- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനോരമ ന്യൂസ് മേക്കർ പുരസ്ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; 'ബ്രണ്ണൻ യുദ്ധ'ത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും 'എന്റെ കുട്ടികളെ' സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾ
തിരുവനന്തപുരം: 2006 മുതലാണ് മനോരമ ന്യൂസ് ചാനൽ ന്യൂസ് മേക്കർ പുരസ്ക്കാരം നൽകി തുടങ്ങിയത്. അക്കാലത്ത് ചാനൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത് സിപിഎമ്മിനുള്ളിലെ വിഭാഗീയത ആയിരുന്നു. ഒരു വശത്ത് വി എസ് അച്യുതാനന്ദനും മറുവശത്ത് പിണറായി വിജയനും തമ്മിൽ നേർക്കു നേർ കോർത്തപ്പോൾ ചാനലുകൾക്ക് ചാകരയായി. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്ക്കാരം വി എസ് അച്യുതാനന്ദന് ലഭിച്ചത്. തൊട്ടടുത്ത കൊല്ലം ഈ പുരസ്ക്കാരം നേടിയത് വിഎസിന്റെ എതിരാളി പിണറായി വിജയനായിരുന്നു. ഇവർക്ക് ശേഷം രാഷ്ട്രീയ രംഗത്തു നിന്നും തുടർന്നുള്ള വർഷങ്ങളിൽ അധികമാർക്കും പുരസ്ക്കാരം ലഭിച്ചില്ല.
2017ൽ ഇടതു സർക്കാറിന്റെ കടിഞ്ഞാണായി പ്രവർത്തിച്ച കാനം രാജേന്ദ്രനായിരുന്നു പുരസ്ക്കാരം. പിന്നീട് കെ കെ ശൈലജയിലൂടെ കഴിഞ്ഞ വർഷത്തെ ന്യൂസ് മേക്കർ പുരസ്ക്കാരവും ഒരു രാഷ്ട്രീയ പ്രവർത്തക നേടി. ഇക്കുറി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ പുരസ്ക്കാരം നേടുമ്പോൾ ആ പുരസ്ക്കാരം ലഭിക്കുന്ന ആദ്യത്തെ കോൺഗ്രസ് നേതാവ് എന്ന പ്രത്യേകത കൂടിയാണ്. ഓൺലൈൻ വോട്ടെടുപ്പിൽ മറ്റുള്ളവരേക്കാൾ വലിയ മാർജിനിൽ വോട്ടു നേടിയാണ് സുധാകരൻ വാർത്താ താരമായത്.
കണ്ണൂർ രാഷ്ട്രീയത്തിലെ ഒറ്റക്കൊമ്പനായ കെ സുധാകരന്റെ പുരസ്ക്കാര നേട്ടം കെ എസ് ബ്രിഗേഡും കോൺഗ്രസുകാരും ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. സൈബർ ഇടത്തിൽ കോൺഗ്രസ് അണികളുടെ ആവേശമാണ് കെ സുധാകരനെന്ന നേതാവ്. അതുകൊണ്ട ്തന്നെ അദ്ദേഹം ഈ മാധ്യമത്തിൽ അതികരുത്തനുമാണ്. പാർട്ടിക്കുള്ളിലെയും പുറത്തുമുള്ളവർ സുധാകരന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ബ്രണ്ണൻ യുദ്ധത്തിൽ സുധാകരനോട് തോറ്റത്. സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് ഒരു വീക്കിലി അഭിമുഖത്തിൽ പറഞ്ഞത് മുഖ്യമന്ത്രി ഏറ്റുപിടിച്ചു രംഗത്തുവരികയായിരുന്നു. ഇതിന് പകരം സുധാകരൻ ചെയ്തതാകട്ടെ പിണറായിയുടെ പഴയകാല രാഷ്ട്രീയ കേസുകൾ കുത്തിപ്പൊക്കുകയായിരുന്നു. ഇതോടെ കരുതൽ ഇമേജിന് കോട്ടം തട്ടുമെന്ന് കരുതി മുഖ്യമന്ത്രി തന്നെ പിന്മാറി.
കെപിസിസി അധ്യക്ഷനായ ശേഷം ബ്രണ്ണൻ വിഷയം തൊട്ട് തുടങ്ങിയ നേട്ടമാണ് ഒടുവിൽ സുധാകരനിസം എന്ന വിളിപ്പേരിൽ അണികൾ ആഘോഷിച്ചതും. രാഷ്ട്രീയ എതിരാളികൾ സുധാകരനെ നിരന്തരം വിമർശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഡിവൈഎഫ്ഐ നേതാവ് എ എ റഹീമാണ് ധീരജ് കൊലപാതകം നടക്കുമ്പോൾ സുധാകരനിസം എന്ന വാക്കു പ്രയോഗിച്ചത്. എന്നാൽ, റഹീം പോലും വിചാരിക്കാതെ ഈ സുധാകരനിസം കോൺഗ്രസ് അണികൾ ഏറ്റെടുത്തു. ഇപ്പോൾ അതിശക്തമാണ് സുധാകരനിസം.
ഏറ്റവും ഒടുവിൽ തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങൾക്കും ചുട്ട മറുപടി കൊടുത്താണ് സുധാകരൻ ശ്രദ്ധ നേടിയത്. 'എന്റെ കുട്ടികളെ' സംരക്ഷിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനം അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. അതിന് അദ്ദേഹത്തിന്റെതായ കാരണങ്ങളും ഉണ്ടായിരുന്നു. അണികളെ സംരക്ഷിക്കുന്ന നേതാവായി അറിയപ്പെടാനായിരുന്നു സുധാകരന് താൽപ്പര്യം. ഈ താൽപ്പര്യമാണ് ഗ്രൂപ്പിന് അതീതമായി സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തു ലഭിക്കുന്ന പിന്തുണയും.
കോൺഗ്രസിലെ യുവനേതാക്കൾ അടക്കമുള്ളവർ കെ സുധാകരന്റെ പുരസ്ക്കാര നേട്ടം ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെ തിരിച്ചു വരവിനായി ഉടച്ചുവാർക്കൽ ആവശ്യമായ ഘട്ടത്തിലാണ് സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നത്. കോൺഗ്രസിനെ സെമി കേഡർ ശൈലിയിൽ ഉടച്ചു വാർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം പോലെ കാര്യങ്ങൾ മുന്നോട്ടു പോകുകയാണ് താനും.
ഗ്രൂപ്പുകളെവെട്ടി കെപിസിസി അധ്യക്ഷപദവിയിലെത്തിയ നേതാവായിരുന്നു സുധാകരൻ. കേരളത്തിലെ കോൺഗ്രസ് അണികളുടെ അവശേഷിക്കുന്ന പ്രതീക്ഷ ഈ നേതാവിലാണ്. അണികൾക്ക് ആവേശം പകരുന്ന സുധാകരന്റെ ന്യൂസ് മേക്കർ പുരസ്ക്കാര നേട്ടം സൈബർ ഇടത്തിൽ വലിയ ആഘോഷമാകുന്നതും ഇക്കാരണം കൊണ്ടു കൂടിയാണ്.
മറുനാടന് ഡെസ്ക്