- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു; ലോകത്തിൽ ആദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്'; അപൂർവ രോഗത്തോട് പൊരുതി ഡോക്ടറായ ഫാത്തിമ അസ് ല വിവാഹിതയായി; ഫിറോസിനെ ജീവിത പങ്കാളിയായി കൂട്ടുമ്പോൾ ഫാത്തിമ പറയുന്നു സഹതാപം വേണ്ട അംഗീകാരം മതി
തിരുവനന്തപുരം: ജീവിതം ഉയർത്തുന്ന വെല്ലുവിളികളിൽ തളർന്നുപോകുന്നവർക്ക് കാട്ടി കൊടുക്കാൻ പ്രകാശം പരത്തുന്ന ചിലരുണ്ടാവും. പ്രതിസന്ധിയിൽ തളരാതെ പോരാടി ജയിക്കുന്നവർ. അർബുദം ബാധിച്ച് ശരീരമാകെ തളരുമ്പോഴും, ജീവിതത്തെ പോസിറ്റീവായി കണ്ട നന്ദുവിനെ ഓർമയില്ലേ. അതുപോലെ നടി ശരണ്യ. അവരെല്ലാം പൊലിഞ്ഞു പോയെങ്കിലും ആ നല്ല ഓർമകൾ ഇപ്പോഴും. വിധി എന്തുമാകട്ടെ അതിനോട് പോരാടി ചിരിച്ചുകൊണ്ട് നേരിടുന്ന ഒരാളാണ് ഡോക്ടർ ഫാത്തിമ അസ്ല.
എല്ലുകൾ പൊടിയുന്ന അപൂർവ രോഗം സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടന്ന്, ഫാത്തിമ ഡോക്ടറായത് ഇക്കഴിഞ്ഞ മെയിലാണ്. അന്ന് ഫാത്തിമ ഇട്ട കുറിപ്പ് വൈറലായിരുന്നു വീൽചെയറിൽ ജീവിക്കുന്ന അസ്ലയ്ക്കു മെഡിക്കൽ പഠനത്തിനു യോഗ്യതയില്ലെന്ന് ഒരിക്കൽ മെഡിക്കൽ ബോർഡ് വിധിയെഴുതിയതാണ് ഒരിക്കൽ. ആ പ്രതിസന്ധിയും മറികടന്നായിരുന്നു വിജയം. ഇപ്പോൾ തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ പറ്റിയാണ് ഫാത്തിമയുടെ ഹൃദയ സ്പർശിയായ കുറിപ്പ്.
തന്റെ ജീവിത പങ്കാളിയായ ഫിറോസിനെ പ്രണയിക്കുന്ന കാലം മുതലേ വിവാഹിതരാകുമ്പോൾ മഹറായി പൊന്നു വേണ്ടെന്ന് ഫാത്തിമ നിശ്ചയിച്ചിരുന്നു. താനേറ്റവും കൂടുതൽ താനായിരിക്കുന്ന വീൽ ചെയർ ആയിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നു. ഒടുവിൽ വീൽചെയർ തന്നെ മഹറായി ലഭിച്ചു.
വീൽചെയർ കാണുമ്പോൾ കൗതുകത്തോടെ നോക്കുകയും അതിലിരിക്കുന്നവരോട് സഹതാപം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സമൂഹത്തിന് മുന്നിൽ ഇത് സാധാരണമാണെന്ന് കാണിക്കണമായിരുന്നു. വീൽചെയറിലിരിക്കുന്നവരെല്ലാം വിഷമിച്ച് കഴിയുന്നവരാണെന്ന ധാരണയുള്ളവരുണ്ട്. അത്തരം ചിന്താഗതികളെല്ലാം പൊളിച്ചടുക്കുകയായിരുന്നു ഉദ്ദേശം. എല്ലാ മനുഷ്യരേയും പോലെ തന്നെയാവണം ഭിന്നശേഷിക്കാരേയും കാണേണ്ടത്.
ഒരു പക്ഷേ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്. അത് മഹറായി തരുമ്പോൾ അത് എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്.' ഫാത്തിമ കുറിച്ചു.
ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു. ഒരു പക്ഷേ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി.
വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്. അത് മഹറായി തരുമ്പോൾ അത് എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്.വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്. മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ.
വീൽചെയറിൽ ജീവിക്കുന്ന അസ്ലയ്ക്കു മെഡിക്കൽ പഠനത്തിനു യോഗ്യതയില്ലെന്ന് മെഡിക്കൽ ബോർഡ് വിധിയെഴുതിയതാണ് ഒരിക്കൽ. ആ പ്രതിസന്ധിയും മറികടന്നാണ് ഡോക്ടറായത്.
പൂനൂർ വട്ടിക്കുന്നുമ്മൽ അബ്ദുൽ നാസറിന്റെയും അമീനയുടെയും മകളാണു ഫാത്തിമ. 3 സഹോദരങ്ങൾ. ഓസ്റ്റിയയോജെനിസിസ് ഇംപെർഫെക്ട (ഒഐ) അഥവാ എല്ലു പൊടിയുന്ന രോഗമാണ് ഫാത്തിമയ്ക്കെന്ന് 3 ദിവസം പ്രായമുള്ളപ്പോഴാണു തിരിച്ചറിഞ്ഞത്. കോട്ടയം എൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജിൽ നിന്നാണ് ഫാത്തിമ തന്റെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. പഠനത്തിനും മറ്റ് ക്രിയാത്മക- സാമൂഹ്യ പ്രവർത്തനങ്ങൾക്കുമെല്ലാം ഇവർ പൂർണപിന്തുണയാണ്. ഒപ്പം ഒരു സംഘം കൂട്ടുകാരും അസ്ലയ്ക്ക് കരുത്തായി കൂടെയുണ്ട്. വീൽചെയറിലിരുന്ന് കൊണ്ട് ആകെ ലോകത്തോടും അസ്ല സംവദിക്കും. സോഷ്യൽ മീഡിയയിലും സജീവമാണ് അസ്ല. ഇതിനിടെ അസ്ലയുടെ 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി'യെന്ന ആദ്യപുസ്തകവും പുറത്തുവന്നിരുന്നു.
ജീവിത പങ്കാളിയായി കിട്ടിയതും തന്നെ പോലെ ചിന്തിക്കുകയും സമീപിക്കുകയും ചെയ്യുന്ന ഫിറോസിനെ. ഒരു ചങ്ങാതി വഴിയാണ് ഫിറോസിനെ പരിചയപ്പെടുന്നത്. ഫിറോസിന്റെ കുടുംബത്തിന്റെ പൂർണ പിന്തുണ ഉള്ളതുകൊണ്ടാണ് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ വഴിയൊരുങ്ങിയത്. ഭിന്നശേഷിക്കാരിയായ കുട്ടിയെ പങ്കാളിയായി മകനു വേണ്ടെന്ന് അവർ കരുതിയില്ല. ഭിന്നശേഷിക്കാരെ പങ്കാളികളായി സ്വീകരിക്കുന്നതിൽ അസ്വാഭാവികത കണ്ടെത്തുന്നതുപോലെ തന്നെ ജാതിയും മതവും ജെൻഡറുമൊക്കെ ഇന്നത്തെ കാലത്തും വിഷയങ്ങളാകുന്നുണ്ട്. സത്യത്തിൽ ആരെ വിവാഹം കഴിക്കണം പ്രണയിക്കണം എന്നതെല്ലാം വ്യക്തിപരമായ തീരുമാനം മാത്രമാണ്. അതിലെന്തിനാണ് മൂന്നാമതൊരാൾ ഇടപെടുന്നത്- ഡോ.ഫാത്തിമ അസ് ല ചോദിക്കുന്നു.
ഹൗസ് സർജൻസി കഴിഞ്ഞാൽ പിജിക്ക് പോകണം. ആർട്ടിസ്റ്റായ ഫിറോസിനൊപ്പം സ്വപ്നം കണ്ട ജീവിതം ആഘോഷിക്കണം.
മറുനാടന് മലയാളി ബ്യൂറോ