കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് കോടതി നിർദ്ദേശം. ഈ മാസം 20നകം മൊഴിയിൽ അന്വേഷണം നടത്താനാണ് കോടതിയുടെ നിർദ്ദേശം. അതുകൊണ്ടു തന്നെ കേസിൽ പൊലീസ് റിപ്പോർട്ട് നിർണ്ണായകമാകും. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവച്ച് തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ തീരുമാനം എടുക്കുന്നത് കോടതി മാറ്റി. സംവിധായകന്റെ മൊഴി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യം ദിലീപ് കണ്ടിരുന്നുവെന്നാണ് മുൻ സുഹൃത്തുകൂടിയായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ തനിക്കെതിരായ നീക്കത്തിനു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനാണെന്നും വിചാരണ അട്ടിമറിക്കാനാണ് പ്രോസിക്യുഷന്റെ രാജിയെന്നും ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷക സംഘം കോടതിയിൽ സമർപ്പിച്ചു മൊഴിയിൽ അന്വേഷണ റിപ്പോർട്ട് 20 നകം ഹാജരാക്കാനാണ് കോടതി നിർദ്ദേശം. പ്രോസിക്യൂഷന്റെ തുടരന്വേഷണ ഹർജി 20 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

പ്രോസിക്യൂഷന്റെ ഹർജിയിൽ ദിലീപ് അടക്കമുള്ള കക്ഷികൾക്ക് വിചാരണ കോടതി നോട്ടീസ് നൽകുകയും ചെയ്തു. കഴിഞ്ഞദിവസമാണ് അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ വിശദാംശങ്ങൾ വിചാരണ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ ദിലീപിന്റെ വാദങ്ങളും കോടതി കേൾക്കും. അതുകൊണ്ട് തന്നെ പൊലീസ് റിപ്പോർട്ടിലും വിശദ വാദം കോടതിയിൽ നടക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരേ നടൻ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട് സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു പൗലോസും മറ്റും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

വിചാരണ അട്ടിമറിക്കുന്നതിനായാണിത്. പ്രോസിക്യൂഷൻ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയതെന്നും പരാതിയിലുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണനടപടികൾ തടസ്സപ്പെടുത്താൻ വേണ്ടിയാണ്. ബൈജുവിന്റെയും ബാലചന്ദ്രകുമാറിന്റെയും ഫോൺ രേഖകളടക്കം പരിശോധിക്കണം. തുടരന്വേഷണത്തിനായുള്ള അപേക്ഷ പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും പരാതിയിൽ പറയുന്നു. ഇതേ വാദങ്ങൾ കോടതിയിലും ദിലീപ് ആവർത്തിക്കാനാണ് സാധ്യത.

ഇതുവരെ 202 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായതാണ്. ഇതിലൂടെ വെളിവായ പ്രോസിക്യൂഷൻ വീഴ്ചകൾ മറയ്ക്കുന്നതിനാണ് പുതിയ കഥ കെട്ടിച്ചമയ്ക്കുന്നത്. വിചാരണക്കോടതി ഇതിനോടകം പ്രോസിക്യൂഷൻ ഹാജരാക്കിയ 500 രേഖകൾ പരിശോധിച്ച് കഴിഞ്ഞു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെയും മൂന്നോ നാലോ സാക്ഷികളെയോ മാത്രമേ വിസ്തരിക്കാനുള്ളൂ. സത്യം കണ്ടെത്താനല്ല പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥൻ' റിലീസായതിനോടൊപ്പമായിരുന്നുവെന്നും പരാതിയിലുണ്ട്. ഡേറ്റ് നൽകാത്തതിന് ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അതിനിടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയും കത്തു നൽകി. കസിൽ നിയോഗിക്കപ്പെട്ട രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. ബാലചന്ദ്രകുമാറും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിൽ പൊലീസ് തുടരന്വേഷണത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്.