- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കളുടെ പേര് സെയിം, സാം.. സിം, സീം... ചെറുമക്കളുടെ പേര് നെയിം, നാം, സ്വീഞ്ചൽ എന്നിങ്ങനെ; അപൂർവ്വമായ പേരുകൾ കൊണ്ട് പ്രശസ്തമായി തൃപ്പൂണിത്തുറയിലെ ഒരു കുടുംബം; മക്കൾക്ക് വ്യത്യസ്ത പേരിട്ടത് കെ.എസ്.ഇ.ബി എൻജിനീയറായിരുന്ന സത്യപാലൻ; പേരു കൊണ്ട് വൈറലായ കഥ പറഞ്ഞ് 'സ്വീഞ്ചൽ'
കൊച്ചി: അപൂർവ്വമായ പേരുകൾ കൊണ്ട് പ്രശസ്തമായിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ ഒരു കുടുംബം. ഈ കുടുംബത്തിലെ അംഗങ്ങൾക്കും ചെറുമക്കൾക്കും വ്യത്യസ്തമായ പേരുകളാണ്. ഈ പേരുകളെ പറ്റി നാടറിയുന്നത് അടുത്തിടെ ദുബായിലെ ഒരു റേഡിയോയിൽ നടന്ന ഫോൺ ഇൻ പരിപാടിയിലൂടെയാണ്. ദുബായിൽ താമസിക്കുന്ന 'സ്യൂഞ്ഞാൽ' എന്ന സ്വീഞ്ചലായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വൈറലായിരിക്കുകയാണ് ഇവർ.
തൃപ്പൂണിത്തുറ ഉദയംപേരൂർ വെളിയിൽ വീട്ടിലുള്ളവർക്കാണ് വ്യത്യസ്ഥമായ പേരുകൾ ഉള്ളത്. അന്തരിച്ച കെ.എസ്.ഇ.ബി എൻജിനീയർ സത്യപാലന്റെ വീടാണിത്. സത്യപാലനും ഭാര്യ ശാന്തകുമാരിയും സ്വന്തം മക്കൾക്കാണ് ആദ്യം വ്യത്യസ്ഥമായ പേരുകൾ നൽകിയത്. പിന്നീട് അത് ചെറുമക്കൾക്കും നൽകുകയായിരുന്നു. സാം, സെയിം, സിം, സീം എന്നിങ്ങനെയാണ് മക്കൾക്ക് പേരിട്ടത്. ആദ്യമായുണ്ടായ മകനു സാം എന്ന് പേരു നൽകി. രണ്ടാമതും മകൻ ജനിച്ചപ്പോൾ വ്യത്യസ്ഥമായ ഒരു പേരിടണമെന്ന് സത്യപാലന് തോന്നി.
വീണ്ടും ആൺകുഞ്ഞ് തന്നെ എന്നു വിളിച്ചറിയിച്ചു കൊണ്ട് 'സെയിം' എന്ന പേരിട്ടു. മൂന്നാമതു പിറന്നതു മകൾ പിറന്നപ്പോൾ അവൾക്ക് നീന്തൽ എന്ന അർഥത്തിൽ 'സ്വിം' എന്നാണ് സത്യപാലൻ പേരിട്ടതെങ്കിലും സ്‌കൂളിൽ ചേർത്തപ്പോൾ സ്വിമ്മിലെ ഡബ്ല്യു എഴുതാൻ അവർ വിട്ടുപോയി. അതോടെ 'സിം' ആയി പേര് ലോപിച്ചു. മൂന്നാമത്തെ കുട്ടി സിം ആയ സ്ഥിതിക്ക് നാലാമത്തെ കുട്ടിയെ പ്രാസമൊപ്പിച്ച് 'സീം' എന്നു വിളിച്ചു. ഇനിയൊരു കുട്ടി ഉണ്ടായാൽ അവസാനത്തെ കുട്ടി എന്ന അർഥത്തിൽ 'സ്റ്റോപ്' എന്ന പേരിാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് കുട്ടികളുണ്ടായില്ല.
സ്വന്തം മക്കൾക്ക് മാത്രം അങ്ങനെ വ്യത്യസ്ഥമായ പേരു പോരാ എന്നുള്ള തീരുമാനത്തിൽ ചെറുമക്കൾക്കും സത്യപാലൻ തന്നെ പേരുകൾ ഇട്ടു. സാമിനും ഭാര്യ ഉഷയ്ക്കും വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാണ് കുഞ്ഞ് ജനിക്കുന്നത്. വൈകിയെത്തിയ വിലപ്പെട്ട ഭാഗ്യത്തിന് 'പ്രഷ്യസ്' എന്ന് പേരിട്ടു. സെയിമിനും ഭാര്യ രാജേശ്വരിക്കും മൂന്നു മക്കളാണ്. ഡോ. ഇനീഷ്യൽ, നെയിം, നാം. മൂന്നാമത്തെ മകൾ സിമ്മിന്റെയും ഉദയകുമാറിന്റെയും മകളുടെ പേരാണ് കൂട്ടത്തിൽ ഏറെ വ്യത്യസ്തം സ്യൂഞ്ഞാൽ. ഊഞ്ഞാൽ എന്നാണ് സത്യപാലൻ പേരിട്ടതെങ്കിലും തന്റെ പേരിലെ ആദ്യ അക്ഷരം കൂടി ചേർക്കണം എന്ന സിമ്മിന്റെ വാശിയാണ് സ്യൂഞ്ഞാൽ എന്ന പേരിനു പിന്നിൽ.
സ്‌കൂളിൽ അദ്ധ്യാപകരും കൂട്ടുകാരുമൊക്കെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സ്യൂഞ്ഞാലിനെ തെറ്റുകൂടാതെ വിളിക്കാൻ കഴിയാതെ വന്നതോടെ സ്‌കൂളിൽ എല്ലാവരും ഊഞ്ഞാൽ എന്നു വിളിച്ചു. എന്നാൽ ഔദ്യോഗികമായ സ്യൂഞ്ഞാൽ എന്ന് തന്നെയായിരുന്നു. സത്യപാലന്റെ നാലാമത്തെ മകൾ സീമിനും ഭർത്താവ് ദിനേശനും രണ്ടു മക്കളാണ് ദിൽസണും ദിൽദിലും. അപൂർവ പേരുകാരിൽ ഏറ്റവും ഇളയ ദിൽദിൽ യുക്രൈനിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്.
മുത്തശ്ശൻ ഇട്ട പേര് എല്ലായിടത്തും തന്നെ വ്യത്യസ്തയാക്കുന്നുണ്ടെന്ന് സ്യൂഞ്ഞാൽ മറുനാടനോട് പറഞ്ഞു. എങ്കിലും വിളിക്കാനുള്ള സൗകര്യക്കുറവു മൂലം പേരിൽ പിന്നീട് ചെറിയ പരിഷ്‌ക്കാരം വരുത്തി 'സ്വീഞ്ചൽ' എന്നാക്കി. തനിക്കൊരു മകളുണ്ടായപ്പോൾ വ്യത്യസ്തമായി ഒരു പേരും വേണ്ടാ എന്നായിരുന്നു ഭർത്താവ് ഷൈജുവിന്റെ തീരുമാനം. അതിനാൽ ദക്ഷ എന്ന സാധാരണ പേരാണ് ഇട്ടത്. വിവാഹം നിശ്ചയിച്ചപ്പോൾ തന്റെ അപൂർവ്വമായ പേരു മൂലം ഭർതൃവീട്ടുകാർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്യൂഞ്ഞാൽ പറയുന്നു. അന്നു ഗൾഫിലായിരുന്ന ഭർത്താവ് ഷൈജു ഏതോ ഫിലിപ്പീൻ സ്വദേശിയെ പ്രേമിച്ചു കെട്ടുന്നു എന്നുവരെ സംസാരമുണ്ടായിരുന്നു. ഒടുവിൽ തന്റെ അമ്മായിയമ്മയ്ക്കു സത്യം ബോധ്യപ്പെടുത്താൻ ഏറെ കുറേ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നു സ്യൂഞ്ഞാൽ ചെറു ചിരിയോടെ പറഞ്ഞു.
ദുബായിലെ ഗോൾഡ് എഫ്.എമ്മിലെ ആർ.ജെ വൈശാഖാണ് സ്യൂഞ്ഞാലുമായുള്ള ഫോൺ സംഭാഷണ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചോദ്യങ്ങൾക്ക് ഉത്തരം മെസ്സേജ് അയക്കുന്നവരിൽ നിന്നും വിജയികളെ ഫോണിൽ വിളിച്ചറിയിക്കുന്നതിന്റെ ഭാഗമായാണ് സ്യൂഞ്ഞാലിനെ വൈശാഖ് വിളിച്ചത്. പരിപാടിയിൽ ഒന്നാം സമ്മാനമായ ഐഫോൺ 12 സ്യൂഞ്ഞാലിന് കിട്ടുകയും ചെയ്തു.