എറണാകുളം: കോൺഗ്രസിന് പുതുജീവൻ പകരാൻ പുതിയതായി ആരംഭിച്ച കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾക്ക് നേതൃത്വം നൽകാനെത്തുന്നത് യുവരക്തങ്ങൾ. യുവാക്കൾക്കും പെൺകുട്ടികൾക്കും കൂടുതൽ പ്രാധാന്യം നൽകിയാണ് സിയുസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത്. വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 121-ാം ബൂത്തിൽ സിറ്റിസൺ റോഡ് യൂണിറ്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദേവിക രാജിന് 15 വയസാണുള്ളത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിയുസി പ്രസിഡന്റായ ദേവികാ രാജ് എടവനക്കാട് എച്ച്.ഐ.എച്ച്.എസില പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പങ്കജാക്ഷൻ പിള്ള ഷാളണിയിച്ച് ദേവികയെ അനുമോദിച്ചു.

ദേവികയുടെ മാതാവ് രസികല പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. പഞ്ചായത്തംഗം ആലീസ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ തുടങ്ങിയവരും അനുമോദിച്ചു.

കഴിഞ്ഞ ദിവസം ഓച്ചിറ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ യൂണിറ്റ് പ്രസിഡന്റായി 18 വയസുള്ള ഐശ്വര്യ പ്രകാശിനേയും കോഴിക്കോട് ജില്ലയിലെ കോട്ടൂർ മണ്ഡലത്തിലെ പാത്തിപ്പാറ യൂണിറ്റിന്റെ പ്രസിഡന്റായി പതിനെട്ടുകാരൻ അബിത്തിനേയും തെരഞ്ഞെടുത്തിരുന്നു.

പുതിയ കെപിസിസി നേതൃത്വത്തിന്റെ ശിശുവാണു സിയുസി. പ്രത്യേകിച്ചും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഓമനക്കുഞ്ഞ്. പ്രസിഡന്റായി ചുമതലയേറ്റ് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പുതിയ ഈ ഘടകത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പിന്നീട്, താഴെത്തട്ടിലെ പാർട്ടിയുടെ അവസ്ഥ അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കെപിസിസി മൂന്നു സർവേകൾ നടത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അതു നേതൃത്വത്തിനു സമ്മാനിച്ചത്. 46 ശതമാനത്തോളം ബൂത്തുകൾ പ്രവർത്തനക്ഷമമല്ലെന്നതായിരുന്നു അതിലൊന്ന്. അടിത്തട്ടിൽ പാർട്ടി ഇല്ലെങ്കിൽ മുകളിൽ അധികാരവും പത്രാസും ഒരിക്കലും ഉണ്ടാവില്ലെന്നു നേതൃത്വത്തിനു ബോധ്യപ്പെട്ടു.

ഒരു മാസത്തോളം പിന്നിടുമ്പോൾ അടിത്തട്ടിൽ ഒരു നിശ്ശബ്ദ സംഘടനാ വിപ്ലവം നടക്കുകയാണെന്നു നേതൃത്വം അവകാശപ്പെടുന്നു. നിശ്ശബ്ദം എന്നതിന് ഊന്നൽ നൽകണം. കോൺഗ്രസുകാർ എന്തു ചെയ്താലും വാർത്തയാക്കാനാണു തിരക്കെങ്കിൽ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിനോ പരിശീലന പരിപാടികൾക്കോ മാധ്യമങ്ങൾക്കു ക്ഷണമില്ല. സ്ഥലം എംഎൽഎയെപ്പോലും ഗൗനിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ കെപിസിസി നേതൃയോഗത്തിൽ ഉയർന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനും കോൺഗ്രസിനും അടിസ്ഥാനഘടകം രാജ്യത്താകെ ബൂത്താണെങ്കിൽ അതിലും താഴെയുള്ള ഘടകമായാണു സിയുസിയെ വിഭാവനം ചെയ്യുന്നത്. ഒരു ബൂത്തിൽ 300 വീടും 1000 വോട്ടുമാണു ശരാശരിയുള്ളത്. ആ 300 വീടുകളെ ആറായി വിഭജിക്കുന്നു. അതിലെ ഓരോ അൻപതു വീടുകളിലും അച്ചടിച്ച ചോദ്യാവലിയുമായി അഞ്ചു പ്രവർത്തകർ എത്തുന്നു. അതുവഴി കോൺഗ്രസ് കുടുംബങ്ങളെ തിരിച്ചറിയുന്നു. പൂർണമായും കോൺഗ്രസുമായി ബന്ധപ്പെട്ടു നിൽക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ എത്രയുണ്ടോ, അതിലെ അംഗങ്ങളെ ചേർത്താൽ ഒരു യൂണിറ്റ് കമ്മിറ്റിയായി. ഒരു വീട്ടിൽ അവർ യോഗം ചേർന്ന് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രണ്ടു ഭരണസമിതി അംഗങ്ങൾ എന്നിവരെ നിശ്ചയിക്കും. ആഘോഷത്തോടെ കോൺഗ്രസ് പതാക കൈമാറും. ഏതെങ്കിലും ഒരു വീട്ടുവളപ്പിൽ അത് ഉയർത്തണം.

ഒരു ബൂത്തിൽ ഇങ്ങനെ ആറു യൂണിറ്റുകൾ രൂപീകരിക്കും. അതോടെ കോൺഗ്രസിന് ആ ബൂത്തിൽ ആകെ 30 ഭാരവാഹികളായി. ഇവരുടെ പൂർണ വിവരങ്ങൾ കെപിസിസി തലത്തിൽ വരെ ഡേറ്റ ആയി കൈമാറും. സർവേകളിൽ ഒരു വീട്ടിലെ ഒരാളെങ്കിലും കോൺഗ്രസ് ആണെങ്കിൽ അതു കോൺഗ്രസ് സൗഹൃദ വീടാണ്. ആ അംഗത്തെയും ബന്ധപ്പെട്ട യൂണിറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തും. കോൺഗ്രസിന്റെ സന്ദേശം താഴെത്തട്ടിൽ എത്തിക്കുക, പാർട്ടിയെ വളർത്തുക, വീടുകളുമായുള്ള ബന്ധം വിളക്കിച്ചേർക്കുക, പരസ്പരം സഹായിക്കുക, മറ്റുള്ളവർക്കു കൈത്താങ്ങാകുക, കൂട്ടായ സംരംഭം വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ അതു ചെയ്യുക എന്നിവയെല്ലാം യൂണിറ്റ് കമ്മിറ്റികളിൽ നിക്ഷിപ്തമായ കാര്യങ്ങളാണ്.