തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ ചെയ്ത കേസിൽ ദേശാഭിമാനി ജീവനക്കാരൻ കൊല്ലം സ്വദേശി വി.യു.വിനീത്, കുണ്ടറ സ്വദേശി ടി.ജെ.ജയജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഇതിന് ശേഷം ജയിൽ കിടന്ന് പുറത്തിറങ്ങുന്നതിന് സമാനമായ ്‌സ്വീകരണം. മാധ്യമ പ്രവർത്തക നിഷയെ അധിക്ഷേപിച്ച കേസിൽ സിപിഎം സൈബർ സഖാവ് ജയ്ജിത്തിന് പൊലീസ് സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് ചവറ ഏരിയ സെക്രട്ടറി മനോഹരന്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കുകയും ചെയ്തു. ഇതോടെ പാർട്ടിയുടെ അറിവും സമ്മതത്തോടെയുമാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നതെന്നും വ്യക്തമാകുകയാണ്.

മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷാ പുരുഷോത്തമനെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം നടത്തിയെന്നതിനു കേസെടുത്ത് ഒന്നരമാസം കഴിഞ്ഞാണ് അറസ്റ്റ്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു ചുമത്തേണ്ട വകുപ്പ് ഒഴിവാക്കി പിന്തുടർന്നു ശല്യം ചെയ്യുന്നതിനുള്ള വകുപ്പു മാത്രമാണ് കേസിൽ ചേർത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന തരത്തിൽ നിസ്സാര വകുപ്പു ചുമത്തിയ സൈബർ പൊലീസ് അറസ്റ്റ് വിവരം രഹസ്യമാക്കി വച്ചു. അതിന് ശേഷം സ്വീകരണവും. ചുവപ്പൻ മാല കഴുത്തിൽ അണിഞ്ഞാണ് അറസ്റ്റിന് ശേഷം പ്രതിക്ക് സ്വീകരണം നൽകിയത്. സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർത്തിയ മാധ്യമപ്രവർത്തകർക്കു നേരെയായിരുന്നു സംഘടിത സൈബർ ആക്രമണം. 

മനോരമാ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിൽ ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഉടൻ ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപമാണ് ദേശാഭിമാനിക്കാർ നടത്തിയത്. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹറയ്ക്ക് അയച്ച കത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ഇക്കാര്യം ആവശ്യപ്പെട്ടത്.

നിഷയുടെ ആരോപണങ്ങൾ തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും ഈ വിഷയത്തിൽ ശ്രദ്ധ പതിയണമെന്നും ഡി.ജി.പിക്ക് അയച്ച കത്തിൽ വനിതാ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഈ കേസിൽ പ്രതികളെ നിസാര വകുപ്പ് ചേർന്ന് വിട്ടതോടെ സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളിൽ പരാതി നൽകാനില്ലെന്ന സൂചന നൽകി മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്റേതായുള്ള വിശദീകരണം വീണ്ടും ചർച്ചയാകുകയാണ്. അന്ന് പറഞ്ഞത് വീണ്ടും ശരിയാകുകയാണ്.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം...ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡന്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്? അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?-എന്ന ചോദ്യമാണ് നിഷാ പുരുഷോത്തമൻ ഉ.ർത്തിയത്. നിഷാ പുരുഷോത്തമന്റെ സുഹൃത്തുക്കളാണ് ഈ വിശദീകരണം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. വാട്സാപ്പിലൂടെ നിഷ സുഹൃത്തുക്കളോട് പങ്കുവച്ചതാണ് ഈ കുറിപ്പെന്നാണ് സൂചന.

നിഷയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ദേശാഭിമാനി പത്രത്തിലെ ജീവനക്കാരന്റെ പോസ്റ്റ്. ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കടുത്ത സ്ത്രീ വിരുദ്ധതയാണ് നിറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്. ഇതിന് സമാനമായി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് നിഷ പ്രതികരണവുമായി എത്തുന്നത്.

ളയാറിൽ എത്തിയ മലയാളികളെ അതിർത്തി കയറ്റി വിടുന്നതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവർത്തക. ഈ നിലപാടിനെ മലയാളിയോടുള്ള ഇഷ്ടം കൊണ്ട് വിമർശിച്ചാൽ അത് സ്ത്രീ വിരുദ്ധമാകുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവർത്തക യൂണിയൻ. പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസും എടുപ്പിക്കും. എന്നാൽ മുതിർന്ന വാർത്താ അവതാരകയ്‌ക്കെതിരെ ദേശാഭിമാനിക്കാരനാണ് പ്രതികരിക്കുന്നതെങ്കിൽ ആരും ഒന്നും മിണ്ടില്ല. ഇതിന് തെളിവാണ് നിഷയ്ക്കെതിരായ പോസ്റ്റിലെ മൗനം. പരസ്യമായി ആരും പ്രതികരിക്കുന്നില്ല. ഇതിനിടെയാണ് നിഷ നിലപാട് വിശദീകരിച്ച് എത്തുന്നത്. പിണറായി സർക്കാരിനെതിരായ അതിരൂക്ഷ വിമർശനമായി മാറുകയാണ് അത്.

നിഷാ പുരുഷോത്തമൻ ഈ വിഷയത്തിൽ എഴുതിയ ചർച്ചയായ കുറിപ്പ് ഇങ്ങനെ

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട FB പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കൾ വിളിച്ചു...
പത്രപ്രവർത്തക യൂണിയൻ നേതാക്കളടക്കം ഒട്ടേറെപ്പേർ..'
കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം....
ഞാൻ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല....
സ്ഥാപന മേധാവികൾ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും...
ഇതിനോടകം കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്....
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത....
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം...
ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡന്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോൾ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബർ ടീം എനിക്കെതിരെ ബോധപൂർവം നടത്തുന്ന വ്യക്തിഹത്യയുടെ തുടർച്ചയായേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂർ തുടർച്ചയായ ലൈവ് വാർത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാർട്ടിയാണ് വാർത്തകളുടെ കുത്തൊഴുക്കിൽ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എന്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്...
പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്....
ഇതിലൊന്നും ഞാൻ തളരില്ല എന്ന് വാക്കുതരുന്നു...
മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത് .....
15 വർഷമായി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത്.....
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്...
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും...
അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും....
തൽക്കാലം മാധ്യമപ്രവർത്തനമാണ്, സർക്കാരിന്റെ PR ജോലിയല്ല ചെയ്യുന്നത്.....
PR ചെയ്യുന്നവർ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല....
മാധ്യമപ്രവർത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തൽക്കാലം നമുക്ക് സഹതപിക്കാം....

നിഷാ പുരുഷോത്തമൻ