- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംവിധായകൻ കമലിന് എതിരായ പീഡന ആരോപണത്തിൽ പുതിയ തെളിവുമായി യുവതി; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു കൊണ്ട് സ്വന്തം കൈപ്പടയിൽ കമൽ നൽകിയ കത്ത് ഫേസ്ബുക്കിൽ പുറത്തുവിട്ടു; പോസ്റ്റ് റിമൂവ് ചെയ്യണം എന്ന ഭീഷണി എന്നോടു വേണ്ട, ചെയ്യില്ലെന്നും നടി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സിനിമസംവിധായകനും സിപിഎം സഹയാത്രികനുമായ കമൽ നായിക വേഷം വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികൾ ഇതിനോടകം പലതവണ പുറത്ത് വന്നിരുന്നു.തന്റെ സ്വാധിനം ഉപയോഗിച്ച് ഇത്തരം കേസുകളെ ഇല്ലായ്മ ചെയ്യുകയാണ് കമലിന്റെ പതിവെന്നും ആരോപണം ശക്തമാണ്. ഇതിനിടയിലാണ് ഇപ്പോൾ സമാനരീതിയിലുള്ള ഒരു ആരോപണം കമലിനെതിരെ വീണ്ടും ഉയർന്നിരിക്കുന്നത്.
ഒരു വർഷം മുൻപ് 2020 ഏപ്രിൽ മാസത്തിലാണ് മോഡലും ചെറുകിട വേഷത്തിൽ സിനിമകളിൽ അഭിനയിക്കുന്നതുമായ ഒരു യുവതി കമലിനെതിരെ നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് വക്കീൽ നോട്ടീസ് അയച്ചത്. കമലിന്റെതായി അവസാനം പുറത്തിറങ്ങിയ 'പ്രണയ മീനുകളുടെ കടൽ' എന്ന സിനിമയിൽ നായിക വേഷം വാഗ്ദാനം ചെയ്താണ് യുവതിയെ പീഡിപ്പിച്ചതെന്ന് കാണിച്ചായിരുന്നു വക്കീൽ നോട്ടീസ്. എന്നാൽ പീന്നീട് ഈ വേഷം മറ്റൊരു നടിക്ക് കൊടുത്തപ്പോഴാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്. യുവതി കമലിനെ പരിചയപ്പെടുന്നത് മുതൽ പീഡനം വരെയുള്ള ഒരോ സംഭവങ്ങളും പരാമർശിച്ചായിരുന്നു യുവതിയുടെ വക്കീൽ നോട്ടീസ്. അന്ന് മറുനാടനും മറ്റു ചില മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ റോളുകൾ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ യുവതി പറഞ്ഞുണ്ടാക്കിയ കഥയാണിതെന്നും ആരോപണം കള്ളമാണെന്നും വാദിച്ചായിരുന്നു കമൽ അന്ന് തടിതപ്പിയത്. പിന്നീട് ഈ വിവാദത്തെ കുറിച്ച് കാര്യമായ ചർച്ചകളൊന്നും ഉണ്ടായില്ല. ഈ ആരോപണത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ യാതൊരുവിധ ചർച്ചയോ വിവരങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ യുവതി പറഞ്ഞത് കള്ളമായിരുന്നില്ലെന്നും അവർ ഇപ്പോഴും നിയമ പോരാട്ടം തുടരുന്നുണ്ടെന്നും വ്യക്തമാക്കുന്ന ചില രേഖകളാണ് പുറത്ത് വരുന്നത്.
കമൽ തന്റെ കൈപ്പടയിൽ എഴുതിയ ഒരു കത്താണ് ഇപ്പോൾ തെളിവായി പുറത്ത് വന്നിരിക്കുന്നത്. 2019 ഏപ്രിൽ മുപ്പതിനാണ് കത്ത് എഴുതിയിരിക്കുന്നത്. പീഡനപരാതിയുമായി പെൺകുട്ടി രംഗത്തെത്തിയപ്പോഴാണ് കമൽ കത്ത് എഴുതിയത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ' പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ഞാൻ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷത്തിലഭിനയിക്കുന്ന പേരിടാത്ത ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു റോൾ(ടൊവിനോയുടെ കൂടെ) ഉറപ്പായും തന്നുകൊള്ളാമെന്ന് ഇതിനാൽ സമ്മതിച്ചിരിക്കുന്നു' എന്ന് പേര് ഒപ്പ് ഉൾപ്പടെയാണ് കത്ത് എഴുതിയിരിക്കുന്നത്.
യുവതി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വ്യാജമാണെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു കത്ത് യുവതിക്ക് സംവിധായകൻ എഴുതി നൽകി എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. അതും ഒരു പുതുമുഖ നടിക്കെന്നതും സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നു. പരസ്പരം സമ്മതിച്ചു ധാരണപ്രകാരം എന്നൊക്കെയുള്ള പരാമർശങ്ങൾ യുവതിയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. കാരണം തനിക്കെതിരെ വ്യക്തഹത്യാപരമായ ആരോപണം ഉന്നയിച്ച ഒരാളുടെ മുന്നിൽ ഇത്തരം വ്യവസ്ഥകൾ വെക്കണമെങ്കിൽ കമലിന്റെ ഭാഗത്ത് വീഴച്ചയുണ്ടെന്നതിന്റെ സൂചന തന്നെയാണ്.
്അല്ലാത്തപക്ഷം വിഷയത്തിൽ കൃത്യമായ മറുപടിയുമായി കമൽ രംഗത്തെത്തിയേ മതിയാകു.കത്ത് വ്യാജമായി നിർമ്മിച്ചതാണെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോയി തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കമലിന്റെ ബാധ്യതയായിമാറുകയാണ്. അല്ലാതെ ഇനി ഈ വിഷയത്തെ ഒതുക്കി തീർക്കൽ പോലുള്ള സാധ്യത കമലിന് മുന്നിൽ ഇല്ലാതായിക്കഴിഞ്ഞു.
ഇടപ്പള്ളിയിലെ സ്‌കൈലൈൻ അപ്പാർട്ട്‌മെന്റിൽ വെച്ച് 2018 ഡിസംബർ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകൾ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് സ്ഥിരം സന്ദേശങ്ങൾ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാർട്ട്‌മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വാഗ്ദാനം ചെയ്ത നായികാ വേഷത്തിൽ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടർന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമൽ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.
എന്നാൽ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോൾ വാട്‌സാപ്പ് സന്ദേശങ്ങൾ നിർത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയിൽ കൂടിക്കാഴ്‌ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂർത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തിൽ കമൽ, ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് മനസ്സിലായതായി വക്കീൽ നോട്ടീസിൽ പറയുന്നു. 'ആമി' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമൽ രണ്ട് യുവനടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വാധീനമുപയോഗിച്ച് അവരുടെ പരാതികൾ ഒതുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായും അന്നത്തെ വക്കീൽ നോട്ടീസിൽയുവതി പരാമർശിച്ചിരുന്നു. മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഇതിനകം ഉയർന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് കമലിനെതിരെയുള്ള വക്കീൽ നോട്ടീസിലെ ഉള്ളടക്കം.
മറുനാടന് മലയാളി ബ്യൂറോ