- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്ര സ്വർണ്ണക്കടത്ത്: സ്വപ്ന സുരേഷിന് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങൾ; നടത്തിയത്, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന കള്ളക്കടത്ത്, തീവ്രവാദ പ്രവർത്തനമായി കണക്കാക്കാം; യുഎപിഎ നിലനിൽക്കുമെന്നും സത്യവാങ്മൂലത്തിൽ എൻഐഎ; ജാമ്യം നൽകരുതെന്നും കോടതിയിൽ
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ.സ്വപ്ന സുരേഷിനെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കും. ഹൈക്കോടതിയിൽ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത്, തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നുമാണ് എൻഐഎ കോടതിയിൽ വ്യക്തമാക്കിയത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുന്നതായിരുന്നു സ്വപ്നയുടെ നേതൃത്വത്തിൽ നടന്ന കള്ളക്കടത്ത് പ്രവർത്തനങ്ങൾ. യുഎഇക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും കള്ളക്കടത്തു നടത്താൻ സ്വപ്ന പദ്ധതിയിട്ടിരുന്നു. രാജ്യത്തിന് അകത്തും പുറത്തും ഉന്നത ബന്ധങ്ങൾ ഉള്ള സ്വപ്നയ്ക്കു ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ മുഖ്യ ലക്ഷ്യം. കള്ളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻ.ഐ.എ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
167 കിലോയുടെ സ്വർണക്കടത്താണ് നടത്തിയത്. ദുബായ്ക്ക് പുറമെ സൗദി, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടു. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എൻ.ഐ.എ സത്യവാങ്മൂലത്തിൽ പറയുന്നു.
യുഎപിഎ നിലനിൽക്കില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ സ്വപ്ന ബോധിപ്പിച്ചിരുന്നു.
വിചാരണ അനന്തമായി നീളുകയാണെന്നും എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എൻഐഎ കോടതി തള്ളിയിരുന്നു.
അതേസമയം സ്വർണ്ണക്കടത്ത് യു.എ.പി.എ. നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. യു.എ.പി.എ. നിയമത്തിന്റെ 15-ാം വകുപ്പ് സംബന്ധിച്ച് രണ്ട് ഹൈക്കോടതികൾ വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചതിനാൽ അക്കാര്യം വിശദമായി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വർണ്ണക്കടത്ത് മാത്രമേ യു.എ.പി.എ. നിയമപ്രകാരമുള്ള ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരികയുള്ളൂവെന്ന് വ്യക്തമാക്കിയാണ് 12 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. സ്വർണം കടത്തിയത് വഴി ലഭിച്ച തുക തീവ്രവാദ പ്രവർത്തനത്തിന് പ്രതികൾ വിനിയോഗിച്ചതിന് തെളിവുകൾ ഇല്ലെന്ന എൻ.ഐ.എ. കോടതിയുടെ കണ്ടെത്തലും ഹൈക്കോടതി ശരിവെച്ചിരുന്നു.
ഈ വിധിക്കെതിരേയാണ് കേന്ദ്ര സർക്കാരും, എൻ.ഐ.എ.യും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം യു.എ.പി.എ.നിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം സ്വർണ്ണക്കടത്ത് ഭീകരവാദ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കുറ്റകൃത്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചിട്ടുള്ളതായി അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. രാജസ്ഥാൻ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും എ.എസ്.ജി. വ്യക്തമാക്കി. തുടർന്നാണ് കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ഇതിനിടെ കേസ് അന്വേഷിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമതി കുമാറിനെ സ്ഥലം മാറ്റിയത് കേസിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ബിവാണ്ടി ജിഎസ്ടി കമ്മീഷണർ ആയാണ് മാറ്റം. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണർ.
മറുനാടന് മലയാളി ബ്യൂറോ