- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി; നായയെ കാറിന് പിന്നിൽ കെട്ടിയിട്ട് കാറോടിച്ചത് വേഗത്തിൽ; തളർന്ന് റോഡിൽ വീണിട്ടും വലിച്ചിഴച്ചു; മനുഷ്യത്വമില്ലാത്ത കുറ്റവാളിയെ തേടി സോഷ്യൽ മീഡിയ
നായയെ കഴുത്തിൽക്കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് മിണ്ടാപ്രാണിയോട് ഈ കൊടുംക്രൂരത. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഓടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..'. ഈ വിഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ച് സാമൂഹ്യപ്രവർത്തക അഡ്വ.രശ്മിത രാമചന്ദ്രൻ എഴുതിയ കുറിപ്പിൽ പറയുന്നു. 04842474057 എന്ന നമ്പറിൽ ചെങ്ങമനാട് പൊലീസ് സ്റേറഷനുമായി ബന്ധപ്പെട്ടപ്പോൾ ചില മൃഗ സ്നേഹി സംഘടനകൾ ഇടപെട്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നെന്നും അറിഞ്ഞു. വാഹനം കണ്ടെടുത്തെന്നും പ്രതിയെ കാണാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു- രശ്മിത രാമചന്ദ്രൻ കുറിച്ചു, സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.
മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി... നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ...
Posted by Resmitha Ramachandran on Friday, December 11, 2020