കട്ടപ്പന: പൈനാവ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഈ മാസം ഇരുപത്തിയഞ്ച് വരെ കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പ്രതികളായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം . പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി.

പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തി. പ്രതികളുമായെത്തിയ വാഹനം തടയാനും ശ്രമമുണ്ടായി. കൊലപാതകം ആസൂത്രിതമാണെന്നാണും സംഘമായാണ് പ്രതികൾ എത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

സംഭവ ദിവസം യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവായ കെ.എസ്.യു നേതാവിന് പിന്തുണയുമായാണ് ഇടുക്കി എൻജിനീയറിങ് കോളജിൽ പോയതെന്ന് അറസ്റ്റിലായ മുഖ്യ പ്രതി നിഖിൽ പൈലി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോളജായതിനാൽ ബന്ധു സഹായം തേടിയിരുന്നു. അതനുസരിച്ചാണ് എത്തിയത്.

താനടക്കമുള്ളവരെ എസ്.എഫ്.ഐക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചപ്പോൾ മറ്റ് മാർഗമില്ലാതെ കുത്തുകയായിരുന്നു. ഇതിനുശേഷം കരിമ്പനിൽനിന്ന് ബസ് കയറി എറണാകുളത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാൾ മൊഴി നൽകി. കാമ്പസിന് പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് മറ്റൊരു പ്രതി ജെറിൻ ജോജോയുടെ മൊഴി.

എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നേര്യമംഗലത്തിന് സമീപം കരിമണലിൽവെച്ച് യാത്രക്കാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നിഖിലിനെ ബസിൽനിന്ന് പിടികൂടിയത്. കത്തിയുൾപ്പെടെ തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ എൻജിനീയറിങ് കോളജിനും ജില്ലാ പഞ്ചായത്തിനുമിടയിലുള്ള വനത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽ തെളിവെടുപ്പിനും കത്തി കണ്ടെടുക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.