- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യത്തിന്റെ ഹിന്ദി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു; അന്ത്യം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മരണവാർത്തയും പുറത്തുവന്നത്. നടൻ റിതേഷ് ദേശ്മുഖ് വാർത്ത സ്ഥിരീകരിച്ചു.
നിഷികാന്ത് മരിച്ചെന്ന വാർത്തകൾ ഇന്ന് ഉച്ചയോടെ പ്രചരിച്ചെങ്കിലും ഇത് വ്യാജമാണെന്ന് റിതേഷ് അറിയിച്ചിരുന്നു. പിന്നാലെ നിഷികാന്ത് ചികിത്സയിലായിരുന്ന ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയും വിവരങ്ങൾ പുറത്തുവിട്ടു.
2005ൽ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു നിഷികാന്തിന്റെ സംവിധായക അരങ്ങേറ്റം. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഡോംബിവാലി ഫാസ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് നിഷികാന്ത് ശ്രദ്ധ നേടിയത്. 'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം എത്തിയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി 2008ൽ പുറത്തെത്തിയ 'മുംബൈ മേരി ജാൻ' ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം.
മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിൽ ഒരുക്കിയത് നിഷികാന്ത് ആണ്. ഫോഴ്സ്, റോക്കി ഹാൻഡ്സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം സംവിധാനത്തിൽ തിളങ്ങി. ഡാഡി, റോക്കി ഹാൻഡ്സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ് എന്നീ വെബ് സീരീസുകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.