- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ വിഐപിയുടെ ശബ്ദവും പൊലീസ് തിരിച്ചറിഞ്ഞു! നടനല്ലെന്ന് സ്ഥിരീകരണം; ദിലീപിനെ വധശ്രമ ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നത് ആ ഉന്നതനെ കണ്ടെത്താൻ; ബൈജു പൗലോസിനെ കൊല്ലാൻ ശ്രമിച്ചതിന് നടനെതിരെ കേസെടുക്കാനുള്ള ആലോചനയ്ക്ക് കാരണം സേനയിലെ സമ്മർദ്ദം; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കണ്ടവർ കുടുങ്ങുമോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് ഒരു വിഐപി എത്തിച്ചു നൽകിയെന്നും അത് നടൻ കുടുംബ സമേതം കണ്ടെന്നുമാണ് കൂട്ടുകാരനും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ സമയത്ത് ദിലീപിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ബാലചന്ദ്രകുമാർ. പൊലീസുകാരെ വകവരുത്തുമെന്ന തരത്തിൽ ദിലീപിന്റെ വീട്ടിൽ നടന്ന സംഭാഷണത്തിൽ ഈ വിഐപിയും പങ്കാളിയായെന്നാണ് ബാലചന്ദ്രകുമാർ പറയുന്നു. ഈ ശബ്ദരേഖ പൊലീസ് പ്രാഥമികമായി പരിശോധിച്ചു. കാവ്യാ മാധവൻ ഇക്കയെന്ന് വിളിക്കുന്ന ആളാണ് വിഐപി എന്നാണ് ആരോപണവും വെളിപ്പെടുത്തലും. എന്നാൽ രണ്ടു പേരുകളാണ് പ്രധാനമായും ചർച്ചയാത്. ഒന്ന് ദിലീപുമായി അടുപ്പമുള്ള നടനും മറ്റൊന്ന് രാഷ്ട്രീയക്കാരനും.
ശബ്ദപരിശോധനയിൽ ആരാണ് ആ വിഐപി എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആളെ മനസ്സിലായില്ലെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിൽ നിന്ന് മലയാള സിനിമയിൽ കത്തി നിൽക്കുന്ന സ്വഭാവ നടന്മാരാരുമല്ല ആ നടനെന്നും വ്യക്തമായി. ശബ്ദവും നടന്റേതല്ലെന്ന സൂചന പൊലീസ് നൽകുന്നു. എന്നാൽ ദിലീപുമായി അടുപ്പമുള്ള രാഷ്ട്രീയക്കാരനാണോ ഇയാളെന്ന ചോദ്യത്തിന് അല്ല എന്ന മറുപടിയും നൽകുന്നില്ല. ഏതായാലും വിഐപിയെ കണ്ടെത്തുമെന്ന് ഉറച്ചു പറയുകയാണ് പ്രത്യേക അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിൽ വ്യക്തത വരുമെന്നാണ് വിലിയിരുത്തൽ. അതിന് വേണ്ടിയാണ് കൊലപാതക ഗൂഢാലോചന കേസ് വരുന്നത്. ബൈജു പൗലോസ് അടക്കം അഞ്ചു പൊലീസുകാരെ കൊല്ലാൻ ദിലീപ് പദ്ധതിയിട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം.
ഇതിനെ ഗൗരവത്തോടെ പൊലീസ് സേനയിലുള്ളവരും കണ്ടു. ഈ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമായി. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ വിശദമായി പരിശോധിച്ചത്. നടന്മാരായിരുന്നില്ല ആ വിഐപിയെന്ന് ബാലചന്ദ്രകുമാറും പൊലീസിന് മൊഴി നൽകി. കാവ്യാ മാധവൻ ഇക്കയെന്ന് വിളിക്കുന്ന ആളാണതെന്നും പറയുന്നു. തിരുവനന്തപുരം ഭാഷയാണ് ഇയാളുടേതെന്ന തരത്തിലും വാർത്തകളെത്തി. എന്നാൽ നേതാവ് തിരുവനന്തപുരത്തുകാരനല്ലെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. ഏതായാലും വിഐപിയെ കണ്ടെത്തുന്നത് നടിയെ ആക്രമിച്ച കേസിനേയും സ്വാധീനിക്കും. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ 20നകം റിപ്പോർട്ട് നൽകാനാണ് പൊലീസിന് വിചാരണ കോടതി നൽകിയ നിർദ്ദേശം.
ഈ സാഹചര്യത്തിൽ എല്ലാം അതിവേഗം നീക്കാനാണ് പൊലീസ് തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് തന്നെ അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകും. ദിലീപിനെ ഉടൻ ചോദ്യം ചെയ്തേക്കും. ഇതിനുള്ള വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒന്നാംപ്രതി പൾസർ സുനി (സുനിൽകുമാർ), മറ്റൊരു പ്രതി വിജീഷ്, സാക്ഷികൾ, ദൃശ്യത്തിന്റെ ശബ്ദം ഉയർത്തിയ സ്റ്റുഡിയോ ജീവനക്കാർ തുടങ്ങിയവരെയും ഉടൻ ചോദ്യം ചെയ്യും. ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിന് ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്ട്‌സാപ്പ് സന്ദേശം പുറത്തുവന്നു.
2021 ഏപ്രിൽ 10,11 തീയതികളിലെ സന്ദേശങ്ങളാണിവ. താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശം. നിർണായകമാകാവുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും അത് കാണാൻ തന്നെ വിളിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ സിറ്റി പൊലീസ് ക്ലബിൽ ചേർന്നാണ് തുടർ നടപടികൾ തീരുമാനിച്ചത്.
ക്രൈംബ്രാഞ്ച് ഐ.ജി കെ.പി. ഫിലിപ്പ്, എസ്‌പിമാരായ കെ.എസ്. സുദർശൻ, എം.ജെ. സോജൻ, അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്‌പി ബൈജു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ രേഖപ്പെടുത്തും. അടുത്തമാസം 16ന് വിചാരണ പൂർത്തിയാക്കി വിധിപറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം.
പൾസർ സുനി അമ്മ ശോഭനയ്ക്ക് കൈമാറിയ കത്തിലെ ആരോപണങ്ങളിലെ വസ്തുത തേടുകയാണ് പ്രത്യേകസംഘം. സുനിയെ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്തും. കത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിയുടെ കൈയക്ഷരവുമായി ഇത് ഒത്തുനോക്കും. ദിലീപ് പറഞ്ഞിട്ടാണ് കുറ്റകൃത്യം ചെയ്തതെന്ന് മകൻ പറഞ്ഞതായി ശോഭന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 13 അംഗ അന്വേഷണസംഘത്തിലെ ഓരോരുത്തർക്കും പ്രത്യേക ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവടക്കം ശാസ്ത്രീയ പരിശോധന നടത്താനും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പൾസർ സുനിയെ ചോദ്യംചെയ്തശേഷം ദിലീപിനെ ചോദ്യംചെയ്താൽ മതിയെന്നാണ് തീരുമാനം. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു.
ഇതോടൊപ്പം, സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും തിരക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, വി.ഐ.പി. വഴി ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചു, ദിലീപും ഒന്നാംപ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ട് തുടങ്ങിയവയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാറിൽനിന്ന് വിശദമായി മൊഴിയെടുക്കാനും തീരുമാനമായി. ആരോപണങ്ങളിലെ തെളിവുകളും ശേഖരിക്കും. കഴിഞ്ഞദിവസം എളമക്കര എഎസ്ഐ.യെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വിഷ്ണു അരവിന്ദിനെ ചോദ്യംചെയ്യുന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ