- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടപ്പോൾ ഉണ്ടാക്കിയത് വലിയ നാശനഷ്ടങ്ങൾ; ജാഫ്നയിൽ അടക്കം നിരവധി വീടുകൾ തകർന്നു; ഇന്ന് വൈകുന്നേരം തമിഴ്‌നാട് തീരത്തെതത്തുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തും; തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ അതീവ ജാഗ്രത തുടരുന്നു; ശബരിമല തീർത്ഥാടനത്തിന് അടക്കം നിയന്ത്രണം ഏർപ്പെടുത്തി കരുതലോടെ സർക്കാർ
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടപ്പോൾ അവിടെ ഉണ്ടായത് വലിയ നാശനഷ്ടം. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്. ജാഫ്‌ന നഗരത്തിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ നിരവധി വീടുകൾ അടക്കം തകർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് വൈകീട്ടോടെ തമിഴ്‌നാട് തീരത്ത് എത്തുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയോടെയാകും കേരളത്തിൽ എത്തുക.
നിലവിൽ മണിക്കൂറിൽ 90 കിമീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുക. ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം സജ്ജമാണ്. കളക്റ്റ്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ഉച്ചയ്ക്ക് പാമ്പനിൽ കേന്ദ്രീകരിക്കും (വേഗം 90 കിലോമീറ്റർവരെ), രാത്രി/നാളെ പുലർച്ചെ -പാമ്പനും കന്യാകുമാരിക്കും ഇടയിൽ തീരത്ത് കടക്കും (90 കിലോമീറ്റർവരെ), നാളെ ഉച്ചയോടെ -തിരുവനന്തപുരത്ത് (വേഗം 70 കിലോമീറ്റർവരെയായിരിക്കും കാറ്റിന്റെ വേഗം.).
നേരിടാൻ യുദ്ധസന്നാഹം
കേന്ദ്ര ദുരന്തപ്രതികരണസേനയുടെ എട്ടുസംഘങ്ങൾ കേരളത്തിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോയമ്പത്തൂർ ജില്ലയിലെ സുലൂർ എയർഫോഴ്സ് ബേസിൽ തയ്യാറാണ്. നാവികസേനയും തയ്യാറെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ ചുഴലിക്കാറ്റ് വീശുന്നത് അപൂർവമാണ്. 2017-ൽ ഓഖി ചുഴലിക്കാറ്റ് വീശിയെങ്കിലും അത് കരയിലായിരുന്നില്ല. കടലിലൂടെ കേരളത്തിന് വളരെ അടുത്തായി കടന്നുപോയതിന്റെ പ്രത്യാഘാതങ്ങളാണ് കേരളം അനുഭവിച്ചത്. കഴിഞ്ഞവർഷം ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞശേഷം കേരളത്തിന്റെ ഒരു ഭാഗത്തുകൂടെ കടന്നുപോയി. ആലപ്പുഴ ജില്ലയിൽ ഗജ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
പ്രധാനമന്ത്രി വിളിച്ചു
ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി അടിയന്തരസാഹചര്യം വിശദീകരിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിരീക്ഷണത്തിന് നിർദ്ദേശം നൽകി.
ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം
ബുറെവി ചുഴലിക്കാറ്റിന്റെ ഭാഗമായി പത്തനംതിട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി കളക്ടർ നിയന്ത്രണം ഏർപ്പെടുത്തും.
പത്തനംതിട്ടയിൽ ചുഴലിഭീഷണി ആദ്യം
ചരിത്രത്തിൽ ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ല ഒരു ചുഴലിക്കാറ്റിന്റെ നിഴൽപ്പാടിലാകുന്നത്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലൂടെ വരുന്ന ബുറെവി ചുഴലിയുടെ ഗതി ഏതുവഴിയായിരിക്കുമെന്നതു സംബന്ധിച്ച് ചില അവ്യക്തത ഇപ്പോഴും ബാക്കി നിൽക്കുന്നു. തൂത്തുക്കുടിയിൽ ഇന്നലെ രാത്രിയോടെ എത്തിയ ചുഴലി ഇനി രണ്ടു വഴികളിലൂടെ പോകാനാണു സാധ്യത. തെക്കോട്ടു ഗതി മാറി നാഗർകോവിൽ, കന്യാകുമാരി വഴി മുൻപ് ഓഖി ചുഴലിക്കാറ്റ് വന്ന വഴിയാണ് ഒന്ന്.
എന്നാൽ തൂത്തുക്കുടിയിൽ കരകയറുന്നതിനിടെ കടലിൽ നിന്ന് കൂടുതൽ ജലം സംഭരിച്ച് കരുത്താർജിച്ചാൽ ചുഴലി തെങ്കാശി, കൊല്ലം ജില്ലകളുടെ മുകളിലൂടെ സഞ്ചരിക്കും. ഇങ്ങനെ വന്നാൽ പത്തനംതിട്ട ജില്ലയിലും 24 മണിക്കൂറിൽ 20 സെമീ (200 മില്ലീമീറ്റർ) വരെ അതിശക്തമായ മഴയും ചിലയിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ ശക്തിയുള്ള കാറ്റും വീശാം. ഇതിൽ ഏതു സംഭവിക്കാം എന്ന ചോദ്യമാണ് ജില്ലയുടെ മനസ്സിൽ. ഇന്നും നാളെയുമായി ഇതിന്റെ ഉത്തരം പെയ്തിറങ്ങും. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും തയ്യാറെടുപ്പിലാണ്. മഴ പെയ്താലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നിരീക്ഷകർ സൂചിപ്പിച്ചു.
കിഴക്കു കോട്ടപോലെ നിൽക്കുന്ന പശ്ചിമഘട്ടവും തലയെടുപ്പോടെ നിൽക്കുന്ന ഇടനാടൻ കുന്നുകളും പാറകളുമാണ് ജില്ലയുടെ സുരക്ഷാ കവചം. പ്രളയത്തെ നെഞ്ചിലേറ്റാൻ തണ്ണീർത്തടങ്ങളും ഒഴിക്കുക്കൊണ്ടുപോകാൻ നദികളുമുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലൂടെ അതിവേഗം വെള്ളം കടലിലെത്തും. ബാക്കി വെള്ളത്തെ വേമ്പനാട് കായൽ വരവേൽക്കും. നികത്തൽ കാരണം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടതും മഴയുടെ രീതി തീവ്രമായതുമാണ് ഭീഷണി.
എന്തുകൊണ്ട് ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി അന്തരീക്ഷ താപനില വർധിക്കുന്നതാണു ചുഴലികളുടെ എണ്ണത്തിലും ദിശയിലും മാറ്റമുണ്ടാക്കുന്നത്. ചുഴലികളിൽ നിന്നു കേരളം പൊതുവേയും പത്തനംതിട്ട ജില്ല പ്രത്യേകിച്ചും സുരക്ഷിതമായിരുന്നു. 1099ലെ വെള്ളപ്പൊക്കം കഴിഞ്ഞാൽ കാര്യമായ ഒരു പ്രകൃതി ദുരന്തവും സംഭവിച്ചിട്ടില്ലാത്ത മധ്യതിരുവിതാംകൂറിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് 2018 ലെ പ്രളയവും കോവിഡും ചുഴലിയുമാണ്.
ചെറുതും വലുതുമായ ഇരുപതിലേറെ ഡാമുകളുമാണ് ജില്ലയിലുള്ളത്. ശബരിഗിരിയുമായി ബന്ധപ്പെട്ട ഡാമുകളിലെല്ലാം നിലവിൽ ശേഷിയുടെ 8085 ശതമാനത്തോളം ജലമുണ്ട്. കനത്ത മഴ പെയ്താൽ ഇവയിൽ ചിലതു തുറക്കേണ്ടി വന്നേക്കാം. എന്നാൽ അതിനുള്ള സാധ്യത വിരളമാണന്നും വിദഗ്ദ്ധർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ