- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം ഇമ്രാൻഖാന്റെ പതനം ഉറപ്പായോ? കിട്ടിയതെല്ലാം ബാഗിലാക്കി സുഹൃത്തുക്കൾ നാടുവിടുന്നു; ഇമ്രാന്റെ ഭാര്യയുടെ അടുത്ത സുഹൃത്തും ആഡംബര വിമാനത്തിൽ നാടുവിട്ടു; 'എല്ലാ അഴിമതികളുടെയും മാതാവ്' എന്നറിയപ്പെടുന്ന ഫറാ ഖാൻ മുങ്ങിയത് കോടികളുമായെന്ന് ആരോപണം
ലാഹോർ: പാക്കിസ്ഥാനെ ഭരണപ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കയാണ് ഇമ്രാൻ ഖാനെതിരായ പ്രതിപക്ഷ നീക്കങ്ങൾ. കാവൽ പ്രധാനമന്ത്രിയായി തുടരാൻ ആളെ തേടുകയാണ് ഇമ്രാൻ ഖാൻ. വീണ്ടും തെരഞ്ഞെടു്പ്പിലൂടെ അധികാരത്തിൽ എത്താൻ സാധിക്കുമെന്ന പ്രതീക്ഷകളും അദ്ദേഹത്തിന് കൈമോശം വന്നു തുടങ്ങി. ഇതോടെ ഇമ്രാന്റെ അനുകൂലികൾ കിട്ടിയതെല്ലാം വാരിപ്പെറുക്കി നാടുവിടുകയാണ്. ഏറ്റവും ഒടുവിലായി രാജ്യം വിട്ടിരിക്കുന്നത്. അഴിമതികളുടെ മാതാവ് എന്നറിയിപ്പടുന്ന ഫറാ ഖാനാണ്. ഇമ്രാൻ ഖാന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ് ഇവർ.
അഴിമതിക്കേസിൽ അറസ്റ്റ് ഭയന്നാണ് ഫറ രാജ്യം വിട്ടതെന്നും കോടികൾ ബാഗിലാക്കി ഇവർ കൊണ്ടു പോയെന്നുമാണ് ആരോപണവും. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് അഴിമതിയാരോപണത്തിന് പിന്നാലെ രാജ്യം വിട്ടത്. ഇവർ 90,000 ഡോളറുമായിട്ടാണ് മുങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദുബായിലേക്കാണ് ഫറ ഖാൻ പോയതെന്നാണ് വിവരം. ഫറാ ഖാൻ ആഡംബര വിമാനത്തിൽ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഫോട്ടോ എപ്പോൾ എടുത്തതാണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.
'ബുഷ്റയുടെ അടുത്തയാളായ ഫറ ഖാൻ രാജ്യം വിട്ടു. 90,000 ഡോളറുമായിട്ടാണ് അവർ രാജ്യം വിട്ടിരിക്കുന്നത്' പാക്കിസ്ഥാനിലെ പ്രതിപക്ഷ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് (PML-N) നേതാവ് റോമിനാ കുർഷിദ് ആലം ട്വീറ്റ് ചെയ്തു. ബുഷ്റയുടെ ഭർത്താവ് അഹ്സൻ ജമീൽ ഗുജ്ജാർ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് ഇവർ പോയതെന്നാണ് റിപ്പോർട്ട്.
ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റുന്നതിനും പുതുതായി നിയമിക്കുന്നതിനും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറാ ഖാനെതിരെയുള്ള ആരോപണം. 'അഴിമതികളുടെ മാതാവ്' എന്നാണ് പ്രതിപക്ഷം ഫറാ ഖാനെ വിശേഷിപ്പിച്ചത്. 6 ബില്യൺ പാക്കിസ്ഥാൻ രൂപയുടെ (32 മില്യൺ ഡോളർ) അഴിമതി നടത്തി എന്നാണ് ഫറയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണം.
ഫറാ ഖാന്റെ ഭർത്താവ് അഹ്സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു. ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് റിപ്പോർട്ട്.
ഇമ്രാന്റെയും ഭാര്യയുടെയും നിർദേശപ്രകാരം സ്ഥലംമാറ്റം, നിയമനം എന്നിവയ്ക്കു ഫറ 3.2 കോടി ഡോളർ (ഏകദേശം 240 കോടി ഇന്ത്യൻ രൂപ) കോഴ വാങ്ങിയെന്നാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് ആരോപിച്ചത്. ഇമ്രാന്റെ മറ്റു ചില സഹായികളും രാജ്യം വിടുമെന്ന് റിപ്പോർട്ടുണ്ട്.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളിയതിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ അന്തരീക്ഷമാണ് ഇവരെ രാജ്യം വിടാൻ പ്രേരിപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ അറസ്റ്റ് ചെയ്യുമെന്ന ഭയമാണ് ഇതിന് കാരണം. സർക്കാർ ഉദ്യോഗസ്ഥർക്ക് അവർക്ക് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഫറാ ഖാൻ കൈക്കൂലി വാങ്ങി സ്ഥലം മാറ്റം തരപ്പെടുത്തി നൽകി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വൻ തുകയാണ് ഇത്തരത്തിൽ ഇവർ കൈക്കലാക്കിയത്. ഇമ്രാൻ ഖാൻ ദുർബലനാകുന്നതോടെ അദ്ദേഹത്തിന്റെ കൂടുതൽ കൂട്ടാളികൾ രാജ്യം വിട്ട് സുരക്ഷിത ഇടങ്ങളിൽ ചേക്കേറാൻ പദ്ധതി ഇടുന്നതായും റിപ്പോർട്ടുകളുണ്ട്.
അഴിമതി മൂലം പൊറുതിമുട്ടിയ ഒരു ജനതയുടെ വലിയ പ്രതീക്ഷയായിരുന്നു ഇമ്രാൻഖാൻ. ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാനിലെത്തിച്ച ഇമ്രാൻ തങ്ങളുടെ രക്ഷകനാകുമെന്ന് സ്വപ്നം കണ്ട സാധാരണക്കാർ നിരാശയിലാക്കിയാണ് ഇമ്രാന്റെ പടിയിറക്കവും. സൈന്യത്തിന്റെ അപ്രീതിക്കൊപ്പം ജനപ്രീതിയിലുണ്ടായ ഇടിവും ഇമ്രാൻഖാന് തിരിച്ചടിയായി. ക്രിക്കറ്റിൽ പല റെക്കോഡുകളും തിരുത്തിയിട്ടുള്ള ഇമ്രാൻ കാലാവധി പൂർത്തിയാക്കാൻ ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്ന രാഷ്ട്രീയ ചരിത്രത്തെ തിരുത്താനാകാതെ പടിയിറങ്ങേണ്ടി വന്നു.
മറുനാടന് ഡെസ്ക്