ നിർദ്ദേശിച്ചു. ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നിയന്ത്രണം വേണമെന്നും പണം എവിടെ നിന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സമഗ്രമായ നയം രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ക്രൗഡ് ഫണ്ടിങ്ങിന് എതിരല്ല എന്ന് വ്യക്തമാക്കിയ കോടതി സദുദ്ദേശ്യത്തോടെ പണം നൽകുന്നവർ വഞ്ചിക്കപ്പെടാൻ പാടില്ലെന്നും സത്യസന്ധമായ ഉറവിടങ്ങളിൽ നിന്ന് അർഹരായവർക്ക് പണം ലഭിക്കുന്നത് തടയാൻ പാടില്ലെന്നും പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ