ശ്രീനഗർ: അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ദീപിക സിങ് രജാവത് കോൺഗ്രസിൽ ചേർന്നു. ജമ്മുവിൽ നടന്ന ചടങ്ങിലാണ് ദീപികയുടെ ഔദ്യോഗിക കോൺഗ്രസ് പ്രവേശം. ജമ്മു കാശ്മീരിലെ കത്വയിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയുടെ മുൻ അഭിഭാഷകയാണ് ദീപിക. കോൺഗ്രസിൽ ചേരുമെന്ന് ദീപിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കർഷകർക്കൊപ്പം നിലകൊള്ളുന്നുവെന്നും അവർക്ക് വേണ്ടി പോരാടുമെന്നും കോൺഗ്രസ് പ്രവേശനത്തിനു ശേഷം ദീപിക വ്യക്തമാക്കി. താൻ ഒരിക്കലും ഒരു രാഷ്ട്രീയക്കാരി ആയിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ നിർബന്ധിതയാക്കുന്നു. 

തനിക്ക് അധികാരം വേണ്ട. എന്നാൽ ഈ മഹത്തായ രാജ്യത്തിന്റെ സമാധാനവും ശാന്തതയും ഇല്ലാതാക്കുന്ന രാഷ്ട്രീയ കഴുകന്മാരിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനായാണ് താനും കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതെന്നും ദീപിക പ്രസ്താവനയിൽ വ്യക്തമാക്കി.