- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പ് ചാറ്റും ഫയലുകളും പുറത്തു വന്നതോടെ സർക്കാർ പ്രതിരോധത്തിൽ; ആഴക്കടലിൽ പ്രശാന്തിനെ കുടുക്കാനാകില്ലെന്ന തിരിച്ചറവിൽ അന്വേഷണം പ്രതിസന്ധിയിൽ; അസെൻഡിലെ ധരാണാപത്രത്തിൽ പരിശോധന ഇല്ലാത്തത് ദുരൂഹം; നിയമോപദേശം തേടിയതും ഐഎഎസുകാരന് തുണയായി; ആഴക്കടലിൽ നിറയുന്നതുകൊള്ള തന്നെ
കൊല്ലം: കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) യുഎസ് കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടി. കെ എസ് ഐ എൻ സി എംഡിയായിരുന്ന പ്രശാന്തിനെ കുറ്റപ്പെടുത്താൻ ഇനി കഴിയില്ലെന്ന സാഹചര്യം ചർച്ചയായതോടെയാണ് ഇത്. ധരാണാ പത്രത്തിൽ ഒപ്പിട്ടത് ചട്ടങ്ങൾ പാലിച്ചാണെന്നും സർക്കാരിനെ മുൻകൂട്ടി അറിയിച്ചാണെന്നുമുള്ള വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം വഴിമുട്ടി.
ധാരണാപത്രം ഒപ്പിടുന്നതിനു മുൻപും ശേഷവും കെഎസ്‌ഐഎൻസി നിയമോപദേശം തേടിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നു കുറ്റപ്പെടുത്തിയാണു കെഎസ്‌ഐഎൻസിക്കും എംഡി എൻ.പ്രശാന്തിനുമെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഉൾനാടൻ ജലഗതാഗത വകുപ്പു മേധാവി കൂടിയായ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കെഎസ്‌ഐഎൻസി ധാരണാപത്രവുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹത്തിനു കൈമാറിയിരുന്നു.
ധാരണാപത്രം ഒപ്പിടുന്നതിനു മുൻപു ഹൈക്കോടതി അഭിഭാഷകൻ ബാബു ജോസഫ് കുരുവത്തഴയിൽ നിന്നും ഒപ്പിട്ടതിനു ശേഷം സുപ്രീം കോടതി മുൻ ജഡ്ജി കെ.എസ്‌പി.രാധാകൃഷ്ണനിൽ നിന്നും കെഎസ്‌ഐഎൻസി നിയമോപദേശം തേടിയിരുന്നു. ഇവ രണ്ടും ധാരണാപത്രം നിയമപ്രകാരമാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെ മുൻകൂട്ടി അറിയിച്ചതിന്റെ രേഖകളും പുറത്തുവന്നു. അതുകൊണ്ട് തന്നെ നടപടി ക്രമമെല്ലാം പാലിച്ചിരുന്നുവെന്ന് വ്യക്തമാണ്.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകിയതു സർക്കാർ അസെൻഡിൽ ഒപ്പിട്ട ആദ്യ ധാരണാപത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണു രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടതെന്നും വ്യക്തമായി. സർക്കാരിന്റെ നയത്തിനു വിരുദ്ധമായി ആദ്യ ധാരണാപത്രം ഒപ്പിട്ടത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ മറുപടിയോ അന്വേഷണമോ ഇല്ല. അസെൻഡിലെ അന്വേഷണം ഉന്നതരെ കുടുക്കുമെന്ന ഭയം സർക്കാരിനുണ്ട്. ഇതാണ് പിന്നീട്ട് പോകുന്നതിന് കാരണം.
ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിൽ ചെന്നു കണ്ടതായി കമ്പിന ഡയറക്ടറായ ഷിജു എം.വർഗീസ് ആവർത്തിച്ചിരുന്നു. മന്ത്രിസഭയുടെ അംഗീകാരത്തിനു വേണ്ടി വ്യവസായ മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അദ്ദേഹം തള്ളി കളയുകയാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായുള്ള ചർച്ചയുടെ വിശദാംശങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ന്യൂയോർക്കിലെ ഹോട്ടലിൽ 2019ൽ വിശദമായ ചർച്ച നടത്തി. ഫോമ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹമാണു ചർച്ചയ്ക്കു വഴിയൊരുക്കിയത്. പദ്ധതിയുടെ രൂപരേഖ ഫിഷറീസ് വകുപ്പിൽ സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി ചർച്ച നടത്തി. പിന്നീടു നടന്ന ചർച്ചയിൽ മന്ത്രിക്കു പുറമേ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഷിജു വർഗീസും അമേരിക്കക്കാരനായ സിഇഒ: ഡ്യുവാനെ ജെറൻസറും ചേർന്നു രൂപരേഖ സമർപ്പിച്ചപ്പോഴാണു മന്ത്രിയും ജ്യോതിലാലും ചേർന്നു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയത്. തുടർനടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ കെഎസ്ഐഡിസി എംഡി: എം.ജി. രാജമാണിക്യവുമായി ധാരണാപത്രം ഒപ്പിട്ടു. അതായത് ആഗോള നിക്ഷേപക സംഗമത്തിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് പറയുന്നത്. ഇത് സർക്കാരിന്റെ വാദങ്ങളെ തള്ളുന്നതാണ്.
2020 ഒക്ടോബർ 28നു സെക്രട്ടേറിയറ്റിലെ ഓഫിസിൽ വിശദപദ്ധതി രേഖയുടെ ആദ്യഭാഗം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. സർക്കാരിന്റെ സീൽ പതിച്ച് ഒരു പകർപ്പ് തിരിച്ചു നൽകി. 2021 ഫെബ്രുവരിയിൽ 2095 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. ഫെബ്രുവരി 3നു കെഎസ്ഐഡിസി 4 ഏക്കർ അനുവദിച്ചു കത്തു നൽകി. മന്ത്രിസഭയുടെ അംഗീകാരത്തിനായി ഫെബ്രുവരി 11നു വ്യവസായ മന്ത്രിക്കു നിവേദനം നൽകി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം പദ്ധതി രാഷ്ട്രീയവൽക്കരിച്ചു ധാരണാപത്രങ്ങൾ ഇല്ലാതാക്കിയതെന്നു ഷിജു വർഗീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ