- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ ഇവിടെന്ന് ഇറങ്ങിപോടാ; വീഡിയോ എടുത്താൽ മുട്ടുകാൽ തല്ലിയൊടിക്കും': കൈയ്ക്ക് പരിക്കു പറ്റിയതിന് എക്സ്റെ എടുപ്പിച്ചത് കാലിന്; ചോദ്യം ചെയ്ത രോഗിയോട് ഗുണ്ടായിസം; അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം:അപകടത്തിൽ പരിക്ക് പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ രോഗിയോടും ബന്ധുക്കളോടും അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക് സസ്പെൻഷൻ. ഡോക്ടർ അനന്തകൃഷ്ണനെതിരെയാണ് നടപടി. പരിക്ക് പറ്റി എത്തിയ രോഗിയോട് ആണ് പിജി ഡോക്ടറായ അനന്തകൃഷണൻ മോശമായി പെരുമാറിയത്.
അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയെയാണ് യുവഡോക്ടർ ഭീഷണിപ്പെടുത്തിയത്. അസ്ഥിരോഗ വിഭാഗത്തിൽ പിജി ഡോക്ടറായ ഹരികൃഷ്ണൻ രോഗികളോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. രോഗിയോട് ഇവിടെന്ന് ഇറങ്ങിപോകാനും തന്നെ ഇവിടെ ചികിൽസിക്കില്ലെന്നുമൊക്കെ പറയുന്ന ഭാഗങ്ങൾ വീഡിയോയിലുണ്ട്.
അപകടത്തിൽ പരിക്ക് പറ്റി ചികിൽസയ്ക്ക് എത്തിയ രോഗിയുടെ കാലിന്റെ എക്‌സ് റേ എടുക്കുന്നതിനാണ് ഡോ. ഹരികൃഷ്ണൻ നിർദ്ദേശിച്ചത്. ഡോക്ടർ നൽകിയ കുറിപ്പനുസരിച്ച് കാലിന്റെ എക്‌സ് റേയുമായി രോഗി വീണ്ടും കാണാനെത്തിയപ്പോൾ കൈയ്ക്ക് പരിക്ക് പറ്റിയതിന് എന്തിനാണ് കാലിന്റെ എക്‌സ് റേ. ഒന്നുകൂടി പോയി കൈയുടെ എക്‌സ് റേ എടുക്കാൻ ആവശ്യപ്പെട്ടു. ഇത് രോഗി ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടർ ക്ഷുഭിതനായത്. പറഞ്ഞത് പോലെ ചെയ്യാൻ പറ്റില്ലെങ്കിൽ താൻ ഇവിടെ നിന്നും ഇറങ്ങി പോകണമെന്നും, തന്നെ നോക്കാൻ സൗകര്യമില്ലെന്നും തന്നെപോലുള്ള ഒരുപാടെണ്ണത്തിനെ ദിവസവും കാണുന്നതാണെന്നും 'ഹരികൃഷ്ണൻ പറയുന്നത് വീഡിയോയിലുണ്ട്.
ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് കണ്ട് ഇതിനകത്ത് കയറി വീഡിയോ എടുത്താൽ തന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ഡോക്ടർ ഭീഷണി മുഴക്കുന്നുണ്ട്. എന്നിട്ടും വീഡിയോ പകർത്തുന്നത് തുടർന്നപ്പോൾ ഡോക്ടർ മാസ്‌ക് മാറ്റി ഇതാണ് എന്റെ മുഖം, എന്ന് എടുക്ക് എന്ന് പറയുകയും അസഭ്യപദങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
കൈയ്ക്ക് പരിക്ക് പറ്റിയ രോഗിയെ കാലിന്റെ എക്‌സ് റേ എടുക്കാൻ നിർദ്ദേശിക്കുന്നത് ഡോക്ടർക്ക് പറ്റിയ പിഴവാണ്. തെറ്റ് അംഗീകരിക്കുന്നതിന് പകരം രോഗിയെ അസഭ്യം പറയുകയും ചികിൽസ നിഷേധിക്കുകയും ചെയ്തത് ഗുരുതരമായ കുറ്റമാണ്. അത് മെഡിക്കൽ എത്തിക്‌സിന് നിരക്കുന്നതല്ലെന്ന് വിമർശനം ഉയർന്നിരുന്നു.
ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ അത്തരത്തിൽ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ വിശദീകരണം.
ആശുപത്രി അധികൃതർക്കും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ അറിയിച്ചത്. വീഡിയോ കണ്ടിരുന്നു. വീഡിയോയിൽ കാണുന്നത് പിജി ഡോക്ടറായ ഡോ. ഹരികൃഷ്ണനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെയെത്തുന്ന രോഗികളോട് ഏത് സാഹചര്യത്തിലായാലും ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാനാകില്ല. അത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചിരുന്നു.
വീഡിയോ കണ്ട ആരോഗ്യവകുപ്പ് മന്ത്രി എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ.
തിരുവനന്തപുരം മെഡിക്കൽ കോളേജിനെ പറ്റി വ്യാപക ആക്ഷേപമാണ് ഉയരുന്നത്. കൂട്ടിരിപ്പുകാരെ സെക്യൂരിറ്റിക്കാർ കൈയേറ്റം ചെയ്തതും മറ്റും വാർത്തയായി. എന്നാൽ മെഡിക്കൽ കോളേജ് പൊലീസ് പോലും അടിക്കുന്നവർക്കെതിരെയും അടികിട്ടുന്നവർക്കെതിരേയും കേസെടുക്കും. അങ്ങനെ കൗണ്ടർ കേസിന്റെ പിൻബലത്തിൽ എല്ലാം ആവിയാക്കും. ഈ ധൈര്യത്തിലാണ് ആശുപത്രിയിലെത്തുന്നവരോട് ഡോക്ടർമാരുടെ ക്രൂരതകൾ. ഡി ആർ ഫാൻസ് എന്ന് അറിയപ്പെടുന്ന ഒരു വിഭാഗമാണ് മെഡിക്കൽ കോളേജിൽ എല്ലാം നിയന്ത്രിക്കുന്നത്. ഈ ഗ്രൂപ്പിൽ ചേർന്നാൽ പിന്നെ ആരേയും ഭയക്കേണ്ടതുമില്ല,
ഒരു കുടുംബത്തിലെ നാലു പേരടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നത് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. എന്നാൽ ഇതൊന്നും സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. ഇതോടെ ഡി ആർ ഫാൻസിന് ആരാധകരും കൂടി. ഇവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാകുന്നു.
മറുനാടന് മലയാളി ബ്യൂറോ