- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂത്രാശയത്തിലെ കല്ലിന് പകരം ഡോക്ടർ നീക്കിയത് വൃക്ക; നാലുമാസത്തിനകം രോഗി മരിച്ചു; ഡോക്ടറുടെ പിഴവിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നൽകേണ്ടത് 11.23 ലക്ഷം
അഹമ്മദാബാദ്: ശസ്ത്രക്രിയയിലൂടെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം ഡോക്ടർ നീക്കം ചെയ്തത് വൃക്ക. ഗുജറാത്തിൽ ഡോക്ടറുടെ ചികിത്സാ പിഴവിൽ രോഗി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി. മരിച്ച രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടാണ് കോടതി ആവശ്യപ്പെട്ടത്. ബലാസിനോറിലെ കെഎംജി ജനറൽ ആശുപത്രിക്കാണ് പിഴ ചുമത്തിയത്.
വൃക്ക നീക്കം ചെയ്ത് നാലുമാസം കഴിഞ്ഞപ്പോൾ രോഗി മരിച്ചതോടെയാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്. ഖേദ ജില്ലയിൽ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സയിലെ പിഴവ് മൂലം മരിച്ചത്. 2011ലാണ് റാവൽ കടുത്ത പുറംവേദനയും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുമായി കെഎംജി ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ ഇടത് വൃക്കയിൽ 14 മില്ലിമീറ്റർ വലിപ്പമുള്ള കല്ല് കണ്ടെത്തി. കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും നിർദേശിച്ചു.
സെപ്റ്റംബർ 3ന് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയമാവുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇടത് വൃക്കയാണ് ഡോക്ടർ എടുത്ത് മാറ്റിയത്. ഇതിനെത്തുടർന്ന് നാല് മാസങ്ങൾക്ക് ശേഷം രോഗി മരിക്കുകയായിരുന്നു.
കല്ലിന് പകരം വൃക്ക നീക്കം ചെയ്തതായി ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്തതെന്നും ഡോക്ടർ വാദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷവും മൂത്രം ഒഴിക്കുന്നതിന് റാവലിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ പോയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് 2012 ൽ റാവലിന് മരണം സംഭവിക്കുകയായിരുന്നു.
തുടർന്നാണ് ദേവേന്ദ്രഭായ് റാവലിന്റെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങിയത്. ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച മൂലമാണ് റാവലിന് മരണം സംഭവിച്ചതെന്ന നിഗമനത്തിൽ വീട്ടുകാർ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്റെ ഭാര്യയ്ക്ക് നൽകണമെന്ന് കോടതി വിധിച്ചു.
ഇതിനെ ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനിയും ആശുപത്രിയും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കായി ആശുപത്രി ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിലും രോഗി മരിക്കാൻ കാരണം ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയോട് മുഴുവൻ തുകയും നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.