അടൂർ: സുഹൃത്തിന്റെ വീടിനു സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കൈപ്പട്ടൂർ വള്ളിക്കോട് ചന്ദ്രകുമാറിന്റെ മകൻ സുധീഷിനെയാണ് (24) ചിരണിക്കൽ കോളനിയിൽ സുഹൃത്തിന്റെ സഹോദരിയുടെ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച രാത്രി സുധീഷ് സുഹൃത്ത് വിജേഷുമായി സ്‌കൂട്ടറിൽ ചിരണിക്കലിലുള്ള വീട്ടിലേക്ക് പോയിരുന്നു.

ഇതിനിടയിൽ പന്നിവിഴ സെന്റ് തോമസ് സ്‌കൂളിനു സമീപത്തു വച്ച് സ്‌കൂട്ടർ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നതായും സുധീഷിനു തലയ്ക്കു പരുക്കേറ്റിരുന്നതായും പറയുന്നു. ഇതു കാര്യമാക്കാതെ സുധീഷും സുഹൃത്തും കാറിൽ ചിരണിക്കലിൽ എത്തി. ഈ കാറിൽ തന്നെ അവർ ഉറങ്ങി. പുലർച്ചെ വിളിച്ചെങ്കിലും ഉണരാത്തതിനെ തുടർന്ന് സുധീഷിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നെന്നാണ് സുഹൃത്ത് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.