- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേക്ക് മോഷണവിവരം പൊലീസിന് ഒറ്റിയെന്ന സംശയം; ജയിലിൽ റിമാൻഡിൽ കഴിയവെ ഫോണിൽ വിളിച്ച് ഭീഷണി; ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ പ്രജീഷിനെ കാണാതായി; ചക്കരക്കല്ലിൽ യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; പ്രതികൾ വലയിലായതായി സൂചന
കണ്ണൂർ: ചക്കരക്കല്ലിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയത് ആസൂത്രിതമായെന്ന് പൊലിസ്. മോഷണവിവരം പുറത്തു പറഞ്ഞതിനെ തുടർന്നാണ് ചക്കരക്കൽ പ്രശാന്തി നിവാസിൽ പ്രജീഷിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
പ്രജീഷിന് നേരത്തെ വധഭീഷണിയുണ്ടതായിരുന്നതായി ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. താഴെ മൗവ്വഞ്ചേരിയിൽ നിന്നും പണി നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രവാസിയുടെ വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തിന്റെ തേക്കുമരം മോഷണം പോയിരുന്നു.
പ്രജീഷിന് നേരിട്ട് അറിയാവുന്നവരാണ് മോഷണം നടത്തിയത്. എന്നാൽ ഇവർ മോഷണം നടത്തുന്ന വിവരം പ്രജീഷിന് നേരത്തെ അറിയാമായിരുന്നുവെന്നും പ്രജീഷ് ഈ വിവരം പൊലിസിനെ അറിയിച്ചുവെന്നുമാണ് പ്രതികളായവർ സംശയിച്ചത്. മോഷണം നടന്നത് ദിവസങ്ങൾക്കുള്ളിൽ തന്നെ തങ്ങൾ പിടിയിലായത് പ്രജീഷ് ഒറ്റിയതു കൊണ്ടാണെന്നും പ്രതികൾ സംശയിച്ചു. ഇതോടെയാണ് പ്രജീഷിനെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇവർ ജയിലിൽ റിമാൻഡിൽ കഴിയവെ ഫോണിൽ വിളിച്ചു പ്രജീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. ഇവർ റിമാൻഡിലിറങ്ങിയതിനു ശേഷമാണ് പ്രജീഷിനെ കാണാതാവുന്നത്. ഇതാണ് കൊലപാതക സാധ്യതയിലേക്ക് പൊലീസ് വിരൽ ചൂണ്ടുന്നത്.
പ്രജീഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി കണ്ണുർ ഡി.വൈ.എസ്പി പി.പി സദാനന്ദൻ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം ചക്കരക്കൽ കുട്ടി കുട്ടിക്കുന്നുമ്മലിൽ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് പ്രജീഷിന്റെ രണ്ട് ചെരുപ്പുകൾ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലിസെത്തിയത്. കണ്ണുരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കനാലിൽ വെച്ചു കണ്ടെത്തിയത്.പ്രജീഷിന്റെ കൊലപാതകവിവരമറിഞ്ഞ് നടുക്കത്തിലാണ് ചക്കരക്കൽ പ്രദേശം തിരുവോണ ദിവസം തന്നെ മൃതദേഹം കണ്ടെത്തുന്നതിനായി പൊലിസ് അതിശക്തമായ തെരച്ചിൽ തുടങ്ങിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്