- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടെയും വിശ്വാസത്തെ തല്ലിത്തകർക്കില്ല; ശബരിമല യുവതീപ്രവേശനത്തിൽ സമവായത്തിന് ശ്രമിക്കും; മറ്റു കാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കും; ദേവസ്വം ബോർഡ് വലിയ ബോംബാണെന്ന ചിത്രീകരണം ശരിയല്ല; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: ആരുടെയും വിശ്വാസത്തെ എൽ.ഡി.എഫ് തല്ലിത്തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.
വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ ഏതെങ്കിലും വിശ്വാസങ്ങളെയോ ക്ഷേത്രങ്ങളെയോ മുസ് ലിം പള്ളികളെയോ തകർക്കാൻ വേണ്ടി എപ്പോഴെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും കെ. രാധാകൃഷ്ണൻ ചോദിച്ചു.
ഇന്ത്യയിൽ 100 വർഷം പിന്നിട്ട കമ്യൂണിസ്റ്റ് പാർട്ടി ഏതെങ്കിലും ആരാധനാലയങ്ങൾ തകർത്തതായി ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്നും ദേവസ്വം മന്ത്രി ചോദിച്ചു. ഓരോ ഘട്ടത്തിലും പല തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകാറുണ്ട്. പിന്നീട് അത് ഇല്ലാതാകും. ദേവസ്വം ബോർഡ് എന്നാൽ വലിയ ബോംബ് ആണെന്ന രീതിയിൽ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായി പുതിയ പദ്ധതികൾ നടപ്പാക്കും. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കും. അവർ പഠിച്ച് വളരട്ടെയെന്നും കെ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമവായത്തിന് ശ്രമിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
ശബരിമലയാണെങ്കിലും മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയമാണെങ്കിലും അതിൽ നേരിട്ട് ഗവൺമെന്റോ കമ്മ്യൂണിസ്റ്റ് പാർട്ടിയൊ ഇടപെട്ടിട്ടില്ല. കോടതികൾ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്നും അദ്ദേഹം പറഞ്ഞുവെച്ചിരുന്നു.
കാണിക്ക വഞ്ചിയിൽ നിന്നോ ഭണ്ഡാരത്തിൽ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോർഡുകളുടെ നിലനിൽപ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാൻ കഴിയണം. എക്കാലത്തും സർക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോർഡുകൾക്ക് നിലനിൽക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണൻ വ്യക്തമാക്കി.
മുതിർന്ന സിപിഎം നേതാവായ മുന്മന്ത്രി കെ.രാധാകൃഷ്ണനാണ് ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകളാണ് ഭരിക്കുക. പിന്നോക്ക ക്ഷേമ വകുപ്പും രാധാകൃഷ്ണൻ കൈകാര്യം ചെയ്യും. സ്പീക്കർ പദവിയിൽ ഇരുന്നു സഭ നിയന്ത്രിച്ചിട്ടുള്ള വ്യക്തിയാണ് കെ രാധാകൃഷ്ണൻ. കോവിഡ് മൂലം ക്ഷേത്രങ്ങൾ അടച്ചിടേണ്ടിവന്നതിനെ തുടർന്നു വരുമാനം ഇല്ലാതായ സാഹചര്യത്തിൽ കടുത്ത വെല്ലുവിളിയാണ് രാധാകൃഷ്ണനു മുന്നിലുള്ളത്.
കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയിൽനിന്നും നിയമസഭാംഗമാവുന്നത്. അന്ന് നായനാർ മന്ത്രിസഭയിൽ പട്ടികജാതി, പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയിൽ നിന്നും വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ൽ നിയമസഭാ സ്പീക്കറായി. 2011ൽ വീണ്ടും ചേലക്കരയിൽ നിന്നും വിജയിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ മൽസരിച്ചില്ല. സംഘടനരംഗത്ത് സജീവമായ രാധാകൃഷ്ണൻ സിപിഎം ജില്ലാ സെക്രട്ടറിയായി. തുടർന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണൻ ദളിത്ശോഷൻ മുക്തി മഞ്ചിന്റെ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം തൃശൂർ കേരളവർമ കോളജിലെ ബിരുദ പഠനത്തിനുശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1982ൽ സിപിഎം അംഗമായി. 2002ൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായി. 2008ൽ സംസ്ഥാന കമ്മിറ്റി അംഗവും 2018ൽ കേന്ദ്രകമ്മിറ്റി അംഗവുമായി. 1991ൽ വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും ആദ്യ ജില്ലാ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്ററി ജീവിതത്തിനു തുടക്കം കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ