- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെൻഡ് ചെയ്തവർ സമ്മേളന വേദിയിലെത്തി; ഇത് ചോദ്യം ചെയ്തതോടെ തുടങ്ങിയ വാക്കറ്റം കലാശിച്ചത് തമ്മിൽത്തല്ലിലും കത്തിവീശലിലും; കൊല്ലത്ത് സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റി
കൊട്ടാരക്കര: സമ്മേളനം തുടങ്ങും മുൻപേ തമ്മിൽത്തല്ലും കത്തിവീശലും; സിപിഎം ബ്രാഞ്ച് സമ്മേളനം ഉപേക്ഷിച്ചു. പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമായ മൈലം പഞ്ചായത്തിലെ ചെമ്പൻപൊയ്ക ബ്രാഞ്ചിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബ്രാഞ്ച് സെക്രട്ടറി ജോൺസന്റെ വീടായിരുന്നു സമ്മേളന വേദി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്ന 5 പേരെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഇവരിൽ 2 പേർ സമ്മേളന സ്ഥലത്തെത്തിയതിനെച്ചൊല്ലി പ്രവർത്തകർ തമ്മിൽ വാക്കേറ്റമായി. ഇതിനിടെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഏരിയ കമ്മിറ്റി അംഗം എൻ.ബേബി എത്തി.
വാക്കേറ്റത്തിനിടെ ഒരു പ്രവർത്തകന്റെ കഴുത്തിൽപ്പിടിച്ച് മുതിർന്ന നേതാവ് തള്ളിയതോടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയായി. പിന്നീട് കൂട്ടത്തല്ലായി. ഇതിനിടെ ഒരു പ്രവർത്തകൻ അരയിലുണ്ടായിരുന്ന കത്തി വീശി. ചില പ്രവർത്തകർ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചു. സംഘർഷം രൂക്ഷമായതോടെ സമ്മേളനം ഉപേക്ഷിച്ച് ബേബി മടങ്ങി.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ദൃശ്യങ്ങൾ സഹിതം ഏരിയ നേതൃത്വത്തിന് പരാതി നൽകി. ചില നേതാക്കളുടെ പ്രകോപനപരമായ പരാമർശങ്ങളാണ് സംഘർഷത്തിന് കാരണമായതെന്നാണ് പരാതി. ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഏരിയ നേതൃത്വം അറിയിച്ചു. ബ്രാഞ്ച് സമ്മേളനം പിന്നീടു നടത്തും.
മൈലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥിന്റെ ബ്രാഞ്ചിലാണു സംഭവം. ബിന്ദുവും സമ്മേളനത്തിന് എത്തിയിരുന്നു. മൈലത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 3 സിപിഎം വിമതർ വിജയിച്ചിരുന്നു. ഇവരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം.
മറുനാടന് മലയാളി ബ്യൂറോ