- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: കോൺഗ്രസിന് മുന്നോട്ടു നയിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുന്നിൽ ഗ്രൂപ്പുകൾ വീണ്ടും വിലങ്ങുതടിയാകുന്നു. ഡിസിസി പുനഃസംഘടനക്കെതിരായ ഗ്രൂപ്പുകളുടെ നിലപാടുകളാണ് ഇപ്പോഴത്തെ പ്രശ്നം. കെപിസിസി നിർദേശിച്ച സമയത്തിനകം പുനഃസംഘടന പൂർത്തിയാകില്ലെന്ന് ബോധ്യം വന്നതോടെ മറ്റു മാർഗ്ഗങ്ങൾ ആലോചിക്കാനാണ് സുധാകരന്റെ തീരുമാനം. ഇതിന് വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് കെപിസിസി നേതൃത്വം.
ഇന്നലെക്കകം ജില്ലകളിൽനിന്നുള്ള പട്ടിക കൈമാറണമെന്നാണ് കെപിസിസി ജനറൽ സെക്രട്ടറിമാരോട് നിർദേശിച്ചതെങ്കിലും നടപ്പായില്ല. അഴിച്ചുപണിക്കു വഴി തെളിയാത്തതോടെ, ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം 17ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചു. എത്രയും വേഗം ഡിസിസി പുനഃസംഘടന പൂർത്തിയാക്കണം എന്ന നിർദേശമാണ് സുധാകരൻ നൽകിയിരിക്കുന്നത്.
കെപിസിസി ഭാരവാഹികളോട് ഓരോ ജില്ലയിലും എത്തി ഡിസിസി പ്രസിഡന്റ്, മുതിർന്ന നേതാക്കൾ, ജനപ്രതിനിധികൾ, കെപിസിസി ഭാരവാഹികൾ എന്നിവരുമായി സംസാരിച്ച് കരട് പട്ടിക തയാറാക്കി അതു ഡിസിസി പ്രസിഡന്റിന്റെ അംഗീകാരത്തിനു വിധേയമായി കെപിസിസിക്ക് 10നകം സമർപ്പിക്കാനാണ് നേരത്തേ നിർദേശിച്ചത്. എന്നാൽ ചില ജില്ലകൾ കെപിസിസി ഭാരവാഹികൾ സന്ദർശിക്കാൻ ഇനിയും ബാക്കിയാണ്. ഇത്തരം കെപിസിസി ഭാരവാഹികളോട് കാരണം ചോദിക്കാനും കെപിസിസിയുടെ നിർദേശമുണ്ട്.
ജില്ലകളിലെത്തി ആദ്യവട്ട ചർച്ചകൾ പൂർത്തിയാക്കിയവർക്കു മുന്നിൽ വഴി രൂപപ്പെട്ടിട്ടുമില്ല. ഗ്രൂപ്പുകളുടെ നിസ്സഹകരണമാണ് ഇതിനു പ്രധാന കാരണം. സുധാകരനുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പു നേതൃത്വങ്ങൾ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഈ നിലപാടുകാരാനാണ് താനും. സുധാകരനുമായി ഏറ്റുമുട്ടൽ നിലപാട് സ്വീകരിക്കുന്ന ഈ ഗ്രൂപ്പുകളെ തഴഞ്ഞ് പട്ടിക തയാറാക്കിയാൽ ജില്ലകളിൽ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും തടസ്സമായേക്കാം.
അതേസമയം ഗ്രൂപ്പുകൾക്കു വീതംവച്ചുള്ള ഏർപ്പാടിന് കെപിസിസി നേതൃത്വം തയാറുമല്ല. അങ്ങനെ വഴങ്ങേണ്ട കാര്യമില്ലെന്നാണ് കെപിസിസിയൂടെ നിലപാട്. പുനഃസംഘടനാ മാനദണ്ഡങ്ങൾ കൂടി 17നു ചേരുന്ന യോഗം ചർച്ച ചെയ്തേക്കും. മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നു ഗ്രൂപ്പുകളും ആവശ്യപ്പെട്ടിരുന്നു. 10 വർഷം ഭാരവാഹി ആയിരുന്നവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന നിർദ്ദേശം കെപിസിസി നിർവാഹകസമിതി യോഗത്തിൽ ഉയർന്നെങ്കിലും അതു വേണ്ടെന്നും കാര്യക്ഷമത തെളിയിച്ചവരെ ഉൾപ്പെടുത്തിയുള്ള ടീം മതിയെന്നും ധാരണയായി. അതിനിടെ, സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കേണ്ട അംഗത്വ വിതരണത്തിലെ മേൽക്കൈ കൂടി ലക്ഷ്യമിട്ട് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കുകയാണെന്ന തർക്കവും പാർട്ടിയിൽ ഉയർന്നു.
അതേസമയം വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുമ്പോഴും അതൊന്നും കാര്യമാക്കാതെ മുന്നോട്ടെന്ന സൂചനയാണ് കെ സുധാകരൻ നൽകുന്നത്. വിമർശനങ്ങൾ ഉയർത്തുന്നവരോടെ സ്ിപിഎം സമ്മേളനങ്ങളിലെ പൊട്ടിത്തെറി കാണുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയിൽ കൊടുങ്കാറ്റും പൊട്ടിത്തെറിയും പ്രതീക്ഷിച്ചു രക്തഹാരവുമായി കാത്തുനിന്നവർക്ക് നിരാശ മാത്രമാണ് മിച്ചമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. മറുഭാഗത്ത് സംഘർഷം, ഇറങ്ങിപ്പോക്ക്, കൂട്ടയടി, സസ്പെൻഷൻ, പുറത്താക്കൽ, ബദൽ പാനലുകൾ തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമായ സമ്മേളനങ്ങളാണു സിപിഎമ്മിൽ നടക്കുന്നത് സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ