പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയും രംഗത്ത്. രൂപത അധ്യക്ഷൻ ബിഷപ് ഡോ സാമുവേൽ മാർ ഐറേനിയോസാണ് സർക്കുലർ പുറപ്പെടുവിച്ചത്.

നാലോ അതിലധികോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും, ഇത്തരം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണന നൽകും എന്നും സർക്കുലറിൽ പറയുന്നു.

രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹായം ലഭിക്കുക. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് സർക്കുലറിൽ പറയുന്നു.

ഇത്തരം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് രൂപതയുടെ സ്‌കൂളുകളിൽ അഡ്‌മിഷന് മുൻഗണന നൽകും. ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളിൽ മുന്നോട്ട് നയിക്കാൻ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും രൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

സർക്കുലറിലെ പ്രസക്തഭാഗങ്ങൾ: എഡി 2000ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികൾ വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്കുന്നതാണ്. താഴെ പറയുന്ന പദ്ധതികൾ അവർക്കായി രൂപത വിഭാവനം ചെയ്യുന്നു.

1.നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ അരമനയിൽ നിന്ന് കുടുംബപ്രേഷിത കാര്യാലയം വഴി നൽകുന്നതാണ്.
2.നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കിൽ അത് രൂപത നല്കുന്നതാണ്.
3.ഇത്തരം കുടുംബങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് സഭാസ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന നല്കും.
4.ഈ കുടുംബങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്ക് രൂപതയുടെ സ്‌കൂളുകളിൽ അഡ്‌മിഷന് മുൻഗണന നൽകും.
5.ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങൾ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ അവരുടെ ആദ്ധ്യാത്മിക നിയന്താതാവായി നിയമിക്കുന്നതാണ്. ഒരു സിസ്റ്ററിനെ ഇവരുടെ ആനി മേറ്ററായി നല്കുന്നതുമാണ്.
6.വർഷത്തിൽ ഒരിക്കൽ ഈ കുടുംബങ്ങളെ ഒന്നിച്ച് കൂട്ടി രൂപതാധ്യക്ഷൻ അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണ്.
7.ജീവന്റെ മൂല്യത്തെപ്പറ്റി ആവശ്യമായ ബോധവൽക്കരണം നല്കുന്നതിനും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനും വേണ്ടി പ്രോ ലൈഫ് മിനിസ്ട്രി കുടുംബപ്രേഷിത കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈന പോലും തെറ്റായ ജനനനി യന്ത്രണ നയത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ ഇതിനേക്കാൾ ആശങ്കാജനകമാണ് പത്തനംതിട്ട ജില്ലയുടെ അവസ്ഥയെന്നും സർക്കുലറിൽ പറയുന്നു.

''കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജില്ലയിൽ നെഗറ്റീവ് വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വാർദ്ധക്യ സന്ധ്യകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരും, കുഞ്ഞുങ്ങളുടെ കൊഞ്ചലും അവരുടെ പുഞ്ചിരിയും അന്യമായി പോയ മുറ്റങ്ങളും, തൊട്ടിലിന്റെ സൗഭാഗ്യം നഷ്ടമായ മുറികളും പത്തനംതിട്ടയുടെ ദൈന്യത വിളിച്ചോതുന്നു. സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 859 പേർ താമസിക്കുമ്പോൾ പത്തനംതിട്ടയിൽ 453 പേർ മാത്രം. 2001നെ അപേക്ഷിച്ച് 2011 ൽ 3.12 ശതമാനം കുറവാണ് ജില്ലയിലെ ജനസംഖ്യയിൽ വന്നിരിക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനത്തിലധികം മുതിർന്ന പൗരന്മാരാണ്. ജനസംഖ്യാശോഷണം മാരക വിപത്തായി ലോകത്തിൽ പടരുന്നുണ്ട് എന്ന സത്യം തിരിച്ചറിയാൻ നാം ഇനിയും അമാന്തിക്കരുത്. മനുഷ്യവംശത്തിന്റെ നിലനില്പിനായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരുക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനം ലോകജനസംഖ്യയിൽ 200 കോടി ആളുകളുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2100 ഓടെ 23 രാജ്യങ്ങളിൽ ജനനനിരക്ക് പകുതിയായി കുറയുമെന്നാണ് ബി.ബി.സി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ജീവന്റെ പ്രോത്സാഹനം അനിവാര്യമാണ്.''-രൂപത അധ്യക്ഷൻ പറഞ്ഞു.