- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രിയെ ഉത്തരം മുട്ടിക്കരുത്'; 'വിവാദ'ചോദ്യങ്ങൾ ചോദിക്കരുതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് നിർദ്ദേശം; സിഎം അറ്റ് കാമ്പസ് പരിപാടിയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി മാത്രം ഉന്നയിച്ചാൽ മതിയെന്നും അധികൃതർ; നിർദ്ദേശം, എം ജി യൂണിവേഴ്‌സിറ്റി സംവാദത്തിൽ പി എസ് സി നിയമനം 'ഉന്നയിച്ച' പശ്ചാത്തലത്തിൽ
കോഴിക്കോട്: സിഎം അറ്റ് കാമ്പസ് പരിപാടിയിൽ മുഖ്യമന്ത്രിയോട് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്ന് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ മാത്രം ഉന്നയിച്ചാൽ മതിയെന്നും നിർദ്ദേശങ്ങൾ എഴുതി നൽകണമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചു. പി എസ് സി നിയമനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
പി എസ് സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ എം ജി യൂണിവേഴ്‌സിറ്റിയിൽ നടന്ന സംവാദത്തിൽ ഇത് സംബന്ധിച്ച ചോദ്യമുയർന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർ ചോദ്യങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കിയതും വിവാദമായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാട്ട്‌സ് അപ് ഗ്രൂപ്പിൽ വന്ന അദ്ധ്യാപികയുടെ ശബ്ദ സന്ദേശത്തിലാണ് നിർദ്ദേശമുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഞായറാഴ്ച നടക്കുന്ന സി എം അറ്റ് കാമ്പസ് പരിപാടിയിൽ പങ്കെടുക്കുന്നർക്കായി രൂപീകരിച്ച വാട്ട്‌സ് അപ് ഗ്രൂപ്പിലാണ് അദ്ധ്യാപികയുടെ ശബ്ദ സന്ദേശം വന്നത്. മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ച നടക്കുന്നിതിനിടെയാണ് യൂണിവേഴ്‌സിറ്റി അധികൃതരിൽ നിന്ന് ലഭിച്ച നിർദ്ദേശം വാട്ട്‌സ് അപ് ഗ്രൂപ്പിൽ വന്നത്.
ചോദ്യങ്ങൾ ഒഴിവാക്കുന്ന രീതിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ വിദ്യാർത്ഥികളോട് ചോദ്യങ്ങൾ വേണ്ടെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതികരണം. ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികളാണ് സി എം അറ്റ് കാമ്പസ് പരിപാടിയിൽ പങ്കെടുക്കുക. ഇതിൽ 15 പേർക്കാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം. വിമർശനാത്മകമായ ചോദ്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎം അറ്റ് കാമ്പസ് പരിപാടിയിൽ ചോദ്യങ്ങൾതന്നെ ഒഴിവാക്കിയതെന്ന വിമർശമാണ് ഇപ്പോൾ ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ