പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് അടക്കം കണ്ടുപിടിച്ച് പരാതി നൽകിയതിന്റെ പേരിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സനെ അംഗം അടിച്ചു താഴെയിട്ടുവെന്ന് പരാതി. വയലത്തലയിലെ സർക്കാർ അഗതി മന്ദിരത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. ദീപാ ഹരിക്കാണ് മർദനമേറ്റത്.

ചൈൽഡ് വെൽഫയർ കമ്മറ്റി അംഗം അഡ്വ. ബിജു മുഹമ്മദാണ് മർദിച്ചത്. ഗുരുതരമായി അസുഖം ബാധിച്ച ബാലികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കത്തു വേണമായിരുന്നു. ഇത് നൽകുന്നതിന് വേണ്ടി ലെറ്റർ പാഡ് എടുക്കാനാണ് ദീപ ഭർത്താവ് അഡ്വ. ഹരികൃഷ്ണനൊപ്പം എത്തിയത്. ദീപയെ അഗതി മന്ദിരത്തിലാക്കി ഹരികൃഷ്ണൻ മടങ്ങി. ഈ സമയം അഡ്വ. ബിജു മുഹമ്മദ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഓഫീസിന്റെ താക്കോൽ ഇയാളുടെ കൈവശമായിരുന്നു.

താക്കോൽ ആവശ്യപ്പെട്ടപ്പോൾ അസഭ്യം വിളിച്ചും ആക്രോശിച്ചും തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ദീപ പറയുന്നു. പുറത്ത് ശക്മായി അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതോടെ നില തെറ്റി ദീപ താഴെ വീണു. ഇതിന് സാക്ഷിയായി ഒരു സ്ത്രീ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിന് വന്നതായിരുന്നു ഇവർ.

ദീപയെ മർദിച്ച ശേഷം ബിജു മുഹമ്മദ് ഓടി രക്ഷപ്പെട്ടുവെന്നും പറയുന്നു. സംഭവം കണ്ടു കൊണ്ടു നിന്ന സ്ത്രീ ദീപയെ ഓട്ടോറിക്ഷയിൽ കയറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വിവരമറിഞ്ഞ് തിരികെ എത്തിയ ഭർത്താവ് ഹരികൃഷ്ണൻ വഴിയിൽ നിന്ന് ദീപയെ കാറിലേക്ക് മാറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് രാജു ഏബ്രഹാം എംഎൽഎയെയും എസ്‌പി നിശാന്തിനിയെയും വിവരം അറിയിച്ചു. എസ്‌പിയുടെ നിർദ്ദേശാനുസരണം റാന്നി പൊലീസ് എത്തി മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

അഞ്ചംഗ ചൈൽഡ്വെൽഫയർ കമ്മറ്റിയിൽ നിലവിൽ മൂന്നു പേർ മാത്രമേയുള്ളൂ. ചെയർപേഴ്സൺ ആയിരുന്ന അഡ്വ. സക്കീർ ഹുസൈനും അംഗമായിരുന്ന സുരേഷ്‌കുമാറും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി രാജി വച്ചിരുന്നു. ശേഷിച്ചവരിൽ അഡ്വ. ദീപാ ഹരിക്ക് ചെയർപേഴ്സന്റെ ചുമതല നൽകുകയായിരുന്നു.

ദീപയ്ക്ക് ചുമതല നൽകിയത് ബിജുവിന് തീരെ പിടിച്ചിരുന്നില്ല. ഇതിനെതിരേ ബിജു പരാതി നൽകുകയും ചെയ്തിരുന്നു. കാലാവധി തീരാൻ പോകുന്നതിനാൽ സർക്കാർ അതിന്മേൽ നടപടി എടുത്തിരുന്നുമില്ല.