- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശക്കല്യാണം: വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റീനിലാക്കാൻ നിർദ്ദേശം; വിമാനത്തിലുണ്ടായ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ പണി കൂടും; ദമ്പതികൾക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്; വിമാനത്തിലെ പൈലറ്റ് ഉൾപ്പടെയുള്ളവരെ ജോലിയിൽ നിന്നും നീക്കി; നവദമ്പതികൾക്ക് ഇനി വിവാദങ്ങളുടെ മധുവിധു
മധുര: ലേശം കൗതുകം കൂടുതലാ എന്നു പറഞ്ഞത് പോലെയാണ് മധുരയിലെ നവദമ്പതികളുടെ കാര്യം. ഭൂമിയിൽ ലോക്ഡൗൺ കാരണം വിവാഹം ആർഭാടമാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് എന്നാൽ ആകാശത്ത് വച്ച് നടത്താമെന്ന കൗതുകം ഇവരിലുണ്ടായത്. വിവാഹമൊക്കെ കഴിഞ്ഞപ്പോൾ ഇവരെ കാത്തിരിക്കുന്നതാകട്ടെ വിവാദങ്ങളുടെ മധുവിധു.
വിമാനത്തിൽ വച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തവരോടൊക്കെ ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിരിക്കുകയാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് അധികൃതർ.ഇനി ഇതിൽ ഏതെങ്കിലുമൊരാൾക്ക് കോവിഡ് ബാധിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ദമ്പതികൾക്കെതിരെ പൊലീസും വിമാന കമ്പനിക്കെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷണം തുടങ്ങി. പൈലറ്റിനെയും മറ്റുജീവനക്കാരെയും താൽകാലികമായി ജോലിയിൽ നിന്ന് നീക്കി.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയുള്ള ആകാശക്കല്യാണത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം വിവാദമായി. വ്യോമയാന രംഗത്തെ നിയമങ്ങൾ ലംഘിച്ചതിനെ കുറിച്ചു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്പൈസ് ജെറ്റിനോടു വിശദീകരണം തേടി. പൈലറ്റടക്കമുള്ള ജോലിക്കാരെ മാറ്റിനിർത്താൻ നിർദ്ദേശിച്ചു. യാത്രക്കിടെ വിമാനത്തിൽ വീഡിയോഗ്രഫി അനുവദിച്ചത് കമ്പനിക്കു കുരുക്കായി.
വാടകയിനത്തിൽ കിട്ടിയതിന്റെ ഇരട്ടിയിലേറെ പിഴയൊടുക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അതേസമയം വിവാഹം കഴിഞ്ഞ് ഭൂമിയിലെത്തിയ രാജേഷിനും ഭാര്യക്കും ബന്ധുക്കൾക്കുമെതിരെ മധുര പൊലീസും അന്വേഷണം തുടങ്ങി. കേസിന് പുറമെ ആകാശ വിവാഹത്തിൽ പങ്കെടുത്തവരെയെല്ലാം ക്വാറന്റീനിലാക്കാനാണു നിലവിൽ പൊലീസ് ആലോചിക്കുന്നത്.
വിവാഹ ചടങ്ങുകളിൽ പത്തുപേർക്കു പങ്കെടുക്കാനാണ് നിലവിൽ തമിഴ്നാട്ടിൽ സർക്കാരിന്റെ അനുമതി. മധുരയിലെ രാജേഷെന്ന യുവാവ് നിയന്ത്രണം മറിടക്കാൻ കണ്ട മറുവഴിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിറകെ കേസായത്. ഭൂമിയിൽ മാത്രമേ നിയന്ത്രണം ബാധകമാകൂ, ആകാശത്ത് എത്രപേരെയും കൂട്ടി വിവാഹച്ചടങ്ങ് നടത്താമെന്ന ബുദ്ധിയിൽ സ്പെസ് ജെറ്റിന്റെ വിമാനം ചാർട്ടർ ചെയ്തു.
167 ബന്ധുക്കളെയും വധു ദക്ഷിണയെയും കൂട്ടി ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മധുര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ടേക്ക് ഓഫ് കഴിഞ്ഞു മിനിറ്റുകൾക്കകം വിമാനം മധുര മീനാക്ഷി കോവിലിന് മുകളിലെത്തി. താഴെ ദേവിയെയും വിമാനത്തിൽ പ്രിയപെട്ടവരെയും സാക്ഷിയാക്കി രാജേഷ് ദക്ഷിണയെ മിന്നുകെട്ടി. ഞായറാഴ്ചയാണ് മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്കു ചാർട്ടർ ചെയ്ത വിമാനത്തിൽ ആകാശവിവാഹം നടന്നത്.
എന്തായാലും ആഘോഷിക്കാനായി പുതുവഴി തേടിയ നവദമ്പതികൾക്ക് ഇനി മധുവിധുക്കാലം കേസും വിവാദങ്ങളുമാകും.
മറുനാടന് മലയാളി ബ്യൂറോ