വിവാഹമെന്നാൽ വ്യത്യസ്ഥമായ ഒന്നാവണമെന്ന് ആഗ്രഹിക്കാത്തവരില്ല. അതിനായി തലച്ചോർ പുകഞ്ഞ് പുത്തൻ ഐഡിയകൾ ഇറക്കുന്നതും അത് സമൂഹ മാധ്യമത്തിൽ വൈറലാക്കുന്നതും പതിവാണ്. അതിനൊപ്പം തന്നെ ജനശ്രദ്ധ നേടുകയാണ് നവദമ്പതികളുടെ വ്യത്യസ്ഥമായ വിവാഹ യാത്ര. വരന്റെ വീട്ടുകാർ ഒരുക്കി വച്ച വാഹനങ്ങൾ അവഗണിച്ച് നവദമ്പതികളെ സുഹൃത്തുക്കൾ സ്വകാര്യ ബസിൽ കയറ്റി വിട്ടതോടെ ഇവർക്ക് ഇത് നവ്യാനുഭവമായി. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിർത്തുന്നത്.

ഇരുവരും കാൽനടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും കഴിഞ്ഞയാഴ്ച വൈറലായി മാറിയിരുന്നു. യാത്രയ്ക്കിടയിൽ വരൻ ഇടയ്ക്കിടെ എഴുന്നേറ്റ് ശവപ്പെട്ടിയിൽ ഇരുന്നു കൊണ്ട് നാട്ടുകാരെ കൈവീശി കാണിക്കും. കല്യാണച്ചെക്കന്റെ ശവപ്പെട്ടി യാത്ര കാണാൻ റോഡിനിരുവശവും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. കണ്ണൂരിൽ നിന്നുള്ള ഈ സംഭവം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.