- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്മശാനങ്ങൾ തിങ്ങിനിറഞ്ഞു; ഡൽഹിയിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ല; കഴിഞ്ഞ ഒരാഴ്ച്ചയായി ശരാശരി 304 കോവിഡ് മരണം; താൽക്കാലിക ശ്മശാനങ്ങൾ സജ്ജമാക്കി അധികൃതർ; സാമൂഹിക അകലമില്ലെങ്കിൽ ഒരു കോവിഡ് രോഗി 406 പേർക്കു വരെ രോഗം നൽകുമെന്ന് ഐ.സി.എം.ആർ പഠനം; ഡൽഹിയിൽ ദുരിതമൊഴിയാ നാളുകൾ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ കാര്യങ്ങളെല്ലാം കൈവിട്ട നിലയിൽ. മരണസംഖ്യയും കുതിച്ചുയർന്നതോടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡൽഹി. ശ്വാസം കിട്ടാതെ ആളുകൾ പിടഞ്ഞു വീഴുമ്പോൾ സംസ്ക്കാരത്തിന് പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് ഡൽഹി. നിലവിൽ ദിനംപ്രതി 350ലേറെ പേരാണ് ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയർന്നതോടെ പലയിടത്തും മൃതദേങ്ങൾ സംസ്കരിക്കാൻ താത്കാലിക ശ്മശാനങ്ങൾ സജ്ജമാക്കുകയാണ് അധികൃതർ.
കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ ശേഷം സരായ് കാലെ ഖാൻ ശ്മശാനത്ത് ദിവസേന 60-70 മൃതദേഹങ്ങൾ വരെയാണ് സംസ്കരിക്കുന്നത്. ദിനംപ്രതി 22 മൃതദേഹങ്ങൾ മാത്രം സംസ്കാരിക്കാൻ ശേഷിയുള്ള ശ്മശാനത്താണ് മൂന്നിരട്ടിയോളം മൃതദേഹങ്ങൾ സംസ്കരിക്കേണ്ട സാഹചര്യമുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിൽ ഇവിടെ സംസ്കാരത്തിനായി നൂറിലേറെ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
പുതിയ 20 ഓളം കേന്ദ്രങ്ങൾ ഇന്നുരാത്രിയോടെ സജ്ജമാകുമെന്നും ബാക്കിയുള്ള 80 എണ്ണത്തിന്റെ ജോലികൾ കുറച്ചുദിവസത്തിനകം തന്നെ പൂർത്തിയാകുമെന്നും ശ്മശാന നിർമ്മാണത്തിന്റെ കോൺട്രാക്ടർ ചുമതലയുള്ള പശുപതി മണ്ഡൽ പറഞ്ഞു.
ഡൽഹിയിലെ മറ്റു ശ്മശാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. എല്ലായിടത്തും ഉൾക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങൾ സംസ്കരിക്കേണ്ട സാഹചര്യമാണ്. മുഴുവൻ ശ്മശാനങ്ങൾക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലൻസുകളുടെയും വാഹനങ്ങളുടെയും നീണ്ടനിര കാണാം. മരണസംഖ്യ ഉയർന്നതോടെ ശ്മശാനങ്ങളിൽ സംസ്കാര ജോലികൾ ചെയ്യുന്നവരുടെ ജോലിഭാരവും വർധിച്ചു. ഇതോടെ പലയിടത്തും മൃതദേങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കായി കുടുംബാഗംങ്ങളും സഹായിക്കുന്നതാണ് കാഴ്ച.
അതിനിടെ കർശനമായ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വന്നാൽ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയിൽനിന്ന് ചുരുങ്ങിയത് 406 പേർക്കുവരെ രോഗം വരാമെന്ന് കണ്ടെത്തലും ഡൽഹിയെ ആശങ്കപ്പെടുത്തുന്നു. 30 ദിവസത്തിനകം ഇത്രയും പേർക്ക് പകരുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കുന്നതിൽ 50 ശതമാനം വീഴ്ച സംഭവിച്ചാൽ പോലും അപകട സാധ്യത കൂടുതലാണ്- 15 പേർക്ക് രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാൽ വെറും 2.5 പേർക്കേ സാധ്യതയുള്ളൂ.
ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാൻ ഏറ്റവും മികച്ച മാർഗമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങൾ ഇടവേളക്കു ശേഷം കർശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐ.സി.എം.ആർ പഠനം. സാമൂഹിക അകലം സാമൂഹിക വാക്സിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
വൈറസ് ബാധയുണ്ടായതിന് ആശുപത്രിയിൽ അഭയം തേടുന്നത് ഒഴിവാക്കണമെന്നും അത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിചരണം പൂർണമായി ലഭിക്കാൻ സാരമായി ബാധിച്ചവർ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരിൽ ഭീതി വ്യാപിക്കാൻ ഇത് കാരണമാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലോക്ഡൗൺ മാർഗമാണെന്ന് നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ പോൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ