കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ഒരു വി.ഐ.പി.യാണെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. ഇയാൾ തിരുവനന്തപുരം ഭാഷ സംസാരിക്കുന്നയാൾ ആണെന്ന് മാത്രമേ ബാലചന്ദ്രകുമാറിനറിയൂ. ഇത് ആരെന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ആലുവയിലെ രാഷ്ട്രീക്കാരനാണെന്ന തരത്തിൽ റിപ്പോർട്ട് വന്നിരുന്നു.

നടൻ ദിലീപിനെ ചോദ്യംചെയ്താലും വിവരങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഒന്നാം പ്രതി പൾസർ സുനിയിലാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പൾസർ സുനി 2018-ൽ എഴുതിയ കത്ത് അമ്മ ശോഭന പുറത്തുവിട്ടത് പ്രതീക്ഷയായി ആണ് അന്വേഷണസംഘം കാണുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും അനുജനേയും അളിയനേയും ചോദ്യം ചെയ്യും. സിനിമാ മേഖലയിലുള്ളവരും സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകും വി.ഐ.പി.യെന്നാണ് കരുതുന്നത്. ദിലീപിന്റെ അടുത്ത ബന്ധുക്കൾക്കും ഈ വി.ഐ.പി.യെ അറിയാമെന്നാണ് വിവരം.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു റെക്കോഡിങ് സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം 20 ഇരട്ടി വർധിപ്പിച്ചതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഈ റെക്കോഡിങ് സ്റ്റുഡിയോയിൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. സ്റ്റുഡിയോ നടത്തിപ്പുകാരൻ, ഇതിനായി പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ എന്നിവർക്കെതിരേ നിയമനടപടി ഉണ്ടാകും.

നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽപ്പെടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതി നിർദ്ദേശം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. അന്വേഷണം സത്യസന്ധമായി നടക്കുമെന്നും എഡിജിപി വ്യക്തമാക്കി.

എന്നാൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ നീക്കങ്ങളുണ്ടാവുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. മാധ്യമങ്ങളെ അതത് സമയത്ത് കാര്യങ്ങൾ അറിയിക്കുമെന്ന് അദ്ദേഹം വ്യക്താമക്കി. പൊലീസ് ക്ലബിൽ നടന്ന യോ?ഗത്തിൽ പ്രത്യേക അന്വേഷണസം?ഘത്തിലെ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.

ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്‌ച്ച രേഖപ്പെടുത്തും. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് ബാലചന്ദ്രകുമാർ സമീപ ദിവസങ്ങളിൽ പുറത്തുവിട്ടത്. അതേസമയം കേസിൽ തുടരന്വേഷണത്തിനായി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. ഹർജിയിൽ പ്രോസിക്യൂഷൻ വാദങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങളുണ്ടായിരുന്നു. ദിലീപിനെതിരെ ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാർ ഉയർത്തിയ ആരോപണങ്ങളും കേസും തമ്മിലുള്ള ബന്ധമെന്തെന്ന് കോടതി ചോദിച്ചു.

കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്കെതിരായ ഹർജി പരിഗണിക്കവെയാണ് പരാമർശം. അതേസമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോ, സുനിയുടെ കത്തോ കേസിൽ വലിയ സ്വാധീനം ചെലുത്തില്ല എന്നാണ് ലിബർട്ടി ബഷീർ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പ്രതികരിച്ചത്. ആരോപണങ്ങൾ മാത്രമാണ് ഇതെല്ലാം.

ഇവരുടെ പ്രതികരണങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. നിലവിൽ പൾസർ സുനിയുടെ കത്തിന് കടലാസ് വില മാത്രമേയുള്ളൂ. ബാലചന്ദ്രയുടെ വെളിപ്പെടുത്തൽ കൊണ്ട് എന്ത് കാര്യമെന്നും ലിബർട്ടി ബഷീർ ചോദിക്കുന്നു.