ഡോളർ മുഖ്യൻ രാജിവെക്കൂ.. ഡോളർ രാജാ രാജി വെക്കൂ, വീട്ടിൽ പോകൂ..! ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് തള്ളി സ്പീക്കർ; സഭയിൽ അല്ലെങ്കിൽ മറ്റെവിടെ ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഡോളർ കടത്തിയെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാകുന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭ പരിഗണിച്ചില്ല. നോട്ടീസ് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും അത്തരം വിഷയങ്ങൾ സഭയിൽ പരിഗണിക്കാൻ അനുമതി നൽകാനാകില്ലെന്നും സ്പീക്കർ വിശദമാക്കി കൊണ്ടാണ് നോട്ടീസ് തള്ളിയത്.
കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുകയെന്നും വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.
ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നൽകിയതെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ഡോളർ രാജ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഡോളർ മുഖ്യൻ രാജി വെക്കൂ.. ഡോളാർ രാജാ രാജിവെക്കൂ.. തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്. സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നു സമരം നടത്തുകയാണ്. സഭയ്ക്ക് പുറത്ത് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിക്കുകയാണ് പ്രതിക്ഷം.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ,സരിത് എന്നിവർക്ക് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഡോളർ കടത്തിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടു എന്ന് പറഞ്ഞത്. ഇതാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്നാണ് സ്വർണകടത്തു കേസ് പ്രതി സ്വപ്നയുടെ മൊഴി നൽകിയത്. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്നയുടെ മൊഴിയിൽ ഉള്ളത്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി.
യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് ഹെഡായ ഖാലിദ് പ്രതിയായ ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആറു പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിലാണ് മൊഴികളുള്ളത്. ജൂലൈ 29 ന് കസ്റ്റംസ് അയച്ച ഷോകോസ് നോട്ടീസിന്റെ പകർപ്പ് മീഡിയാവൺ ചാനലാണ് പുറത്തുവിട്ടത്. യുഎഇയിൽ എത്തിയ ഒരു പാക്കറ്റ് പൊതു ഭരണ വകുപ്പിലെ ഉദ്യേഗസ്ഥനായ ഹരികൃഷ്ണനിൽ നിന്ന് വാങ്ങിയെന്നും ഇതാണ് അഹമ്മദ് അൽദൗഖി വഴി മുഖ്യമന്ത്രിക്കായി യു.എ.ഇയിൽ എത്തിച്ചതെന്നും സരിതിന്റെ മൊഴിയിൽ പറയുന്നു.
ഹരികൃഷ്ണൻ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറാണ്. ഈ പാക്കറ്റ് സ്‌കാൻ ചെയ്തപ്പോൾ ഒരു ബണ്ടിൽ കറൻസി കണ്ടതായും സരിതിന്റെ മൊഴിയിലുണ്ട്. ഈ പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി. അഹമ്മദ് അൽദൗഖി വഴി ഈ പാക്കറ്റ് യു.എ.ഇയിലുള്ള മുഖ്യമന്ത്രിക്ക് എത്തിച്ചു നൽകുകയായിരുന്നു.
പാക്കറ്റ് യു.എ.ഇയിലേക്ക് എത്തിച്ചു നൽകിയതായി എ.ശിവശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതിൽ വിദേശത്തുള്ളവർക്ക് നൽകാനുള്ള സമ്മാനങ്ങളായിരുന്നുവെന്നും വിദേശ കറൻസി ആയിരുന്നില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. മുഖ്യമന്ത്രി പോകുന്ന സമയത്ത് ഒരു സമ്മാനം മാത്രമാണ് തയാറായിരുന്നതെന്നും മൂന്ന് സമ്മാനങ്ങൾ കൂടി അവിടെ എത്തിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മാനം ആരു വഴിയാണ് എത്തിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 1.9 ലക്ഷം യുഎസ് ഡോളർ ഒളിപ്പിച്ചിരുന്നതു 3 ബാഗുകളിലായാണെന്നും മസ്‌കത്ത് വിമാനത്താവളത്തിൽ വച്ച് ഇത് സിഗരറ്റ് പായ്ക്കറ്റിലേക്കു മാറ്റിയതായും സ്വപ്നയുടെ മറ്റൊരു മൊഴിയിൽ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ