ന്യൂഡൽഹി: രാജ്യത്തെ പുതുക്കിയ ഐടി നയങ്ങൾ അനുസരിക്കുന്നതിൽ ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്ര സർക്കാർ. നയങ്ങൾ ഇനിയും ട്വിറ്റർ അംഗീകരിച്ചില്ലെങ്കിൽ 'അനന്തരഫലങ്ങൾ' ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പു നൽകി.

സാമൂഹിക മാധ്യമങ്ങൾക്കായുള്ള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിലാണ് ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയത്.

'നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്ച വരുത്തിയാൽ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളിൽ നിന്നുള്ള ഒഴിവാക്കൽ പിൻവലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരും.' മുന്നറിയിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു.

നിയമത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നിതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ടിക്ക് ട്വിറ്റർ നീക്കിയത്.

എന്നാൽ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിൽ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നില്ല.

സർസംഘചാലക് മോഹൻ ഭാഗവതിന്റെ അടക്കം ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടിലെ ബ്ലൂ ടിക്കും ട്വിറ്റർ നീക്കിയാണ് കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം ട്വിറ്റർ പ്രകടിപ്പിച്ചത്. മറ്റു ചില ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെയും വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ മുതൽ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പർക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹൻ ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

കോൺഗ്രസ് ടൂൾ കിറ്റ് ആരോപണത്തിൽ ബിജെപി നേതാക്കളുടെ ട്വീറ്റിൽ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനിടെ കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ നിയമം സംബന്ധിച്ച് ട്വിറ്ററിന് അന്തിമ മുന്നറിയിപ്പ് നൽകിയത്.

ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ട്വിറ്റർ ബ്ലൂടിക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

സർക്കാർ കമ്പനികൾ, ബ്രാൻഡുകൾ, ലാഭരഹിത സംഘടനകൾ, വാർത്താ മാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ, സിനിമ, കായികതാരങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾക്കാണ് ട്വിറ്റർ വെരിഫിക്കേഷൻ നടപടികളിലൂടെ ബ്ലൂ ടിക്ക് നൽകി വരുന്നത്.

അക്കൗണ്ടുകൾ നിഷ്‌ക്രിയവും അപൂർണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികൾ ഒഴിയുകയോ ചെയ്യുമ്പോൾ ഇത്തരത്തിൽ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.