- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്‌ക് എങ്ങനെ വെക്കരുത്! ഡി.ജി.പിയും പ്രതിപക്ഷ നേതാവും മലപ്പുറം കലക്ടറും കാണിച്ചു തരും; കരിപ്പൂരിലെ വിമാനാപകട സ്ഥലത്ത് മിക്ക നേതാക്കളും വന്നത് മാസ്‌ക്പോലും ശരിയായി ധരിക്കാതെ; കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ മാസ്‌ക് ഭൂരിഭാഗം സമയവും മൂക്കിന് താഴെ; മലപ്പുറം കലക്ടർക്കും എസ്പിക്കും കോവിഡ് ബാധിച്ചത് കരിപ്പൂരിൽ നിന്നാണെന്ന് സംശയം; വീഴ്ച വന്നത് ജനങ്ങളോട് പലവട്ടം കോവിഡ് പ്രോട്ടോക്കോൾ മുന്നറിയിപ്പ് നൽകുന്ന ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന്
മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാൻ എങ്ങനെ മാസ്‌ക് ധരിക്കണമെന്നു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടവരും മാതൃകയാകേണ്ടവരും തന്നെ മാസ്‌ക് എങ്ങനെ വെക്കരുതെന്നും കൂടി കാണിച്ചുതരികയാണ് അവരുടെ പ്രവർത്തനങ്ങളിലൂടെ. കരിപ്പൂർ വിമാനാപകടമുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം കലക്ടർക്കും, മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂരിലെത്തിയ നേതാക്കന്മാരുടേയും ഡി.ജി.പിയുടേയും മറ്റു ഉദ്യോഗസ്ഥരുടേയും മാസ്‌ക് ധരിച്ച രീതി ചർച്ചയാകുന്നത്.
കരിപ്പൂരിലെ അപകട സമയത്തുവന്ന മിക്ക നേതാക്കളും മാന്യമായി മാസ്‌ക്പോലും ധരിച്ചില്ല. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ മാസ്‌ക് ഭൂരിഭാഗം സമയവും മൂക്കിന് താഴെയാണെന്നും കരിപ്പൂർ വിമാനത്താവളത്തിലെ ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. സമാനമായ രീതിയിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ചെയ്തത്. അദ്ദേഹത്തിന്റെ മാസ്‌കും പലപ്പോഴും കരിപ്പൂരിലെത്തിയപ്പോൾ മൂക്കിന് താഴെയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ ചാനലും മൈക്കും കണ്ടാൽ മതി മാസ്‌ക് ഊരിക്കളയുന്ന അവസ്ഥയും കരിപ്പൂരിലുണ്ടായി.
ജനങ്ങളോട് പലവട്ടം കൊറോണ പ്രോട്ടോക്കോളിനോട് സംസാരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു തന്നെ വന്ന വീഴ്‌ച്ചകൾ ഗൗരവമായി കാണേണ്ടതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതിതീവ്ര കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച കൊണ്ടോട്ടിയിൽ ഉൾപ്പെടുന്ന കരിപ്പൂരിലാണ് വിമാനം തകർന്നു വീണത്. അതുകൊണ്ട് തന്നെ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഗ്ലൗസും, മാസ്‌കുമടക്കം ധരിച്ച് സാധ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചാണ് ഗവർണറും, മുഖ്യമന്ത്രിയും, അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചത്. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ അലക്ഷ്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്.
കോവിഡ് പ്രതിരോധത്തിൽ പൊതുജനങ്ങൾ വീഴ്‌ച്ച വരുത്തിയാൽ നടപടി കൈക്കൊള്ളേണ്ട പൊലീസ് വകുപ്പിന്റെ മേധാവി തന്നെ മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ച്ച വരുത്തിയ കാഴ്‌ച്ചയാണ് കരിപ്പൂരിൽ കണ്ടത്. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് ദിവസേന ധാരാളം കേസുകളാണ് പൊതു ഇടങ്ങളിൽ പൊലീസ് എടുക്കുന്നത്. ഇതേ കുറ്റം തന്നെയാണ് പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.മുസ്ലിം ലീഗ് എം എൽ എ മാരായ പി കെ ബഷീർ, ടി വി ഇബ്രാഹിം എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചപ്പോഴും മാസ്‌ക് ധരിച്ചതിൽ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ട്.
നിലവിൽ മലപ്പുറം ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെയിടയിൽ കോവിഡ് 19 പടർന്നു പിടിച്ചു കഴിഞ്ഞു. ജില്ലാ കലക്ടറും ഡെപ്യൂട്ടി കലക്ടറുമടക്കം കലക്ട്രേറ്റിലെ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജനപ്രതിനിധികളടക്കം ഒരു വലിയ ഉദ്യോഗസ്ഥ നിര പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. കരിപ്പൂർ വിമാന അപകടത്തോടനുബന്ധിച്ച് ഉന്നത നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി , മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി വിശ്വാസ് മേഥ, എ സി മൊയ്ദീൻ, കെ കെ ശൈലജ, ഇ പി ജയരാജൻ, കെ ടി ജലീൽ, വി എസ് സുനിൽ കുമാർ തുടങ്ങിയ മന്ത്രിമാരുടെ ഒരു വലിയ നിരയും അതോടൊപ്പം മലപ്പുറം കലക്ടറുമായ് വിമാനതാവളത്തിൽ അടുത്തിടപെഴകിയ എയർപ്പോർട്ട് ഡയറക്ടർ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ് പി ചൈത്ര തെരേസ ജോൺ, ജില്ലയിലെ ജനപ്രതിനിധികളും കോവിഡ് പോസിറ്റീവായേക്കാവുന്നവരുടെ ലിസ്റ്റിൽ ഉണ്ട്. പ്രാഥമിക സമ്പർക്കമുള്ള മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവാൻ തീരുമാനിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ എ എസ് പി ഹേമലതയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് രോ?ഗം സ്ഥിരീകരിച്ചിരുന്നു. ഗൺമാന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോ?ഗം സ്ഥിരീകരിക്കുകയായിരുന്നു. എസ് പിയു മായും കലക്ടറുമായും പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട എല്ലാവരുടെയും കോവിഡ് പരിശോധന നടത്തുക എന്നത് ആരോഗ്യവകുപ്പിന് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. ജില്ലയിലെ ഒട്ടുമിക്ക ജനപ്രതിനിധികളും ആശങ്കയിലാണ്. ഇവർ എല്ലാം തന്നെ വിമാന അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. വിമാനത്താവള ദുരന്തത്തിൽ എസ് പിയു മായി പ്രാഥമിക സമ്പർക്കം പുലർത്തിയ ഡി ജി പി ലോക്നാഥ് ബെഹ്റ സ്വയം ക്വാറന്റൈനിൽ പോകാൻ തീരുമാനിച്ചു. രക്ഷാപ്രവർത്തനത്തനം നടത്തിയ നാട്ടുകാരും വിമാനതാവളത്തിലെ ഉദ്യോഗസ്ഥരും കോവിഡ് ആശങ്കയിലാണ്.