ലക്നൗ: ബാൽക്കണിയിൽ കുടുങ്ങിയ പട്ടിക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, 12 വയസുകാരി ഒൻപതാം നിലയിൽ നിന്ന് വീണുമരിച്ചു. പട്ടിക്കുട്ടിക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഉച്ചയോടെയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജ്യോത്സനയാണ് മരിച്ചത്. ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ വീട്ടിനകത്ത് പട്ടിക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. അതിനിടെ ബാൽക്കണിയിലെ വലയിൽ പട്ടിക്കുട്ടി കുടുങ്ങി.

വലയിൽ നിന്ന് പട്ടിക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെൺകുട്ടി താഴേക്ക് വീഴുകയായിരുന്നു. പട്ടിക്കുട്ടിക്കൊപ്പം ബാൽക്കണിയിൽ നിന്നാണ് 12കാരി താഴേക്ക് വീണത്. കുട്ടി വീഴുന്ന ശബ്ദം കേട്ട് അമ്മ ഓടിയെത്തിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

കെട്ടിടത്തിന്റെ താഴെ രക്തത്തിൽ കുളിച്ച് കിടന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഈസമയത്ത് കുട്ടിയുടെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വീഴ്ചയിൽ പട്ടിക്കുട്ടിയും ചത്തു.