വാർഡുകളുടെ കളി പലപ്പോളും അങ്ങിനെയാണ്. ആയുഷ്‌ക്കാലം ശാന്തിയുടെ പ്രവാചകനായിരുന്ന മഹാത്മാഗാന്ധിക്ക് ഒരിക്കലും കൊടുക്കാതിരുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം, യുദ്ധക്കൊതിയൻ എന്നറിയപ്പെടുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന് കിട്ടിയിട്ടുണ്ട്! അതുകൊണ്ട് ഗാന്ധിജിയുടെ മഹത്വം ലോകത്തിനു മുന്നിൽ കുറഞ്ഞുപോവുകയോ, ആസ്ഥാന യുദ്ധക്കൊതിയൻ എന്ന് റീഗന് മാലോകർ കൽപ്പിച്ചു നൽകിയ പദവി മാഞ്ഞുപോവുകയോ ചെയ്തിട്ടില്ല.അവാർഡുകളുടെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ.ഓസ്‌ക്കാർ അവാർഡ് തൊട്ട് നമ്മുടെ സംഗീത നാടക അക്കാദമി അവാർഡ് വരെ ഒന്നും ഒന്നിനും അവസാന വാക്കല്ല.

ഒരു ജൂറിക്ക് ഇഷ്ടപ്പെടുന്ന പടങ്ങൾക്ക് മറ്റൊരു ജൂറിക്ക് നല്ല അഭിപ്രായം ഉണ്ടായിക്കൊള്ളണവും എന്നില്ല.( ഭാരതീരാജ പറഞ്ഞപോലെ, അന്തജൂറിവേറെ ഇന്ത ജൂറിവേറെ) കായിക ഇനങ്ങളെപ്പോലെ ടേപ്പ്വച്ച് അളന്ന് വിജയിയെ പ്രഖ്യാപിക്കാൻ കഴിയില്ലല്ലോ, കലാലോകത്ത്.അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികവും. പക്ഷേ എതൊരു കണ്ണുപൊട്ടനും അവാർഡ് കൊടുത്തുപോവുന്ന 'മുന്നറിയിപ്പ്', 'ഞാൻ സ്റ്റീവ് ലോപ്പസ'് ,'അപ്പോത്തിക്കിരി', 'ഇയ്യോബിന്റെ പുസ്തകം', 'ഞാൻ' തുടങ്ങിയ സിനിമകളെ ഒതുക്കിയത് അതിശയിപ്പിക്കുന്നതാണ്.മാത്രമല്ല, അവാർഡ് കമ്മറ്റിയിട്ടപ്പോൾതന്നെ ഇത്തവണ മമ്മൂട്ടിക്കും ഫഹദിനുമൊന്നും അവാർഡ് ഉണ്ടാവില്‌ളെന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു അംഗം തന്നെ പറഞ്ഞു നടക്കയായിരുന്നു. ആദ്യം ഗോസിപ്പെന്ന നിലയിൽ അത് തള്ളിയതായിരുന്നു. പക്ഷേ അവാർഡ് പ്രഖ്യാപനം അറിഞ്ഞപ്പോഴാണ് ഞെട്ടിയത്. അപ്പറഞ്ഞത് അക്ഷരംപ്രതി. മുൻകൂട്ടിതീരുമാനിച്ച് അവാർഡ് നൽകാനാണെങ്കിൽ എന്തിനാണ് ഒരു കമ്മറ്റി.

മാത്രമല്ല, ഇത് എഷ്യാനെറ്റ് അവാർഡോ, വനിതാ അവാർഡോ ഒക്കെയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. കാരണം അവരുടെ കാശ് അവരുടെ അവാർഡ്. എന്നാൽ എന്നെയും നിങ്ങളെയുംപോലുള്ള നികുതിദായകരുടെ പണം എടുത്താണ് സംസ്ഥാന അവാർഡ് നൽകുന്നത്. (ഈ പരിപാടി മാറ്റണമെന്നും, നികുതിദായകരുടെതല്ല, ആസ്വാദകരുടെ പണം മാത്രമെടുത്താവണം സംസ്ഥാന അവാർഡ് കൊടുക്കേണ്ടതെന്ന് എംപി നാരായണപ്പിള്ള ഒരിക്കൽ എഴുതിയതിനെ തുടർന്ന് അന്നത്തെ നായനാർ സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നു. സിനിമാ ടിക്കറ്റ് നിരക്കിൽ ഇതിനായി പത്തുപൈസയുടെയോ മറ്റോ നികുതി എർപ്പെടുത്തണമെന്നായിരുന്ന നാരായണപ്പിള്ളയുടെ നിർദ്ദേശം) ജൂറി അംഗങ്ങൾ പഞ്ചനക്ഷത്രഹോട്ടലുകളിൽ തങ്ങി മദ്യപിച്ച ബില്ലുപോലും സർക്കാർ വകയാണ്.( മൂന്നാലുകൊല്ലംമുമ്പൊരു ജൂറി ഇങ്ങനെ ലക്ഷക്കണക്കിന് രൂപക്ക് കുടിച്ചത് വിവാദമായിരുന്നു) അപ്പോൾ നമ്മൾ പൊതുജനങ്ങൾ അതിൽ സുതാര്യത പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ? എറ്റവും ചുരുങ്ങിയത് ജൂറി അംഗങ്ങൾ ഇതൊക്കെ കണ്ടോയെന്ന് അറിയാനുള്ള അവകാശമെങ്കിലും പൊതുജനത്തിനില്ലേ.

ജോൺപോളിന് എന്തുപറ്റി

കടിച്ചപാമ്പിനെകൊണ്ടുതന്നെ വിഷമിറപ്പിക്കുക എന്ന പറഞ്ഞ രീതിയിലായിപ്പോയി ഈ പരിപാടി. അവാർഡ് നിർണ്ണയരീതികൾ സുഗമമാവേണ്ടതിനെക്കുറിച്ചും മറ്റും എപ്പോഴും പറയുന്ന, ലോക സിനിമയെ അറിയുന്ന, കഴിവുറ്റ തിരക്കഥാകൃത്തുകൂടിയായ ജോൺപോളിനെക്കൊണ്ട് അദ്ദേഹം നാളിതുവരെ പറഞ്ഞുവന്ന എല്ലാ ആശയങ്ങൾക്കും വിരുദ്ധമായി അവാർഡ് കൊടുപ്പിക്കാൻ അക്കാദമിയിലെ കാർക്കോടകന്മാർക്കായി.

'1983', 'ബാംഗ്‌ളൂർ ഡെയസ'് എന്നീ ചിത്രങ്ങളിൽ ശരാശരിക്ക് മുകളിൽ എന്നല്ലാതെ, അവാർഡ് കിട്ടാന്മാത്രം എന്ത് അസാധാരണമായ പ്രകടനമാണ് നിവിൻപോളിയിൽനിന്ന് ഉണ്ടായത്. അതുവരെ സ്വിറ്റേഷ്വണൽ കോമഡിയിൽ ഒതുങ്ങിനിന്ന നിവിൻ, ബാംഗ്‌ളൂർ ഡെയസ്്‌സിൽ ലൈവ് കോമഡിയും വ്യത്യസ്തമായ ശരീരഭാഷയുമായി രംഗത്തത്തെി പ്രേക്ഷകരെ രസിപ്പിച്ചുവെന്നത് സത്യമാണ്.ബാബുരാജും, ഭീമൻ രഘുവും കോമഡിചെയ്തപ്പോൾ പ്രേക്ഷകന് എതാണ്ട് ഇതേ മേക്ക് ഓവറാണ് ഉണ്ടായത്. '1983' എന്ന മികച്ച ചിത്രത്തിലും നിയന്ത്രിത അഭിനയംമൂലം നിവിൻ തന്റെ ഭാഗം ഭദ്രമാക്കിയിട്ടുണ്ട്. പക്ഷേ ഒരു അവാർഡിന് അതുപോരല്ലോ.[BLURB#1-VL] 

ആരെയൊക്കെ തഴഞ്ഞാണ് നിവിന് അവാർഡ് നൽകിയതെന്ന് നോക്കുക. കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളത്തിൽ ഉണ്ടായ ഏറ്റവും നല്ല സിനിമകളിൽ ഒന്നെന്ന് വിലയിരുത്തപ്പെട്ട 'മുന്നറിയിപ്പിലെ' മമ്മൂട്ടിയെയും, 'ഇയ്യോബിന്റെ പുസ്തകത്തിലൂടെ' ഇടിവെട്ട് പ്രകടനം കാഴ്ചവച്ച ഫഹദ് ഫാസിലിനെയും മറികടന്നാണിത്. തൊട്ടുപിറകിൽ 'അപ്പോത്തിക്കിരിയിലെ' ജയസൂര്യയും, 'ഞാനിലെ' ദൂൽഖർ സൽമാനുമുണ്ട്. ഈ ജൂറി ഒരു കാര്യം ചെയ്യട്ടേ. കുറച്ച് എൽ.പിസ്‌ക്കൂൾ കുട്ടികളെ ഈപടങ്ങളൊക്കെ കാണിച്ച് ആരാണ് നല്ലനടൻ എന്നുചോദിച്ചുനോക്കുക. നിവിൻപോളി ഏറ്റവും അവസാനത്തായിരിക്കും. അതായത് കാഴ്ചക്ക് കുറവില്ലാത്ത എതൊരു പ്രേക്ഷകനും മമ്മൂട്ടിയുടെയും ഫഹദിന്റെയുമൊക്കെ അഭിനയ മികവ് പിടികിട്ടും. എന്നിട്ടും ജോൺപോളിനെപ്പോലുള്ള ലോകസിനിമകൾ അറിയുന്ന ഒരു പണ്ഡിതന് ഈ മാറ്റം മനസ്സിലായില്ലെന്ന് പറയുന്നത് അതിശയമാണ്.

രണ്ടുപേർ ശക്തമായ അഭിനയ മൽസരം ഉണ്ടാകുമ്പോൾ ജൂറിയിൽ ആശയക്കുഴപ്പവും ഭിന്നതയും ഉണ്ടാവുന്നത് സ്വാഭാവികം. മുമ്പ് ഒരു ദേശിയ അവാർഡിന് മമ്മൂട്ടിയുടെ വടക്കൻ വീരഗാഥയും , മോഹൻലാലിന്റെ കിരീടവും എത്തിയപ്പോൾ ജൂറിയിൽ കടുത്ത ഭിന്നതയുണ്ടായതായി വാർത്ത വായിച്ചത് ഓർമ്മയുണ്ട്. രണ്ടു നടന്മാരും ഒന്നിനൊന്നങ്ങ് അഭിനയച്ച് തകർക്കുമ്പോൾ ആർക്കാണ് അവാർഡ് നൽകുക. അവസാനം ജൂറി ചെയർമാന്റെ കാസ്റ്റിങ്ങ് വോട്ടിൽ, നേരിയ വ്യത്യാസത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടി. എന്നാൽ ജൂറി മോഹൻലാലിനെ തഴഞ്ഞില്ല. അദ്ദേഹത്തിന് സ്‌പെഷ്വൽ ജൂറി അവാർഡ് കൊടുക്കുകയും ചെയ്തു. (അതും ഒരുമാന്യതയാണ്. ദേശീയ തലത്തിലെ മികച്ച നടനെ, സംസ്ഥാനത്തെ ഹാസ്യനടനാക്കി ആനന്ദിച്ചവർക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല) തിലകനും, അമിതാബച്ചനും ദേശീയ അവാർഡിന് മൽസരിച്ചപ്പോഴും ജൂറിയിൽ വലിയ തർക്കം ഉണ്ടായിരന്നു. അത് പ്രതിഭയുടെ ധാരാളിത്തം കൊണ്ടാണ്. എന്നാൽ നമ്മുടെ സംസ്ഥാന അവാർഡിൽ അങ്ങനെ ഒരു സർഗാത്മക ഭിന്നതയുണ്ടായിരുന്നോ? ഇവിടെയെല്ലാം ഈസി വാക്കോവറായിരുന്നു. ആരോകൊടുത്ത ലിസ്റ്റ് അവർ അംഗീകരിച്ചപോലെ തോനുന്നു.

ലോക സിനിമ കുട്ടികളെ പഠിപ്പിച്ച് പഠിപ്പിച്ച് ജോൺപോൾ സാർ എവിടെയത്തെിയെന്തിന് മറ്റൊരു ഉദാഹരണമാണ് തിരക്കഥക്ക് 'ബാംഗ്‌ളൂർ ഡെയ്‌സിന്' കൊടുത്തത്. സാറേ, ഐസൻസ്റ്റീൻ മുതൽ കിം കീഡുക്ക് വരെ സാറ് ഉദ്ധരിക്കാറുള്ള എത് ചലച്ചിത്ര പ്രതിഭയുടെ രചനാസങ്കേതമായിരുന്ന് ഇതിൽ പ്രയോഗിച്ചത്. ഒരു വാണിജ്യ സിനിമയുടെ എല്ലാം മസാലക്കൂട്ടുകളും ലക്ഷണമൊത്ത രീതിയിൽ അരച്ചുകലക്കുകയാണോ, നല്ല തിരക്കഥയുടെ ലക്ഷണം. 'ഇയ്യോബിന്റെ പുസ്തകത്തിലെ' ലാലിന്റെ പ്രകടനം കണ്ടില്ലെന്ന് നടിച്ച്, നമ്മുടെ അനൂപ് അണ്ണനെ മികച്ച സഹനടനാക്കിയത് മറ്റൊരു കോമഡി. ഈ സിനിമയിലെ ലാലിന്റെ ശൈലിയെ ബ്രാന്റോയോടൊക്കെ താരതമ്യം ചെയ്ത് ഒരിടത്ത് താങ്കൾ സംസാരിച്ചത് ഇത്രവേഗം മറന്നുപോയോ. ലോക സിനിമ അത്യാവശ്യം നന്നായി അറിയുന്ന അനൂപ് മേനോൻ ഈ അവാർഡ് കേട്ട് ചിരിച്ചപോയി എന്നാണ് അറിയാൻ കഴിഞ്ഞത്. ആ പാവം പിടിച്ച നടി സേതുലക്ഷ്മി സഹനടിക്കുള്ള അവാർഡ് കേട്ട് തലകറങ്ങിപ്പോയിരിക്കണം. 'ഹൗ ഓൾഡ് ആർ യൂവിലെ' അവരുടെ ഹ്യൂമർടച്ചുള്ള കഥാപാത്രത്തിന് അവാർഡ് കിട്ടുമെന്ന് ആരും കരുതിയിരുന്നില്ല. മറ്റുള്ളവരെ ഹീനമായി ഒതുക്കാൻവേണ്ടിയാണ് ,അല്ലാതെ സേതുലക്ഷ്മിയോടുള്ള സ്‌നേഹം കൊണ്ടല്ല ഈ അവാർഡ് എന്നൊക്കെ ആർക്കും മനസ്സിലാവും. ഇങ്ങനെനോക്കുമ്പോൾ കലാമേന്മയും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള അവാർഡ് 'ഓം ശാന്തി ഓശനക്ക്' കിട്ടിയതിൽ അമ്പരപ്പൊന്നും വേണ്ട.[BLURB#4-H] 

ഇനി നോക്കുക. തഴയപ്പെട്ട ചിത്രങ്ങളെല്ലാം വ്യക്തമായ രാഷ്ട്രീയ സാംസ്‌ക്കരിക കാഴ്ചപ്പാടുകൾ ഉള്ളവയാണ്. അവാർഡ് കിട്ടയതോ വെറും പൈങ്കിളിവ്യക്തി അതിഷ്ഠിത ജീവിതത്തെ പ്രോൽസാഹിപ്പിക്കുന്നതും. ഈ ഒരു കാഴ്ചപ്പാട് അനുസരിച്ചാണെങ്കിൽ അടുത്ത തവണ രാജ്‌മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള ജൂറി മതി.ഉണ്ണിത്താനും ഒരു ചലച്ചിത്ര പ്രതിഭയല്ലേ!

സൗന്ദര്യം മമ്മൂട്ടിക്ക് ശാപമായപ്പോൾ !

ഇനി അവാർഡിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെയാണ്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ ബീനാപോൾ അക്കാദമിയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ഈയിടെ പടിയിറങ്ങിയത്. എന്തൊക്കെ പറഞ്ഞാലും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തെയൊക്കെ മാതൃകാപരമായി നടത്തുന്നതിന് ബീനാപോൾ വഹിച്ച പങ്ക് നിർണായകമാണ്. ബീനാപോളിന്റെ ഭർത്താവും പ്രശസ്ത ഛായാഗ്രാഹകനുാമയ വേണുമാണ് 'മുന്നറിയിപ്പിന്റെ' സംവിധായകൻ. അപ്പോൾ പിന്നെ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കണ്ടല്ലോ. ഇത്തവണ ഈ പടത്തെ നിലം തൊടീക്കിലെന്ന് അവാർഡ് പ്രഖ്യാപനത്തിന്മുമ്പേതന്നെ ചിലർ പ്രഖ്യാപിച്ചിരുന്നു.

വാണിജ്യസിനിമകളുടെ വക്താക്കളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇത്തണ ജൂറിയുണ്ടാക്കിയത്.അതിൽതന്നെ ക്യാമറാൻ സണ്ണിജോസഫ് കമ്മറ്റിയിൽനിന്ന് ഇറങ്ങിയും പോയി. അദ്ദേഹത്തിന്റെ അഭാവത്തിലാണ് മികച്ച ക്യാമറാനുള്ള അവാർഡ് നിർണ്ണയിച്ചത്.ഛായാഗ്രഹണത്തിലെ സൗന്ദര്യം ആസ്വദിക്കാൻ സംവിധായകർ മാത്രം മതിയെന്ന നിലപാടാണ് ജൂറി ചെയർമാൻ ജോൺപോൾ എടുത്തത്.അങ്ങനെയാണെങ്കിൽ സംഗീതത്തിനും മറ്റുവിഭാഗങ്ങൾക്കുമൊക്കെ സംവിധായകർ മാത്രം പോരെ. തീർത്തും ടെക്‌നിക്കലായ ചില കാര്യങ്ങൾ മനസ്സിലാക്കാൻ അതാത് മേഖലിലെ വിദഗ്ദ്ധർതന്നെ വേണം. (വർഷങ്ങൾക്കുമുമ്പ് ഒരു സംസ്ഥാന ജൂറിയിൽ നടി സീമ അംഗമായിരുന്നു. അന്ന് 'തക്ഷശില'യെന്ന ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഹിമാലയം കണ്ട്, ഇത് ഒറിജിനൽ മഞ്ഞാണോ എന്ന് അവർ ചോദിച്ചവെന്നത് വലിയ തമാശയായിരുന്നു.)[BLURB#2-VR]

ഇനി ജോൺപോൾ പറഞ്ഞതായി ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തയും വിവാദമായിട്ടുണ്ട്. ജയിലിൽ കിടന്ന രാഘവന്റെ ( 'മുന്നറിയിപ്പിൽ' മമ്മൂട്ടി ചെയ്ത കഥാപാത്രം) ഭംഗിയാണ് അവാർഡ് നൽകാതിരാക്കാൻ കാരണമത്രേ. എങ്കിൽ ആ അവാർഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് എഴുത്തുകാരനും 'മുന്നറിയിപ്പിന്റെ' രചന നിർവഹിക്കുകയും ചെയ്ത ഉണ്ണി. ആർ തുറന്നടിക്കുന്നു. ഒരു നടന്റെ അഭിനയമല്ല രൂപമാണ് മാനദണ്ഡമെങ്കിൽ ജൂറി ചെയർമാനോട്, ഹാ കഷ്ടമമെന്നേ പറയാനുള്ളൂവെന്ന് ഉണ്ണി വ്യക്തമാക്കി.

'കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയിലുകൾ സന്ദർശിച്ച ശേഷമാണ് ഈ സിനിമക്ക് വേണ്ടിയുള്ള കഥാപാത്രത്തെ വാർത്തെടുത്തത്. ഇതിന് ഉത്തമ ഉദാഹരമാണ് ഗോവിന്ദചാമി. ജയിലിൽ പോവുമ്പോൾ ഉള്ള രൂപവും, പിന്നീട് ഒരു വർഷത്തിന് ശേഷം മാദ്ധ്യമങ്ങളിൽ അയാളെ വീണ്ടും കാണിച്ചപ്പോൾ ഉള്ള മാറ്റവും നാമെല്ലാം കണ്ടതാണ്. മുന്നറിയിപ്പിലെ രാഘവനും ജയിലിനുള്ളിൽ തന്നെയാണ് ജോലി. അയാൾ ഭക്ഷണം കഴിച്ച് വെയിൽ കൊള്ളാതെ മതിലുകൾക്കുള്ളിൽ സ്വതന്ത്രനായി ജീവിക്കുകയാണ്.ഇനിയുള്ള ജയിൽ കഥാപാത്രങ്ങൾ വിരൂപരായിരിക്കണമെന്ന് സർക്കാരിനോട് ജൂറി ചെയർമാൻ അഭ്യർത്ഥിക്കരുതെന്ന ഒരു അപേക്ഷ കൂടിയുണ്ട്'.ഉണ്ണി. ആർ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ഇത് ശരിയാണെങ്കിൽ നാടൻ ഭാഷയിൽ 'തൂറി തോൽപ്പിക്കുക' എന്നുപറയുന്നപോലുള്ള ഒരുപരിപാടിയല്ലേ. ഒരു നടന്റെ സൗന്ദര്യം നോക്കിയാണോ അവാർഡ് കൊടുക്കുക. പക്ഷേ ആ കഥാപാത്രത്തിന്റെ ശരീരഭാഷയിലേക്ക് കൃത്യമായി എത്തുന്നുണ്ട് മമ്മൂട്ടി. സൗന്ദര്യം കൂടിപ്പോയതിന്റെ പേരിൽ ലോക ചരിത്രത്തിൽ ആദ്യമായി അവാർഡ് നിഷേധിക്കപ്പെടുന്ന താരം മമ്മൂട്ടിയായിരിക്കും!ഇങ്ങനെ മൊത്തത്തിൽ കോമഡിയായിട്ടും ഈ അവാർഡിനെക്കുറിച്ച് കാര്യമായ പ്രതിഷേധം ഉയരാത്തത് അതിശയമാണ്. ജോൺപോൾ എന്ന വ്യക്തിയോടുള്ള ബഹുമാനവും,അദ്ദേഹത്തിന്റെ അത്യസന്ധതയിലുള്ള വിശ്വാസവും ആയിരക്കണം ഒരുപക്ഷേ ഇതിനുകാരണം. ജോൺപോളിനെ മുന്നിൽനിർത്തി കളിച്ചവർ ആഗ്രഹിച്ചതും അതുതന്നെ.

നിവൻപോളി: വിമർശനങ്ങൾക്ക് തടയിടാനുള്ള മറ

ഇതിനർഥം നിവൻപോളി ജൂറി അംഗങ്ങളെ സ്വാധീനിച്ച് എന്തെങ്കിലും അനർഹമായി ചെയ്തു എന്നല്ല.യാതൊരു ഉപജാപങ്ങൾക്കുംപോവാതെ സ്വന്തം കരിയർമാത്രം നോക്കിപ്പോവുന്ന ഒരാളാണ് നിവിനെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം. അവാർഡിന്റെ അവസാനഘട്ടത്തിലാണ്, താൻ പരിഗണിക്കപ്പെടുന്നുണ്ടെന്ന വിവരംപോലും നിവിൻ അറിഞ്ഞത്.

പക്ഷേ ജൂറിയുടെ പ്രശ്‌നം നിവിൻ എന്ന വ്യക്തിയല്ല. താരമാണ്. 'പ്രേമം'ന്റെ സർവകാല റിക്കോർഡ് ഇട്ടതോടെ നിവിന്റെ പ്രതിഫലം മമ്മൂട്ടിക്കും ലാലിനും തുല്യമായി ഉയർന്നുവല്ലോ.ഇനിയുള്ള മലയാള വ്യാവസായിക സിനിമയെ നിയന്ത്രിക്കുന്ന ശക്തികളിൽ പ്രമുഖൻ ഈ നടൻ കൂടിയാണ്.സൂപ്പർതാരം എന്ന് അനൗൺസ് ചെയ്യുന്നില്‌ളെങ്കിലും പ്രഥ്വീരാജും ദിലീപും അടക്കമുള്ള നിരയെ ബഹുദൂരം പിന്തള്ളിക്കൊണ്ട് നിവിൻ ആ പദവിയിലേക്ക് ഉയർന്നുകഴിഞ്ഞു. അങ്ങനെ വരുമ്പോൾ വിപണിയുടെ വലിയൊരു സാധ്യതയാണ് നിവൻപോളി പ്രീതിയിലൂടെ ഈ ജൂറിയിലെ വിളഞ്ഞവിത്തുകളിൽ പലരും ലക്ഷ്യമിടുന്നത്. ജൂറിചെയർമാൻ താങ്കൾക്ക് അവാർഡ് നൽകുന്നതിന് അവസാന നിമിഷവും എതിരായിരുന്നെന്നും, പിന്നെ ഞങ്ങളൊക്കെ ശക്തമായി സമ്മർദം ചെലുത്തിയാണ് കാര്യങ്ങൾ ഈ വഴിക്ക് കൊണ്ടുവന്നതെന്ന്, യാതൊരു ഉളുപ്പുമില്ലാതെ ഇവർ വൈകാതെ നിവിന്റെ ചെവിയിലും എത്തിക്കും.ഒപ്പം അവരുടെ ചാർച്ചക്കാർക്ക് നിവിന്റെ ഡേറ്റും വേണം!

അല്ലെങ്കിൽ അപ്പപ്പോൾ കാണുന്നവനെ അപ്പായെന്ന് വിളിക്കാൻ സിനിമക്കാരെക്കാൾ മിടുക്കർ ആരാണുള്ളത്. 'പ്രേമം' സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് നമ്മുടെ പ്രമുഖ സംവിധായകരോടും എഴുത്തുകാരോടും ചോദിച്ചുനോക്കൂ. അത് വെറും ചവറാണെന്ന് സൗഹൃദ സദസ്സുകളിൽ വിദേശമദ്യവും അച്ചാറും തൊട്ടുനക്കി സിദ്ധാന്തിക്കുന്ന ഒറ്റൊരുത്തനം പക്ഷേ അത് പരസ്യമായി പറയാൻ ധൈര്യമില്ല. കാരണം നിവൻപോളിയുടെ താരപദവിയെ അവർ ഭയക്കുന്നു.സംവിധായകൻ കമൽ പറഞ്ഞ ബാലിശമായ അഭിപ്രായമല്ലാതെ 'പ്രേമവും' മലയാളി പ്രേക്ഷകരുടെ മാസ് സൈക്കോളജിയും തമ്മിലുള്ള ആരോഗ്യകരമായ സംവാദംപോലും ഇവിടെയുണ്ടായില്ല. പ്രേമം കണ്ട് ചിരിക്കുന്നവർക്കാണോ അതോ എനിക്കാണോ ഭ്രാന്ത് എന്ന് ചോദിച്ച് ഗായകൻ വേണുഗോപാൽ ഇട്ട പോസ്റ്റ് ,എന്തുകൊണ്ടാണ് പിൻവലിക്കണമെന്ന് അദ്ദേഹത്തിനുതന്നെ തോന്നിയത്. അതായത് പണവും, താരപദവിയുമുള്ളവനെ എല്ലാവരും അബോധമായി ഭയക്കുന്നുവെന്ന് ചുരുക്കം. ഈ മൈൻഡ് സെറ്റിന്റെ ഉപോൽപ്പന്നമാണ് സത്യത്തിൽ നിവിന് കിട്ടിയ ഈ അവാർഡ്. ഇത് നിവിൻ എന്ന സൂപ്പർതാരത്തിനുള്ള ദക്ഷിണയാണ്. അല്ലാതെ നടനുള്ളതല്ല.

ഇനി നോക്കുക, ഇത്രയും വലിയൊരു അനീതി നടന്നിട്ട് ഫേസ്‌ബുക്കിലെ പിള്ളേരല്ലാതെ,ചലച്ചിത്രലോകത്തുനിന്ന് കാര്യമായ എന്തെങ്കിലും പ്രതിഷേധമുണ്ടായോ? ഇതിനുവേണ്ടിതന്നെയാണ് അവർ നിവിന് കൊടുത്തതും. വിപണിയിലെ നമ്പർ 1 ബ്രാൻഡിന്റെപേര് മുന്നിൽ എടുത്തിട്ടാൽ വിമർശിക്കാൻ ആരുമുണ്ടാവില്‌ളെന്ന് അവർക്ക് നന്നായി അറിയാം.അല്ലാതെ നിവിനോടുള്ള സ്‌നേഹം കൊണ്ടല്ല. ഒരുകാരണവശാലും ചിലർക്ക് അവാർഡ് കൊടുക്കരുതെന്ന് ഈ ജൂറി ആദ്യമേ തീരുമാനിച്ചിട്ടുണ്ട്്. അത് മുങ്ങിപ്പോവണമെങ്കിൽ നിവിനെതന്നെ മുന്നിലിടണം. രാഷ്ട്രീയക്കാർ നമിച്ചുപോവുന്ന കുടില ബുദ്ധിയാണ് ചലച്ചിത്ര അക്കാദമിയുടെതുതെന്ന് പറയാതെ വയ്യ![BLURB#3-H]

കൂട്ടത്തിൽ പറയട്ടെ, ഈ ലേഖകന് നിവിൻപോളിയോട് യാതൊരു വിരോധവുമില്‌ളെന്ന് മാത്രമല്ല, അയാളുടെ ആരാധകൻ കൂടിയാണ്. നിവിനെപ്പോലുള്ള മിടുക്കൻ അഭിനേതാക്കൾ കയറിവരുന്നത് മലയാള സിനിമയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ( ചുവരില്ലാതെ, ചിത്രം വരക്കാനാവില്ലല്ലോ? സിനിമയില്‌ളെങ്കിൽ പിന്നെന്ത് നിരൂപണം) പക്ഷേ അർഹരെ തഴഞ്ഞ് പുരസ്‌ക്കരങ്ങൾ വീതം വെക്കുകയും, പരിണിതപ്രജ്ഞനായ ജോൺപോളിനെപ്പോലൊരാൾ അതിന്കൂട്ടുനിൽക്കയും ചെയ്യുന്നതിനോടാണ് കടുത്ത പരിഭവവും പ്രതിഷേധവും.

വാൽക്കഷ്ണം:മുമ്പ് 'വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന' സിനിമയിലെ അഭിനയത്തിന് നമ്മുടെ ദിലീപേട്ടന് അവാർഡ് നൽകിയതാണ് ഇപ്പോൾ ഓർമ്മവരുന്നത്. ഒരു ശരാശരി റോൾ.അന്നും നല്ല അഭിനേതാക്കൾ തഴയപ്പെട്ടു. അവാർഡ് കിട്ടിയപ്പോൾ തലക്ക് അടികിട്ടിയപോലായിപ്പോയെന്നാണ് ദിലീപിന്റെ ആദ്യ പ്രതികരണം. അന്നത്തെ ജൂറി ചെയർമാൻ ഭാഗ്യരാജ് പിന്നീട് ദിലീപിന്റെ അടുത്തസുഹൃത്തായെന്നാണ് കേട്ടത്. തൊട്ടടുത്ത വർഷം അവർ 'മിസ്റ്റർ മരുമകൻ' എന്ന സിനിമയുമായത്തെി. ഇനി നിവിനെവച്ച് ആരൊക്കെ എന്തൊക്കെ പടമെടുക്കുമെന്നും എത്ര ഏക്കർ സബർജില്ലി തോട്ടം വാങ്ങുമെന്നൊക്കെ കാത്തിരുന്ന് കാണാം!