- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് തവണ ഇഞ്ചക്ഷൻ നൽകിയിട്ടും അപസ്മാരം കുറഞ്ഞില്ല; ആദ്യ സൂചന നൽകിയത് എംഅർഎ സ്കാൻ; കോഴിക്കോട്ടെ നിപ ബാധയുടെ അനുഭവങ്ങൾ വിവരിച്ച് ഡോക്ടർ; സമ്പർക്ക പട്ടികയിലുള്ളവർക്ക് നെഗറ്റീവ് ആകുന്നതിൽ ആശ്വാസം
കോഴിക്കോട്: നിപ സമ്പർക്കപട്ടികയിൽ ഫലങ്ങൾ നെഗറ്റീവ് ആകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകരും നാട്ടുകാരും. കോവിഡ് മഹാമാരിക്കിടയിൽ നിപ കൂടി റിപ്പോർട്ട് ചെയ്തതോടെ ആശങ്കയിലേക്ക് വീണുപോകുകയായിരുന്നു ജനങ്ങൾ. എന്നാൽ ഇന്ന് വന്ന സമ്പർക്കപ്പട്ടികയിലെ ഫലങ്ങൾ എല്ലാം തന്നെ നെഗറ്റീവ് ആയത് നൽകുന്ന ആശ്വാസം ചെറുതല്ല. ഈ സാഹചര്യത്തിൽ മൂന്നാമതും നിപ റിപ്പോർട്ട് ചെയത് ദിവസത്തെ അനുഭവങ്ങൾ വിവരിക്കുകയാണ് കുട്ടിയെ പരിശോധിച്ച ഡോക്ടർ സ്മിലു മോഹൻലാൽ.
മരുന്ന് നൽകിയിട്ടും അസാധാരണ അപസ്മാരം തുടർന്നതാണ് നിപ സംശയമുണ്ടായതെന്ന് കോഴിക്കോട് മരിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടർ പറയുന്നു.ആവർത്തിച്ചുള്ള അപസ്മാരം മരുന്ന് നൽകിയിട്ടും മാറിയില്ലെന്നും പിന്നീട് നടത്തിയ സ്‌കാനിംഗിൽ നിന്ന് ലഭിച്ച റിപ്പോർട്ടും നിപ സൂചനകളിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നും ഡോ. സ്മിലു വ്യക്തമാക്കുന്നു.
''സാധാരണയായി അപസ്മാരം കാണാറുണ്ട്. തുടർച്ചയായുള്ള അപസ്മാരമുണ്ടായാൽ രണ്ട് തവണ മരുന്ന് നൽകിയാൽ നിയന്ത്രിക്കാനാവും എന്നാൽ ഈ കുട്ടിയുടെ കാര്യം അങ്ങനെയല്ല. രണ്ട് തവണ തുടർച്ചയായി ഇഞ്ചക്ഷൻ നൽകി, അപസ്മാരത്തിനുള്ള മരുന്നും നൽകിയിട്ടും ഇത് മാറിയില്ല. പിന്നെ എംആർഎ സ്‌കാനിലും നിപ സൂചനയുണ്ടായിരുന്നു. ആവർത്തിച്ചുള്ള അപസ്മാരം തന്നെയായിരുന്നു പ്രധാന ലക്ഷണം.''
അതേസമയം പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി നിപ രോഗബാധ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂർണ്ണമായും അടച്ചിടും. പ്രദേശത്ത് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ന് ചേർന്ന് അവലോകന യോഗത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരാനാണ് യോഗത്തിലെ തീരുമാനം. അവശ്യ സർവ്വീസുകൾക്കും പരീക്ഷകൾക്കും മറ്റുമായി പുറത്തുപോകുന്നതിന് തടസമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
ചാത്തനൂർ പഞ്ചായത്തിൽ കണ്ടെയിൽമെന്റ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂർ, മാവൂർ, കാരശ്ശേരി പഞ്ചായത്തിലെ റോഡുകൾ അടയ്ക്കുന്നതിനൊപ്പം എല്ലാ റോഡുകളിലും നിയന്ത്രണം കർശനമാക്കും. പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് കളക്ടർ ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശങ്ങളിൽ പൊലീസ് നിയന്ത്രണവും നടപ്പിലാക്കും.
ഇനി മുന്ന് സാംപിളുകളുടെ ഫലം കൂടി പുറത്ത് വരാനുണ്ട്. കോഴിക്കോട് സജ്ജീകരിച്ച ലാബിലെ ഫലങ്ങൾ പൂണെയിൽ വീണ്ടും പരിശോധിച്ച് ഫലം ഉറപ്പാക്കുന്ന നിലയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കോഴിക്കോട് 31, വയനാട് 4, എറണാകുളം 1, മലപ്പുറം 8 കണ്ണൂർ 3, പാലക്കാട് 1 എന്നിങ്ങനെയാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ കണക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ