ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിന്ധിൽ നിന്നുള്ള കർഷകനായ കരംവീർ സിങ് തിക്രിയിലെ പ്രക്ഷോഭ ഭൂമിയിലാണ് ആത്മഹത്യ ചെയ്തത്. എഴുപത്തിനാലം ദിവസം പിന്നിടുന്ന കർഷക പ്രക്ഷോഭത്തിനിടെ ആറാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്. 52കാരനായ കരംവീർ സിങ് തൂങ്ങിമരിക്കുകയായിരുന്നു.

സമരവേദിക്ക് സമീപത്തെ പാർക്കിലെ മരത്തിലാണ് കരംവീറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാർഷക നിയമങ്ങൾ മോദി സർക്കാർ എന്ന് പിൻവലിക്കുമെന്ന് അറിയില്ലെന്നും സമരം വിജയം കണ്ട ശേഷമേ കർഷകർ മടങ്ങാവുവെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് വ്യക്തമാക്കി.

കരംവീർ സിങ്ങിനെ തിക്രി അതിർത്തിക്കടുത്തുള്ള പാർക്കിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിന്ദിലെ സിങ്വാൾ ഗ്രാമത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. "മരിച്ചയാൾ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബം വന്ന് അവരുടെ സമ്മതം നൽകിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അന്വേഷണത്തിൽ ഇതുവരെ സംശയാസ്പദമായ മറ്റ് കാര്യങ്ങളൊന്നും ശ്രദ്ധയിൽ പെ‌ട്ടിട്ടില്ല "- ഇൻസ്പെക്ടർ സുനിൽ കുമാർ പറഞ്ഞു.

"ഭാരതീയ കിസാൻ യൂണിയൻ സിന്ദാബാദ്" എന്നാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. "പ്രിയ കർഷക സഹോദരന്മാരേ, ഈ മോദി സർക്കാർ തീയതികൾ നൽകുന്നത് തുടരുകയാണ്. ഈ കറുത്ത നിയമങ്ങൾ എപ്പോൾ റദ്ദാക്കപ്പെടുമെന്ന് ഊഹിക്കാൻ കഴിയില്ല. ഈ കരിനിയമങ്ങൾ റദ്ദാക്കപ്പെടുന്നതുവരെ നാം ഇവിടെ നിന്ന് പോകരുത് "- കുറിപ്പിൽ പറയുന്നു.