പത്തനംതിട്ട: പൊലീസോ മോട്ടോർ വാഹന വകുപ്പോ പരിശോധന നടത്തുമ്പോൾ തന്നെ വാഹനവുമായ ബന്ധപ്പെട്ട രേഖകൾ അവരെ കാണിച്ചു ബോധ്യപ്പെടുത്തണം. പരിശോധന നടക്കുന്ന സമയത്ത് രേഖകൾ ഇല്ലെങ്കിലും 15 ദിവസത്തിനകം അവ ഹാജരാക്കി നിയമനടപടികളിൽ നിന്നൊഴിവാകാമെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് പൊലീസിൽ നിന്നുള്ള വിവരാവകാശ രേഖ പറയുന്നു.

വിവരാവകാശ പ്രവർത്തകനായ പത്തനംതിട്ട കല്ലറക്കടവ് കാർത്തികയിൽ മനോജ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചിട്ടുള്ള മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇത്തരത്തിലൊരു പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ കണ്ടതിന്റെ നിജസ്ഥിതി തേടിയാണ് താൻ പൊലീസിന് വിവരാവകാശ അപേക്ഷ നൽകിയതെന്ന് മനോജ് പറയുന്നു.

പരിശോധന നടക്കുമ്പോൾ വാഹനത്തിന്റെ യഥാർഥ രേഖകളോ സർട്ടിഫൈ ചെയ്ത പകർപ്പുകളോ കാണിച്ച് നിയമനടപടികളിൽ നിന്നൊഴിവാകാം. ഇതേ പോലെ തന്നെ കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ, എം പരിവാഹൻ എന്നീ ആപ്പുകളിലുള്ള വിവരങ്ങൾ കാണിച്ചും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താം.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഒറിജിനൽ രേഖകളോ ഡിജിറ്റൽ രേഖകളോ കാണിച്ചാൽ നിയമ നടപടിയിൽ നിന്നൊഴിവാകാം. വാഹനങ്ങളുടെ രേഖകൾ കൈവശമോ ഗവ. അംഗീകൃത ആപ്പുകളിൽ ഡിജിറ്റലായോ കാണിക്കാത്ത പക്ഷം രേഖകൾ കൈവശം സൂക്ഷിക്കാത്തതിന് പിഴ ഈടാക്കാവുന്നതാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.